ട്വിറ്ററിന്‍റെ രാജ്യത്തെ ഇടക്കാല പരാതി പരിഹാര ഉദ്യോഗസ്ഥന്‍ രാജിവച്ചു; പകരം നിയമനം ഉടനെന്ന് ട്വിറ്റര്‍
ട്വിറ്ററും കേന്ദ്രസര്‍ക്കാറും തമ്മിലുള്ള തര്‍ക്കങ്ങള്‍ മുറുകുന്നതിനിടെയാണ് രാജി എന്നത് ശ്രദ്ധേയമാണ്. നേരത്തെ പുതിയ ഐടി നയപ്രകാരമുള്ള നിബന്ധനകള്‍ പാലിക്കുന്നതില്‍ ട്വിറ്റര്‍ വീഴ്ച വരുത്തിയെന്ന് കാണിച്ച് കേന്ദ്രസര്‍ക്കാര്‍ രംഗത്ത് എത്തിയിരുന്നു.
ദില്ലി: നിയമിച്ച് ദിവസങ്ങള്‍ക്കുള്ളില്‍ ട്വിറ്ററിന്‍റെ രാജ്യത്തെ ഇടക്കാല പരാതി പരിഹാര ഉദ്യോഗസ്ഥന്‍ രാജിവച്ചു. ഈ സ്ഥാനത്തേക്ക് നിയമിച്ച ധര്‍മേന്ദ്ര ചതൂറാണ് രാജിവച്ചത്. പരാതി പരിഹരിക്കാനുള്ള പുതിയ ഉദ്യോഗസ്ഥനെ ഉടൻ നിയമിക്കുമെന്ന് ട്വിറ്റർ പ്രതികരിച്ചിട്ടുണ്ട്. അതേ സമയം ഫേസ്ബുക്ക് ഗൂഗിൾ പ്രതിനിധികൾക്ക് ശശി തരൂര്‍ അദ്ധ്യക്ഷനായ പാർലമെന്‍ററി സമിതിയുടെ നോട്ടീസ് ലഭിച്ചു. ചൊവ്വാഴ്ച സമിതിക്ക് മുന്നില്‍ ഹാജരാകാനാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്.
ട്വിറ്ററും കേന്ദ്രസര്‍ക്കാറും തമ്മിലുള്ള തര്‍ക്കങ്ങള്‍ മുറുകുന്നതിനിടെയാണ് രാജി എന്നത് ശ്രദ്ധേയമാണ്. നേരത്തെ പുതിയ ഐടി നയപ്രകാരമുള്ള നിബന്ധനകള്‍ പാലിക്കുന്നതില്‍ ട്വിറ്റര്‍ വീഴ്ച വരുത്തിയെന്ന് കാണിച്ച് കേന്ദ്രസര്‍ക്കാര്‍ രംഗത്ത് എത്തിയിരുന്നു. ഇതിനെതിരെ കേന്ദ്ര മന്ത്രി രവിശങ്കര്‍ പ്രസാദ് തന്നെ ട്വീറ്റും ചെയ്തിരുന്നു. അതിന് പുറമേ കഴിഞ്ഞ ദിവസം 'കോപ്പിറൈറ്റ്' പ്രശ്നത്തില്‍ കേന്ദ്രമന്ത്രിയുടെ ട്വിറ്റര്‍ അക്കൌണ്ട് ബ്ലോക്ക് ചെയ്തതും ഏറെ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു.
50 ലക്ഷത്തില്‍ കൂടുതല്‍ ഉപയോക്താക്കള്‍ ഉള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ ഇടക്കാല പരാതി പരിഹാര ഉദ്യോഗസ്ഥന്‍ അടക്കം മൂന്ന് പ്രധാന ഉദ്യോഗസ്ഥരെ നിയമിക്കണം എന്നാണ് മെയ് 25 മുതല്‍ പ്രബല്യത്തില്‍ വന്ന ഐടി നിയമപ്രകാരമുള്ള നിര്‍ദേശം. ഈ ഉദ്യോഗസ്ഥര്‍ എല്ലാം ഇന്ത്യക്കാര്‍ തന്നെ ആയിരിക്കണമെന്നും നിയമം പറയുന്നു. എന്നാല്‍ ട്വിറ്റര്‍ ആദ്യം ഇതിന് വഴങ്ങിയില്ല. ഒടുവില്‍ സര്‍ക്കാര്‍ ശക്തമായ നടപടികളിലേക്ക് പോകും എന്ന ഘട്ടത്തിലാണ് ട്വിറ്റര്‍ ഇതില്‍ നടപടി എടുത്തത്. ഈ ഉദ്യോഗസ്ഥനാണ് ഇപ്പോള്‍ രാജിവച്ചിരിക്കുന്നത്.