നിയമ സംരക്ഷണം നഷ്ടപ്പെട്ട് ട്വിറ്റര്‍; ഇനി ട്വിറ്ററിന് ഇന്ത്യയില്‍ സംഭവിക്കാന്‍ പോകുന്നത് ഇതാണ്.!

ട്വിറ്ററിന് ഐടി നിയമത്തിന്‍റെ സംരക്ഷണം ഇനിയില്ലെന്ന് കേന്ദ്രം വ്യക്തമാക്കി. സർക്കാർ മാർഗ്ഗനിർദ്ദേശം പാലിക്കാത്ത സാഹചര്യത്തിൽ കടുത്ത നടപടിയെടുക്കാനുള്ള തീരുമാനം.

What Twitters failure to comply with Govt guidelines means, and twitter india future

ഐടി ആക്ട് പ്രകാരമുള്ള പുതിയ മാര്‍ഗ്ഗ നിര്‍ദേശങ്ങള്‍ അനുസരിക്കാന്‍ ട്വിറ്റര്‍ പരാജയപ്പെട്ടതോടെ വലിയ തോതിലുള്ള പ്രതിസന്ധിയിലേക്കാണ് ഇന്ത്യയില്‍ മൈക്രോ ബ്ലോഗിംഗ് രംഗത്തെ അതികായന്മാരായ ട്വിറ്റര്‍ നീങ്ങുന്നത്. പുതിയ വാര്‍ത്തകള്‍ അനുസരിച്ച് സാമൂഹിക മാധ്യമമായ ട്വിറ്ററിനെതിരെ കർശന നടപടിക്കൊരുങ്ങുകയാണ് കേന്ദ്ര സർക്കാർ. 

ട്വിറ്ററിന് ഐടി നിയമത്തിന്‍റെ സംരക്ഷണം ഇനിയില്ലെന്ന് കേന്ദ്രം വ്യക്തമാക്കി. സർക്കാർ മാർഗ്ഗനിർദ്ദേശം പാലിക്കാത്ത സാഹചര്യത്തിൽ കടുത്ത നടപടിയെടുക്കാനുള്ള തീരുമാനം. ഐടി ചട്ടം  പ്രാബല്യത്തിൽ വന്നതിന് പിന്നാലെ സാമൂഹിക മാധ്യമ കമ്പനികളെല്ലാം ചീഫ് കംപ്ലയ്ൻസ് ഉദ്യോഗസ്ഥനെ നിയമിച്ച് അറിയിക്കണമെന്ന് കേന്ദ്രം ഉത്തരവിട്ടിരുന്നു.

മറ്റ് സാമൂഹിക മാധ്യമ കമ്പനികളെല്ലാം ഉദ്യോഗസ്ഥനെ നിയമിച്ച് കേന്ദ്രത്തെ അറിയിച്ചിരുന്നു. എന്നാൽ ട്വിറ്റ‍ർ ഇതിന് വഴങ്ങിയിരുന്നില്ല. പിന്നീട് ട്വിറ്റർ ഉദ്യോഗസ്ഥനെ നിയമിച്ചെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. എന്നാൽ ഉദ്യോഗസ്ഥനെ നിയമിച്ചതായുള്ള ട്വിറ്ററിന്‍റെ അറിയിപ്പ് ഇതുവരെ കിട്ടിയിട്ടില്ലെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി. 

ഇതോടെയാണ് കർശന നടപടിയിലേക്ക് നീങ്ങാൻ കേന്ദ്രം തീരുമാനിച്ചത്. അതിനിടെ ട്വിറ്ററിനെതിരെ ആദ്യ കേസെടുത്ത് മുന്നോട്ടു പോകാനുള്ള തീരുമാനത്തിലാണ് ഉത്തർപ്രദേശ് പൊലീസ്. തെറ്റായ വിവരം പ്രചരിപ്പിച്ചു എന്നാരോപിച്ചാണ് കേസെടുത്തിട്ടുള്ളത്.

എന്താണ് ഐടി ആക്ട് പ്രകാരമുള്ള സംരക്ഷണം

ഐടി ആക്ടിലെ സെക്ഷന്‍ 79 പ്രകാരമാണ് ട്വിറ്റര്‍ അടക്കമുള്ള സോഷ്യല്‍ മീഡിയ സൈറ്റുകള്‍ക്ക് അവരുടെ പ്ലാറ്റ്ഫോമില്‍ ഉപയോക്താക്കള്‍ ഇടുന്ന പോസ്റ്റുകളുടെ പേരിലുണ്ടാകുന്ന നിയമ നടപടികളില്‍ നിന്നും സംരക്ഷണം ലഭിച്ചിരുന്നത്.

അതായത് ഉപയോഗിക്കുന്ന വ്യക്തിയുണ്ടാക്കുന്ന കണ്ടന്‍റുകളാണ് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമില്‍ അധികവും. അതിനാല്‍ ആ കണ്ടന്‍റ് ഒരു വ്യക്തി ഇടുകയും അതിലെ സന്ദേശത്തിലോ, ഉളളടക്കത്തിലോ എന്തെങ്കിലും തരത്തിലുള്ള മാറ്റം പ്ലാറ്റ്ഫോം എന്ന നിലയില്‍ വരുത്താത്തിടത്തോളം ആ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോം അതുമൂലം ഉണ്ടാകുന്ന എല്ലാ നിയമ നടപടികളില്‍ നിന്നും സുരക്ഷിതമാണ്.

അതായത് ഒരു മെസഞ്ചര്‍ ആണെങ്കില്‍ അതില്‍ ആ സന്ദേശം അയച്ചയാളും, അത് സ്വീകരിച്ചയാളും മാത്രമായിരിക്കും അതില്‍ ഉത്തരവാദി, ട്വിറ്ററും ഫേസ്ബുക്കും പോലുള്ള പ്ലാറ്റ്ഫോമില്‍ പോസ്റ്റ് ചെയ്തയാള്‍ മാത്രമായിരിക്കും ആ പോസ്റ്റിന്‍റെ ഉള്ളടക്കം സംബന്ധിച്ച നിയമ പ്രശ്നങ്ങളുടെ ഉത്തരവാദി. 

എന്താണ് കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കാന്‍ ആവശ്യപ്പെടുന്നത്

ബുധനാഴ്ച ഒരു കൂട്ടം ട്വീറ്റുകളിലൂടെ ഐടി ആക്ട് പ്രകാരം നടപ്പിലാക്കേണ്ട മാര്‍ഗ്ഗനിര്‍ദേശങ്ങളില്‍ നിന്നും രക്ഷപ്പെടാന്‍ ട്വിറ്റര്‍ മനപ്പൂര്‍വ്വമായി ശ്രമിക്കുന്നു എന്ന് കേന്ദ്ര നിയമകാര്യ, ഇലക്ട്രോണിക് ഐടി വകുപ്പ് മന്ത്രി രവിശങ്കര്‍ പ്രസാദ് കുറ്റപ്പെടുത്തിയിരുന്നു. 

'തങ്ങളാണ് അഭിപ്രായ സ്വതന്ത്ര്യത്തിന്‍റെ പതാക വാഹകര്‍ എന്ന് സ്വയം സ്ഥാപിക്കാന്‍ ശ്രമിക്കുകയാണ് ട്വിറ്റര്‍. അവര്‍ സര്‍ക്കാറിന്‍റെ മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ വന്നത് മുതല്‍ പ്രതിരോധത്തിന്‍റെ പാതയാണ് തിരഞ്ഞെടുത്തത്. തിരുത്താനുള്ള ഉപയോക്താവിന്‍റെ അവകാശങ്ങളെ അവര്‍ അംഗീകരിക്കുന്നില്ല. പ്രവര്‍ത്തിക്കുന്ന നാട്ടിലെ നിയമങ്ങളെ അവര്‍ അനുസരിക്കുന്നില്ല. അതിനെല്ലാം പുറമേ മാനിപ്പുലേറ്റഡ് മീഡിയ എന്ന് പറഞ്ഞ് ഫ്ലാഗ് ചെയ്യുന്നത് അവരുടെ നയമാക്കുന്നു. അതും അവര്‍ക്ക് ഇഷ്ടമുള്ളതും, ഇഷ്ടമില്ലാത്തതും എന്ന അടിസ്ഥാനത്തില്‍' - രവിശങ്കര്‍ പ്രസാദ് രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ചു.

ട്വിറ്ററിന് ഇനിയെന്ത് സംഭവിക്കും.?

ഇപ്പോഴത്തെ അവസ്ഥയില്‍ ഐടി ആക്ടിലെ സെക്ഷന്‍ 79 പ്രകാരമുള്ള സംരക്ഷണം ട്വിറ്ററിന് നഷ്ടപ്പെട്ടു. അതിന്‍റെ പ്രതികരണം തന്നെയാണ് ട്വിറ്ററിനെതിരെ ഇന്ന് യുപി പൊലീസ് കേസ് എടുത്തതും. ട്വിറ്ററില്‍ പ്രസിദ്ധീകരിക്കപ്പെടുന്ന ഏതൊരു ട്വീറ്റിന്‍റെ പേരിലും, എന്തെങ്കിലും നിയമനടപടി ഉണ്ടായാല്‍ അത് ട്വീറ്റ് ചെയ്തയാള്‍ക്കൊപ്പം വേണമെങ്കില്‍ ട്വിറ്ററിനെതിരെയും കേസ് എടുക്കാവുന്ന അവസ്ഥയാണ് ഇത് ഉണ്ടാക്കുന്നത്.

അതായത് കോടതി വ്യവഹാരങ്ങളില്‍ നിന്നും രക്ഷയില്ലാതെ ട്വിറ്റര്‍ ഇന്ത്യയ്ക്ക് ഉറക്കമില്ലാത്ത ജോലിയാണ് വരാന്‍ പോകുന്നത് എന്ന് സാരം. ഇത്തരം കേസുകള്‍ കൂടിയാല്‍ ബഹുരാഷ്ട്ര സോഷ്യല്‍ മീഡിയ കമ്പനി എന്ന നിലയില്‍ ഇന്ത്യയിലെ തങ്ങളുടെ പ്രവര്‍ത്തനം തന്നെ ട്വിറ്റര്‍ പുനര്‍പരിശോധിക്കാനിടയുണ്ട്. 

ദീര്‍ഘകാല അടിസ്ഥാനത്തില്‍ നോക്കിയാല്‍ സെക്ഷന്‍ 79 പരിരക്ഷയും നിയമനടപടികളും നേരിടുന്നതോടെ, ഒരു മീഡിയ എന്ന നിലയിലായിരിക്കും ട്വിറ്ററിന് പരിഗണന കിട്ടുക. അതായത് ഇപ്പോള്‍ ഇന്ത്യന്‍ വാര്‍ത്ത മാധ്യമ മേഖലയില്‍ 26 ശതമാനമാണ് നേരിട്ടുള്ള വിദേശ നിക്ഷേപം. ട്വിറ്ററിന്‍റെ ഇപ്പോഴുള്ള അവസ്ഥ മാറുന്നതോടെ ട്വിറ്ററിന് ഇന്നത്തെ നിലയില്‍ ഇന്ത്യയില്‍ പ്രവര്‍ത്തിക്കാന്‍ കഴിയുമോ എന്ന കാര്യം നിയമപ്രശ്നമാകും. അതിനാല്‍ ട്വിറ്റര്‍ ചിലപ്പോള്‍ ഇന്ത്യയിലെ അവരുടെ 74 ശതമാനം ഓഹരി പ്രദേശിക പങ്കാളിക്ക് വില്‍ക്കേണ്ടി വന്നേക്കാം.

Latest Videos
Follow Us:
Download App:
  • android
  • ios