22,900 കോടിയുടെ സെമികണ്ടക്ടര്‍ നിര്‍മ്മാണ പദ്ധതി കരാറില്‍ ഒപ്പിച്ച് കര്‍ണാടക; അഭിനന്ദിച്ച് കേന്ദ്രമന്ത്രി
കര്‍ണാടക സര്‍ക്കാറും ഐഎസ്എംസി അനലോഗ് ഫാബ് പ്രൈവറ്റ് ലിമിറ്റഡും കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയുടെ സാന്നിധ്യത്തില്‍ ഒപ്പുവച്ചു. കര്‍ണാടക ഐടി മന്ത്രിയും ചടങ്ങില്‍ സന്നിഹതനായിരുന്നു.
ബെംഗളൂരു: ഇസ്രയേൽ ആസ്ഥാനമായുള്ള ഐഎസ്എംസി അനലോഗ് ഫാബ് പ്രൈവറ്റ് ലിമിറ്റഡ് 22,900 കോടി രൂപ ചെലവിൽ കർണാടകയിൽ ഒരു സെമികണ്ടക്ടർ (semiconductor) ഫാബ്രിക്കേഷൻ പ്ലാന്റ് സ്ഥാപിക്കും.1,500 പേർക്ക് തൊഴിൽ സാധ്യതയുള്ള പദ്ധതി ഏഴ് വർഷത്തിനുള്ളിൽ കമ്പനി നടപ്പാക്കുമെന്ന് കര്‍ണാടക സർക്കാർ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
ഇത് സംബന്ധിച്ച് കര്‍ണാടക സര്‍ക്കാറും ഐഎസ്എംസി അനലോഗ് ഫാബ് പ്രൈവറ്റ് ലിമിറ്റഡും കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയുടെ സാന്നിധ്യത്തില്‍ ഒപ്പുവച്ചു. കര്‍ണാടക ഐടി മന്ത്രിയും ചടങ്ങില്‍ സന്നിഹതനായിരുന്നു.
ലോക സെമികണ്ടക്ടര്‍ നിര്‍മ്മാണ ഭൂപടത്തിലേക്ക് കര്‍ണാടകത്തിന്‍റെ വലിയ ചുവട് വയ്പ്പാണ് ഇതെന്നാണ് കര്‍ണാടക ഐടി മന്ത്രി ഇത് സംബന്ധിച്ച് ട്വീറ്റ് ചെയ്തത്.
അതേ സമയം ഈ നേട്ടത്തില്‍ കര്‍ണാടകത്തെ അഭിനന്ദിച്ച് കേന്ദ്ര ഇലക്ട്രോണിക്സ് ടെക്നോളജി കാര്യ സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍ (Rajeev Chandrasekhar) രംഗത്ത് എത്തി. ഇത്തരമൊരു നിക്ഷേപം അടുത്ത ഇരുപത് വര്‍ഷത്തേക്ക് യുവാക്കൾക്കും സ്റ്റാർട്ടപ്പുകൾക്കും അവസരങ്ങള്‍ ഉണ്ടാക്കുമെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.
അതേ സമയം രാജ്യത്തെ സെമികണ്ടക്ടർ നിർമ്മാണത്തിനായുള്ള പദ്ധതിയുടെ രൂപരേഖ കഴിഞ്ഞ ഏപ്രില്‍ 27 കേന്ദ്രസർക്കാർ പുറത്തിറക്കിയിരുന്നു. ദില്ലിയില്‍ നടന്ന ചടങ്ങിൽ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖരാണ് രൂപരേഖ പുറത്തിറക്കിയത്. തദ്ദേശീയമായി സെമികണ്ടക്ടർ നിർമ്മാണത്തിന് വൻ കുതിച്ച് ചാട്ടമുണ്ടാക്കുന്നതാണ് പദ്ധതിയെന്ന് മന്ത്രി പറഞ്ഞു.
76000 കോടി രൂപയുടെ പദ്ധതിയാണിത്. സെമികണ്ടക്ടർ നിർമ്മാണത്തിൽ ആഗോള ശക്തയായി മാറാനുള്ള ഇന്ത്യയുടെ ചുവടുവെപ്പാണ് ഇന്ത്യ സെമി കണ്ടക്ടർ മിഷൻ. മൈക്രോചിപ്പുകളുടെ കുറവ് വ്യാവസായികോത്പാദനത്തെ ദോഷമായി ബാധിച്ചിരുന്നു. ഇത് മറികടക്കാനും രാജ്യത്തെ ഇലക്ട്രോണിക് ഹബാക്കി മാറ്റുകയുമാണ് പദ്ധതി ലക്ഷ്യം വെക്കുന്നത്.
സെമികണ്ടക്ടർ നിർമ്മാണം; 76000 കോടി രൂപയുടെ പദ്ധതി, ആഗോളകൂട്ടായ്മയായ റിസ്ക് അഞ്ചിലും ഇന്ത്യ അംഗമായി