ഐടി മന്ത്രിയുടെ അക്കൗണ്ട് ബ്ലോക്ക് ചെയ്ത് ട്വിറ്റര്‍; യുഎസ് ഡിജിറ്റല്‍ പകര്‍പ്പവകാശം ലംഘിച്ചെന്ന് വിശദീകരണം
ട്വിറ്റർ വരക്കുന്ന വരയിൽ നിന്നില്ലങ്കിൽ ഏകപക്ഷീയമായി നീക്കം ചെയ്യുമെന്ന ഭീഷണിയാണെന്ന് മന്ത്രി വിമര്‍ശിച്ചു. സ്വന്തം അജണ്ട നടപ്പാക്കാനാണ് ട്വിറ്ററിന് താൽപ്പര്യമെന്ന് രവിശങ്കര്‍ പ്രസാദ്.
ദില്ലി: കേന്ദ്ര ഐടി മന്ത്രി രവിശങ്കര്‍ പ്രസാദിന്‍റെ അക്കൗണ്ട് ഒരു മണിക്കൂറോളം ലോക്ക് ചെയ്ത് ട്വിറ്റര്‍. യുഎസ് പകർപ്പവകാശ നിയമം ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് രവി ശങ്കര്‍ പ്രസാദിന്‍റെ അക്കൗണ്ട് ലോക്ക് ചെയ്തത്. വരക്കുന്ന വരയില്‍ നിന്നില്ലെങ്കില്‍ നീക്കം ചെയ്യുമെന്ന ഭീഷണിയാണിതെന്നും അജണ്ട നടപ്പാക്കുകയാണ് ട്വിറ്ററെന്നും മന്ത്രി വിമർശിച്ചു
ഐടി ചട്ടം അടക്കമുള്ള വിഷയങ്ങളില്‍ സർക്കാരുമായുള്ള ഏറ്റുമുട്ടല്‍ തുടരുന്നതിനിടെയാണ് ട്വിറ്ററിന്‍റെ നടപടി. മന്ത്രി പങ്കെടുത്ത ചില ചാനല്‍ ചര്‍ച്ചകളുടെ ദൃശ്യങ്ങള്‍ ട്വിറ്ററില്‍ പങ്കുവെച്ചതിനാണ് അക്കൗണ്ട് ലോക്ക് ചെയ്തത്. യുഎസ് പകര്‍പ്പവകാശ നിയമ ലംഘനമാണ് മന്ത്രി നടത്തിയതെന്നാണ് ട്വിറ്ററിന്‍റെ വാദം. ലോക്ക് ആയ അക്കൗണ്ട് ട്വിറ്ററിന് മുന്നറിയിപ്പ് നല്‍കി ഒരു മണിക്കൂറോളം കഴിഞ്ഞാണ് ഉപയോഗിക്കാനായതെന്ന് മന്ത്രി വെളിപ്പെടുത്തി. വരച്ചവരയില്‍ നിന്നില്ലെങ്കില്‍ പുറത്താക്കുമെന്നതാണ് ട്വിറ്റർ ഭീഷണിപ്പെടുത്തുന്നതെന്നും അഭിപ്രായസ്വാതന്ത്രമല്ല അജണ്ട നടപ്പാക്കുകയാണ് ട്വിറ്ററിന്‍റെ ലക്ഷ്യമെന്നും മന്ത്രി കുറ്റപ്പെടുത്തി.
മുന്നറിയപ്പൊന്നും നല്‍കാതെയുള്ള ട്വിറ്റർ നടപടി ഐടി നിയമത്തിന്‍റെ ലംഘനമാണ്. ചാനലോ അവതാരകനോ പകര്‍പ്പവകാശം ചോദ്യം ചെയ്യാതെയാണ് തന്‍റെ അക്കൗണ്ട് ലോക്ക് ചെയ്യപ്പെട്ടതെന്നും രവിശങ്കര്‍ പ്രസാദ് പറഞ്ഞു. ട്വറ്ററിനോട് വിശദീകരണം തേടുമെന്ന് ഐടി പാര്‍ലമെന്‍ററി സ്റ്റാന്‍റിങ് കമ്മിറ്റി അധ്യക്ഷനായ ശശി തരൂര്‍ വ്യക്തമാക്കി. അക്കൗണ്ട് ലോക്ക് ചെയ്യാനിടയായ കാരണം, നടപടി ക്രമങ്ങള്‍ എന്നിവ ആരായുമെന്നും തരൂര്‍ പറഞ്ഞു. സമാനമായ രീതിയില്‍ തന്‍റെ അക്കൗണ്ടും ഒരു തവണ ട്വിറ്റര്‍ ലോക്ക് ചെയ്തുവെന്നും ശശി തരൂര്‍ വെളിപ്പെടുത്തി. റാസ്പൂടിന്‍ വൈറല്‍ വീഡിയോ പങ്ക് വെച്ചതിനായിരുന്നു തനിക്കെതിരെയുള്ള നടപടിയെന്നും തരൂര്‍ പറഞ്ഞു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona