മോഹന്‍ ഭാഗവത് അടക്കം ആര്‍എസ്എസ് നേതാക്കളുടെ 'ബ്ലൂടിക്ക്' നീക്കം ചെയ്ത് ട്വിറ്റര്‍
ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്, ജോയിന്‍റ് ജനറൽ സെക്രട്ടറി കൃഷ്‌ണ ഗോപാൽ, അരുൺ കുമാർ, മുൻ ജനറൽ സെക്രട്ടറി സുരേഷ് ജോഷി, സന്പര്‍ക്ക് പ്രമുഖ് അനിരുദ്ധ് ദേശപാണ്ഡെ എന്നിവരുടെ അക്കൗണ്ടുകളുടെ ബ്ലൂ ടിക്കാണ് നീക്കം ചെയ്‌തിരിക്കുന്നത്
ദില്ലി: ആര്‍എസ്എസ് മേധാവി മോഹൻ ഭാഗവത് അടക്കമുള്ള ആർഎസ്എസ് നേതാക്കളുടെ ട്വിറ്റര്‍ അക്കൌണ്ടിന്‍റെ വെരിഫിക്കേഷന്‍ അടയാളമായ ബ്ലൂ ടിക്ക് നീക്കി ട്വിറ്റർ. ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവും ട്വിറ്ററില്‍ നിന്നും ഇത്തരം നടപടി നേരിട്ടിരുന്നു. എന്നാല്‍ ഉപരാഷ്ട്രപതിയുടെ പേഴ്സണല്‍ ട്വിറ്റര്‍ അക്കൌണ്ടിന്‍റെ ബ്ലൂ ടിക്ക് പുനഃസ്ഥാപിച്ചെങ്കിലും ആർഎസ്എസ് നേതാക്കളുടെ അക്കൗണ്ടുകളിലെ ബ്ലൂ ടിക്ക് പുനഃസ്ഥാപിച്ചിട്ടില്ല.
ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്, ജോയിന്‍റ് ജനറൽ സെക്രട്ടറി കൃഷ്‌ണ ഗോപാൽ, അരുൺ കുമാർ, മുൻ ജനറൽ സെക്രട്ടറി സുരേഷ് ജോഷി, സന്പര്‍ക്ക് പ്രമുഖ് അനിരുദ്ധ് ദേശപാണ്ഡെ എന്നിവരുടെ അക്കൗണ്ടുകളുടെ ബ്ലൂ ടിക്കാണ് നീക്കം ചെയ്‌തിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. ബ്ലൂടിക്ക് നീക്കം ചെയ്തതിന് പിന്നാലെ ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിന്‍റെ അക്കൗണ്ടിലെ മുഴുവന്‍ ട്വീറ്റുകളും നീക്കം ചെയ്തിട്ടുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. ഇത് സുരക്ഷ മുന്‍നിര്‍ത്തിയാകാം എന്നാണ് റിപ്പോര്‍ട്ട്.
അതേ സമയം ദേശീയ മാധ്യമങ്ങളോട് പ്രതികരിച്ച ആര്‍എസ്എസ് വൃത്തങ്ങള്‍, അക്കൗണ്ട് ഉപയോഗിക്കാത്തത് ബ്ലൂ ടിക്ക് നീക്കം ചെയ്യുന്നതിന് കാരണമാകുമെങ്കിൽ ഇക്കാര്യം അറിയിക്കേണ്ടതായിരുന്നുവെന്ന് അഭിപ്രായപ്പെട്ടു. ശനിയാഴ്ച രാവിലെ മുതലാണ് ആർഎസ്എസ് നേതാക്കളുടെ അക്കൗണ്ടുകളുടെ ബ്ലൂ ടിക്ക് ട്വിറ്റർ നീക്കം ചെയ്യാൻ ആരംഭിച്ചത്.
അറ് മാസത്തിനിടെ ഒരിക്കൽ പോലും ഉപയോഗം നടന്നിട്ടില്ലെങ്കിൽ വേരിഫിക്കേഷൻ കോഡായ ബ്ലൂ ടിക്ക് നീക്കം ചെയ്യുമെന്നാണ് ട്വിറ്ററിന്‍റെ നയമെന്നും, സജീവമായ അക്കൗണ്ടുകളെയാണ് ട്വിറ്റര്‍ പരിഗണിക്കുകയെന്നും വ്യക്തമാക്കുന്നുണ്ടെന്നാണ് സൈബര്‍ വിദഗ്ധര്‍ പറയുന്നത്.