ഫേസ്ബുക്ക് മെറ്റയിലെ ജോലിക്കായി കാനഡയിലെത്തിയിട്ട് 2 ദിവസം; കൂട്ടപ്പിരിച്ച് വിടലില്‍ പണി പോയി ഇന്ത്യന്‍ യുവാവ്

ഐഐടി ഖരക്പൂറിലെ പഠനശേഷം ഗിറ്റ്ഹബ്ബ്, അഡോബ്, ഫ്ലിപ്കാര്‍ട്ട് അടക്കമുള്ള ബ്രാന്‍ഡുകളില്‍ ജോലി ചെയ്ത ശേഷമാണ് ഹിമാന്‍ഷുവിന് മെറ്റയില്‍ അവസരം ലഭിക്കുന്നത്.

indian youth who relocate to canada for facebook meta opportunity loss job two days after joining

ഫേസ്ബുക്ക് മെറ്റയിലെ ജോലിക്കായി കാനഡയില്‍ എത്തിയിട്ട് രണ്ട് ദിവസം മാത്രം. മെറ്റയിൽ കൂട്ടപ്പിരിച്ചു വിടലില്‍ ജോലി പോയ ഇന്ത്യക്കാരന്റെ പോസ്റ്റ് വൈറലാവുന്നു. ഹിമാന്‍ഷു വി എന്ന യുവാവിന്‍റെ കുറിപ്പാണ് വൈറലായിരിക്കുന്നത്. ലിങ്ക്ഡ് ഇന്നിലാണ് ഹിമാന്‍ഷു തനിക്ക് സംഭവിച്ച ദുരനുഭവത്തേക്കുറിച്ച് വ്യക്തമാക്കിയിരിക്കുന്നത്. മെറ്റയിലെ ജോലിക്കായി ഇന്ത്യയില്‍ നിന്ന് കാനഡയിലെത്തിയിട്ട് രണ്ട് ദിവസം മാത്രമാണ് ആയിട്ടുള്ളതെന്ന് യുവാവ് പറയുന്നു.

ഐഐടി ഖരക്പൂറിലെ പഠനശേഷം ഗിറ്റ്ഹബ്ബ്, അഡോബ്, ഫ്ലിപ്കാര്‍ട്ട് അടക്കമുള്ള ബ്രാന്‍ഡുകളില്‍ ജോലി ചെയ്ത ശേഷമാണ് ഹിമാന്‍ഷുവിന് മെറ്റയില്‍ അവസരം ലഭിക്കുന്നത്. മെറ്റയില്‍ ചേരാനായാണ് കാനഡയിലേക്ക് എത്തിയത്. രണ്ട് ദിവസം കൊണ്ട് ആ യാത്ര അവസാനിച്ചുവെന്നാണ് യുവാവ് കുറിക്കുന്നത്. അടുത്ത പടി എന്താണെന്ന് വ്യക്തതയില്ലെന്നാണ് ഹിമാന്‍ഷു പോസ്റ്റില്‍ കുറിക്കുന്നത്. സോഫ്റ്റ്വെയര്‍ എന്‍ജിനിയറുടെ ജോലിക്ക് അവസരമുണ്ടെങ്കില്‍ ബന്ധപ്പെടണം എന്നാവശ്യപ്പെട്ടാണ് ഹിമാന്‍ഷുവിന്‍റെ കുറിപ്പ്.

ഫേസ് ബുക്ക് മാതൃകമ്പനിയായ മെറ്റയിൽ  11,000 ലേറെ പേരെയാണ് സിഇഒ മാർക്ക് സക്കർബർഗ് പിരിച്ചുവിട്ടത്. സാമ്പത്തിക മാന്ദ്യത്തെ തുടർന്ന് പുതിയ നിയമനങ്ങൾ മെറ്റാ ഇതിന് മുൻപ് തന്നെ കുറച്ചിരുന്നു. പിന്നാലെയാണ് പിരിച്ചുവിടലും ആരംഭിച്ചത്. മെറ്റയുടെ 13 ശതമാനം ജീവനക്കാരെയാണ് പിരിച്ച് വിട്ടത്. മഹാമാരി സമയത്തിൽ മറ്റ് സോഷ്യൽ മീഡിയ കമ്പനികളെ പോലെ മെറ്റായും സാമ്പത്തികമായി മുന്നേറ്റം നടത്തിയിരുന്നു. കാരണം ലോക്ക്ഡൗൺ കാരണം ആളുകൾ പുറത്തിറങ്ങാതെ അവസ്ഥയിൽ എല്ലാവരും സോഷ്യൽ മീഡിയയെ കൂടുതൽ ആശ്രയിച്ചത് മെറ്റയ്ക്കും തുണയായി.

എന്നാൽ ലോക്ക്ഡൗൺ അവസാനിക്കുകയും ആളുകൾ വീണ്ടും പുറത്തിറങ്ങാൻ തുടങ്ങുകയും ചെയ്തതോടെ വരുമാന വളർച്ച കുറയാൻ തുടങ്ങി. മെറ്റയുടെ ഏറ്റവും വലിയ വരുമാന സ്രോതസ്സായ ഓൺലൈൻ പരസ്യങ്ങൾ നഷ്ടപ്പെട്ടത്  മെറ്റയുടെ ദുരിതങ്ങൾക്ക് വലിയൊരു കാരണവുമായി. ശതകോടീശ്വരൻ ഇലോൺ മസ്കിന്റെ ഏറ്റെടുക്കലിന് ശേഷം ട്വിറ്ററിൽ വ്യാപകമായ പിരിച്ചുവിടലുകൾ നടന്ന് ഒരാഴ്ചയ്ക്ക് ശേഷമാണ് മെറ്റയിലും ജീവനക്കാരെ പിരിച്ചു വിട്ടിരിക്കുന്നത്. 

Latest Videos
Follow Us:
Download App:
  • android
  • ios