ഒരു ലക്ഷം ചോരക്കുഞ്ഞുങ്ങളെ ഏറ്റുവാങ്ങിയ നഴ്സ് മുത്തശ്ശി; കരുതലിന്റെ കെടാവിളക്ക്
കുഞ്ഞിനെ അമ്മയുടെ കയ്യിൽ സുരക്ഷിതമായി ഏൽപ്പിക്കുന്നതിനായി മാലാഖമാരെ പോലെ അവർ കാത്തിരിക്കും. കൊടുങ്ങല്ലൂരിലെ സെലിൻ തോമസ് എന്ന 80 വയസുകാരി മുത്തശ്ശിയും വർഷങ്ങളോളം ഇങ്ങനെ കാത്തിരിന്നിട്ടുണ്ട്.
തൃശ്ശൂർ: കരുതലിന്റെ കെടാവിളക്കാണ് നമ്മൾ മാലാഖമാരെന്ന് വിളിക്കുന്ന നഴ്സുമാർ. ഒരു കുഞ്ഞ് ജനിക്കുന്നത് മുതൽ അമ്മയും കുഞ്ഞും സുഖമായി ആശുപത്രി വിടുന്നത് വരെ കരുതലായി നഴ്സുമാർ കൂടെയുണ്ടാകും. പ്രസവമുറിയിൽ അമ്മയെ പോലെ കുഞ്ഞിനായി കാത്തുനിൽക്കുന്നവരാണ് അവർ. കുഞ്ഞിനെ അമ്മയുടെ കയ്യിൽ സുരക്ഷിതമായി ഏൽപ്പിക്കുന്നതിനായി മാലാഖമാരെ പോലെ അവർ കാത്തിരിക്കും. കൊടുങ്ങല്ലൂരിലെ സെലിൻ തോമസ് എന്ന 80 വയസുകാരി മുത്തശ്ശിയും വർഷങ്ങളോളം ഇങ്ങനെ കാത്തിരിന്നിട്ടുണ്ട്.
സർക്കാർ-സ്വകാര്യ മേഖലകളിലായി അൻപത് വർഷം നഴ്സായി സേവനമനുഷ്ഠിച്ച സെലിൻ ഇതുവരെ ഒരു ലക്ഷത്തിനടുത്ത് പ്രസവം എടുത്തിട്ടുണ്ട്. ആലപ്പുഴ സ്വദേശിയായ സെലിൻ 1959-ലാണ് പൊയ്യയിലെ സർക്കാർ ഡിസ്പെൻസറിയിലെത്തിയത്. 33 വർഷം സര്‍ക്കാര്‍ സർവ്വീസിലും 17 വർഷം സ്വകാര്യ ആശുപത്രികളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ഡോക്ടർമാർ നന്നേ കുറവായിരുന്ന അക്കാലത്ത് പ്രധാന ശസ്ത്രക്രിയകൾ ഒഴികെ ബാക്കി ജോലികളെല്ലാം ചെയ്തിരുന്നത് നഴ്സുമാരായിരുന്നു. പ്രസവങ്ങൾ നോക്കിയിരുന്നതും നഴ്സുമാർ തന്നെ. പുതിയ കാലത്ത് സിസേറിയനുകൾ വർധിക്കുന്നതിൽ തനിക്ക് ആശങ്കയുണ്ടെന്നും നഴ്സ് മുത്തശ്ശി പറഞ്ഞു. നഴ്സുമാർ നേരിടുന്ന പ്രതിസന്ധി വേദനിപ്പിക്കുന്നതാണെന്നും ഇത് പരിഹരിക്കണമെന്നും സെലിൻ ഓർമ്മപ്പെടുത്തുന്നു.