ആദ്യ ഷോയില്‍ 'ജവാന്‍' കാണണം, ജോലി മുടങ്ങാനും പാടില്ല; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായ ആ ചിത്രത്തിന് പിന്നില്‍
ജവാന്റെ ആദ്യ ഷോ പ്രധാനപ്പെട്ടതാണെങ്കിലും ജീവിതവും പ്രധാനമാണെന്ന അടിക്കുറിപ്പോടെയാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.
ബംഗളുരു: രാജ്യത്തിന്റെ ഐ.ടി ഹബ്ബായ ബംഗളുരു അവിടുത്തെ ഗതാഗതക്കുരുക്കിനൊപ്പം ആളുകള്‍ ജോലി ചെയ്യാന്‍ തെരഞ്ഞെടുക്കുന്ന വിചിത്രമായ രീതികളുടെ പേരിലും പലപ്പോഴും സോഷ്യല്‍ മീഡിയയില്‍ ഇടംപിടിക്കാറുണ്ട്. ഇക്കൂട്ടത്തിലൊരു ചിത്രമാണ് ഇക്കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചത്. നഗരത്തിലെ ഒരു സിനിമാ തീയറ്ററില്‍ നിന്നുള്ളതെന്ന് അവകാശപ്പെടുന്ന ഫോട്ടോ നീലാംഗന നൂപുര്‍ എന്ന യുവതിയാണ് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്സില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.
ഷാരൂഖ് ഖാന്‍ നായകനായ 'ജവാന്‍' പ്രദര്‍ശിപ്പിക്കുന്ന തീയറ്ററിലെ ആദ്യ ദിവസത്തെ ആദ്യ ഷോ തുടങ്ങുമ്പോള്‍ എടുത്ത ചിത്രമാണെന്നാണ് യുവതി അവകാശപ്പെടുന്നത്. യുവതി ഇരിക്കുന്ന സീറ്റിന്റെ തൊട്ട് മുന്നില്‍ തന്റെ ലാപ്‍ടോപ്പ് ഓണ്‍ ചെയ്തുവെച്ചു കൊണ്ട് ഒരു യുവാവ് ഇരിക്കുന്നതാണ് ചിത്രത്തിലുള്ളത്. ജവാന്റെ ആദ്യ ഷോ പ്രധാനപ്പെട്ടതാണെങ്കിലും ജീവിതവും പ്രധാനമാണെന്ന അടിക്കുറിപ്പോടെയാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. ചിത്രത്തിന്റെ ആധികാരികതയെക്കുറിച്ച് കൂടുതല്‍ വ്യക്തതയില്ലെങ്കിലും അതേ തീയറ്ററില്‍ അതേ ഷോയില്‍ ഉണ്ടായിരുന്നെന്ന് അവകാശപ്പെടുന്ന മറ്റൊരാളും ഇതേ യുവാവിനെ കണ്ടതായി കമന്റ് ചെയ്യുന്നുണ്ട്. ഇതിനോടകം ആയിരക്കണക്കിന് പേര്‍ ചിത്രം കാണുകയും നിരവധിപ്പേര്‍ കമന്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്.
കമ്പനികള്‍ അനുവദിക്കുന്ന വര്‍ക്ക് ഫ്രം ഹോം സംവിധാനം ദുരുപയോഗം ചെയ്യുന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ഇതെന്ന് ചിലര്‍ ആരോപിക്കുമ്പോള്‍ പണം കൊടുത്ത് ടിക്കറ്റുമെടുത്ത് ബംഗളുരുവിലെ ഗതാഗതക്കുരുക്കും താണ്ടി തീയറ്ററില്‍ കയറിയിരുന്ന് സ്വസ്ഥമായി ഒരു സിനിമ കാണാമെന്ന് വിചാരിക്കുമ്പോള്‍ ഇത്തരത്തിലൊരാളാണ് പരിസരത്തുള്ളതെങ്കില്‍ എല്ലാം തീര്‍ന്നുവെന്നായിരുന്നു മറ്റ് ചിലരുടെ അഭിപ്രായം. തീയറ്ററിലെ മൊബൈല്‍ ഫോണ്‍ സ്ക്രീനുകള്‍ പോലും അരോചകമാണെന്നിരിക്കെ മറ്റുള്ളവര്‍ ഇത് എങ്ങനെ സഹിച്ചു എന്ന ചോദ്യവും പലരും ഉയര്‍ത്തുന്നുണ്ട്.
തീയറ്ററില്‍ പോകേണ്ടത് അല്‍പം റിലാക്സ് ചെയ്യുകയെന്ന ഉദ്ദേശത്തോടെ മാത്രം ആവണമെന്നതാണ് ചിലരുടെ കമന്റുകള്‍. ജോലി പ്രധാനം തന്നെയാണ്. എന്നാല്‍ അതോടൊപ്പം അല്‍പം വിശ്രമിക്കാനും തിരക്കേറിയ ജീവിതത്തില്‍ നിന്ന് മാറി നിന്ന് അല്‍പം ആശ്വസിക്കാനും വേണ്ടിയും സ്വന്തം കാര്യങ്ങള്‍ക്ക് വേണ്ടി കുറച്ച് സമയം മാറ്റിവെയ്ക്കേണ്ടതുണ്ടെന്നും ചില കമന്റുകളും കാണാം. എന്നാല്‍ കമ്പനികള്‍ ഓഫീസിലും വീട്ടിലും ഇരുന്ന് ജോലി ചെയ്യാന്‍ അനുവദിക്കുന്ന ഹൈബ്രിഡ് രീതി വളരെ നല്ലതാണെങ്കിലും ഇത് അല്‍പം കടന്നുപോയെന്നാണ് ഏറെ പേരുടെയും അഭിപ്രായം.
Read also: വീടിന്റെ കതക് ചവിട്ടിപ്പൊളിച്ച് അകത്ത് കടന്നു, വാക്കത്തി കൊണ്ട് യുവതിയെ വെട്ടി: പ്രതി അറസ്റ്റിൽ
നേരത്തെ ബൈക്കിന് പിന്നില്‍ ഇരുന്ന് ലാപ്‍ടോപ്പ് ഓണ്‍ ചെയ്തുവെച്ച് ജോലി ചെയ്യുന്ന ഒരു യുവതിയുടെ ചിത്രവും ബംഗളുരുവില്‍ നിന്നു തന്നെ സോഷ്യല്‍ മീഡിയയില്‍ വെറലായിരുന്നു. അന്നും വ്യത്യസ്‍തമായ തരത്തിലാണ് സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ പ്രതികരിച്ചത്. ഒരിക്കലും പൂര്‍ത്തിയാകാത്ത ടാര്‍ഗറ്റുകള്‍ നല്‍കി ജീവനക്കാരെ പരീക്ഷിക്കുന്ന ഐ.ടി കമ്പനികളെക്കുറിച്ചും തൊഴില്‍ സ്ഥലങ്ങളിലെ ദുരിതത്തെക്കുറിച്ചുമൊക്കെ ആയിരുന്നു അന്ന് ശ്രദ്ധനേടിയ കമന്റുകളില്‍ അധികവും.
സോഷ്യല്‍ മീഡിയ പോസ്റ്റ് ഇങ്ങനെ