'കൊച്ചുമക്കൾ വിശന്നിരിക്കുന്നത് കാണാൻ വയ്യ'; വടിചുഴറ്റി അഭ്യാസപ്രകടനം നടത്തി 85കാരിയായ വയോധിക; വൈറലായി വീഡിയോ
കുടുംബത്തിന്റെ പട്ടിണി മാറ്റാൻ വേണ്ടിയാണ് ഈ പ്രായത്തിലും തെരുവിൽ അഭ്യാസ പ്രകടനം നടത്തുന്നതെന്ന് ശാന്താ ഭായി പറയുന്നു.
മുംബൈ: മാസ്ക് ധരിച്ച് തെരുവിൽ വടി ചുഴറ്റി അഭ്യാസ പ്രകടനം നടത്തുന്ന വയോധികയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറൽ. പൂനെ സ്വദേശിനിയായ 85 വയസ്സുള്ള ശാന്താഭായി പവാർ എന്നയാളാണിത്. കുടുംബത്തിന്റെ പട്ടിണി മാറ്റാൻ വേണ്ടിയാണ് ഈ പ്രായത്തിലും തെരുവിൽ അഭ്യാസ പ്രകടനം നടത്തുന്നതെന്ന് ശാന്താ ഭായി പറയുന്നു.
വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിനെ തുടർന്ന് നിരവധി പേരാണ് ഇവർക്ക് സഹായവുമായി എത്തിച്ചേർന്നിരിക്കുന്നത്. ബോളിവുഡ് നടൻ റിതേഷ് ദേശ്മുഖ് വാരിയർ ആജി എന്ന തലക്കെട്ടോടെ ഈ വീഡിയോ ഷെയർ ചെയ്തിരുന്നു. 'അഭ്യാസ പ്രകടനങ്ങളെല്ലാം കുടുംബപരമായി പകർന്നുകിട്ടിയതാണ്. എട്ട് വയസ്സുള്ള പിതാവിൽ നിന്നാണ് ഇക്കാര്യങ്ങളെല്ലാം പഠിച്ചത്. മുന്നോട്ട് ജീവിക്കുന്നത് ഇവയെല്ലാം കൊണ്ടാണ്. കുടുംബത്തിന്റെ ഉപജീവനമാർഗവും ഇതാണ്. പിതാവ് മരിച്ചതിന് ശേഷം ഇവയെല്ലാം എനിക്കാണ് ലഭിച്ചത്.' ശാന്താഭായി പറഞ്ഞു.
കൊവിഡ് വ്യാപനം രൂക്ഷമായതോടെ ഇത്തരത്തിലുള്ള തെരുവുകലാകാരൻമാരും അഭ്യാസ പ്രകടനം നടത്തി ജീവിക്കുന്നവരും പട്ടിണിയിലാണ്. 'എനിക്ക് പ്രായാധിക്യമുണ്ടെന്നും അതിനാൽ പുറത്ത് പോകരുതെന്നും കൊറോണ രോഗബാധയ്ക്ക് സാധ്യതയുണ്ടെന്നും എന്നോട് നിരവധി പേർ പറഞ്ഞു. പക്ഷേ എന്റെ കൊച്ചുമക്കൾ പട്ടിണിയോട് പൊരുതുന്നത് കാണാൻ വയ്യ. അതുകൊണ്ടാണ് വീണ്ടും അഭ്യാസ പ്രകടനത്തിനായി ഇറങ്ങിയത്. ശാന്തയുടെ വാക്കുകൾ. 'നിരവധി പ്രമുഖരായ വ്യക്തികളും ശാന്താഭായിയുടെ വീഡിയോ ഷെയർ ചെയ്തിട്ടുണ്ട്.