ഗൂഗിള്‍ ക്രോം ഉപയോഗിക്കുന്നവര്‍ ജാഗ്രത; സുരക്ഷ ഭീഷണി
പ്രശ്നം കണ്ടെത്തി ഒഴിവാക്കിയ ആഡ്- ഓണുകളില്‍ ഭൂരിഭാഗവും പ്രശ്നക്കാരായ സൈറ്റുകള്‍ സംബന്ധിച്ച് മുന്നറിയിപ്പ് നല്‍കുന്നവയോ, അല്ലെങ്കില്‍ ഫയലുകള്‍ ഒരു ഫോര്‍മാറ്റില്‍ നിന്നും മറ്റൊരു ഫോര്‍മാറ്റിലേക്ക് മാറ്റുന്നവയോ ആയിരുന്നു.
ന്യൂയോര്‍ക്ക്: ഗൂഗിള്‍ ക്രോം ഉപയോഗിക്കുന്നവര്‍ക്ക് സുരക്ഷ ഭീഷണി ഉയര്‍ത്തി പുതിയ സ്പൈവെയര്‍ കണ്ടെത്തിയെന്ന് സൈബര്‍ സുരക്ഷ വിദഗ്ധര്‍. ഗൂഗിളിന്‍റെ ലോകത്ത് ഏറ്റവും കൂടുതല്‍പ്പേര്‍ ഉപയോഗിക്കുന്ന ബ്രൌസറാണ് ഗൂഗിള്‍ ക്രോം. ഏതാണ്ട് 3.2 കോടി ബ്രൌസര്‍ ഉപയോക്താക്കളെയെങ്കിലും ബാധിക്കാന്‍ സാധ്യതയുള്ള ചാര പ്രോഗ്രാം ആണ് ഇപ്പോള്‍ എവൈക്ക് സെക്യൂരിറ്റി എന്ന സൈബര്‍ സുരക്ഷ സ്ഥാപനത്തിലെ വിദഗ്ധര്‍ കണ്ടെത്തിയത് എന്നാണ് റോയിട്ടേര്‍സ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഗൂഗിള്‍ ക്രോ ബ്രൌസറില്‍ വിവിധ ആവശ്യങ്ങള്‍ക്കായി ഗൂഗിള്‍ ക്രോം സ്റ്റോറില്‍ നിന്നും ആഡ് ചെയ്യുന്ന ആപ്ലികേഷന്‍ വഴിയാണ് ഇത്തരം സ്പൈ വെയര്‍ ബ്രൌസറില്‍ പ്രവേശിക്കുന്നത്. ഒരു മാസം മുന്‍പ് എവൈക്ക് നല്‍കിയ മുന്നറിയിപ്പില്‍ ഇത്തരത്തില്‍ സ്പൈ വെയര്‍ ഉപയോക്താവിന്‍റെ സിസ്റ്റത്തില്‍ എത്താന്‍ കാരണമാകുന്ന 70 ഒളം ആഡ് ഓണുകള്‍ ക്രോം വെബ് സ്റ്റോറില്‍ നിന്നും ഗൂഗിള്‍ നീക്കം ചെയ്തിട്ടുണ്ട്.
ഇത്തരത്തിലൊരു മുന്നറിയിപ്പ് നല്‍കിയപ്പോള്‍ തന്നെ 70ആഡ് ഓണുകള്‍ തങ്ങളുടെ ഗൂഗിള്‍ ക്രോം വെബ് സ്റ്റോര്‍ പോളിസി ലംഘനം നടത്തിയതായി കണ്ടെത്തി. ഇതിനാല്‍ തന്നെ ഇവ അടിയന്തരമായി നീക്കിയെന്നാണ് ഗൂഗിള്‍ വക്താവ് സ്കോട്ട് വെസ്റ്റോവര്‍ റോയിട്ടേര്‍സിനോട് പ്രതികരിച്ചത്.
പ്രശ്നം കണ്ടെത്തി ഒഴിവാക്കിയ ആഡ്- ഓണുകളില്‍ ഭൂരിഭാഗവും പ്രശ്നക്കാരായ സൈറ്റുകള്‍ സംബന്ധിച്ച് മുന്നറിയിപ്പ് നല്‍കുന്നവയോ, അല്ലെങ്കില്‍ ഫയലുകള്‍ ഒരു ഫോര്‍മാറ്റില്‍ നിന്നും മറ്റൊരു ഫോര്‍മാറ്റിലേക്ക് മാറ്റുന്നവയോ ആയിരുന്നു. ഈ ആഡ്-ഓണുകള്‍ ഒരു ഉപയോക്താവിന്‍റെ ബ്രൌസറില്‍ നിന്നും ബ്രൌസിംഗ് ഹിസ്റ്ററിയും മറ്റ് വിവരങ്ങളും ചോര്‍ത്തി. ചില ബിസിനസിന് വേണ്ടി നല്‍കിയിരുന്നു എന്നാണ് വിവരം.
ഇത്തരം ആപ്പുകളുടെ ഡൌണ്‍ലോഡുകളുടെഎണ്ണം വച്ച് നോക്കിയാല്‍ ഇതുവരെ ക്രോമുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന ഏറ്റവും വലിയ സുരക്ഷ പ്രശ്നങ്ങളില്‍ ഒന്നായിരിക്കും ആഡ് ഓണ്‍ സ്പൈ വെയര്‍ വിവാദം.
എന്നാല്‍ ആരാണ് യഥാര്‍ത്ഥത്തില്‍ ഈ ആഡ്-ഓണുകള്‍ക്ക് പിന്നില്‍ എന്ന് കണ്ടെത്താന്‍ സാധിച്ചിട്ടില്ല. ഇവ ഗൂഗിള്‍ ക്രോ വെബ് സ്റ്റോറില്‍ അംഗീകാരത്തിനായി നല്‍കിയപ്പോള്‍ നിര്‍മ്മാതാക്കളുടെതെന്ന് പറഞ്ഞ് നല്‍കിയത് വ്യാജ വിലാസങ്ങളാണ് എന്നാണ് ഈ സ്പൈ വെയര്‍ പ്രശ്നം കണ്ടെത്തിയ എവൈക്കിന്‍റെ ഗവേഷകര്‍ പറയുന്നത്.
അതേ സമയം ഈ സ്പൈ വെയര്‍ പ്രശ്നം എത്രത്തോളം ആഘാതം ഉണ്ടാക്കിയെന്നത് സംബന്ധിച്ച് ഗൂഗിള്‍ വ്യക്തമായി പ്രതികരിച്ചിട്ടില്ല. ക്രോ വെബ് സ്റ്റോറില്‍ നിന്നും ഈ ആഡ്-ഓണുകളെ ഒഴിവാക്കിയെന്നതിനപ്പുറം. മുന്‍കാലത്ത് ഇത്തരം ആപ്പുകള്‍ സ്റ്റോറില്‍ എത്തുന്നതിന് എന്താണ് വീഴ്ച വന്നത് എന്നതടക്കമുള്ള കാര്യത്തില്‍ ഗൂഗിള്‍ മൌനത്തിലാണ്.