ട്രംപിന്‍റെ അക്കൗണ്ട് നീക്കിയത് ജനാധിപത്യത്തിനുള്ള അപകട സന്ദേശമെന്ന് ബിജെപി എംപി
കഴിഞ്ഞ ദിവസമാണ് ട്വിറ്റര്‍ അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാല്‍ഡ് ട്രംപിന്‍റെ ട്വിറ്റര്‍ അക്കൗണ്ട് നീക്കം ചെയ്തത്.
ബംഗലൂരു: ട്വിറ്റര്‍ പോലുള്ള കമ്പനികള്‍ക്കെതിരെ നിയമം ശക്തമാക്കണമെന്ന ആവശ്യവുമായി ബിജെപി യുവ എംപി തേജസ്വി സൂര്യ രംഗത്ത്. അമേരിക്കന്‍ പ്രസിഡന്‍റ് ഡോണാല്‍ഡ് ട്രംപിന്‍റെ ട്വിറ്റര്‍ അക്കൗണ്ട് ട്വിറ്റര്‍ നിര്‍ത്തലാക്കിയത് ജനധിപത്യത്തിനുള്ള അപായ സൂചനയാണ് എന്നാണ് ബംഗലൂരു സൗത്ത് എംപി ട്വിറ്ററിലൂടെ സൂചിപ്പിക്കുന്നത്.
കഴിഞ്ഞ ദിവസമാണ് ട്വിറ്റര്‍ അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാല്‍ഡ് ട്രംപിന്‍റെ ട്വിറ്റര്‍ അക്കൗണ്ട് നീക്കം ചെയ്തത്. അടുത്തകാലത്ത് ട്വീറ്റ് ചെയ്ത ട്വീറ്റുകളുടെ സ്വഭാവവും അതുണ്ടാക്കിയ പ്രത്യഘാതങ്ങളും പഠിച്ച ശേഷം, ഭാവിയിലും ഈ അക്കൗണ്ടില്‍ നിന്നുള്ള ട്വീറ്റുകള്‍ ആക്രമണത്തിന് വഴിവച്ചെക്കും എന്ന് കണ്ടെത്തിയതിനാലാണ് ട്രംപിന്‍റെ അക്കൗണ്ട് പിന്‍വലിച്ചത് എന്നാണ് വെള്ളിയാഴ്ച ട്വിറ്റര്‍ ബ്ലോഗ് പോസ്റ്റിലൂടെ അറിയിച്ചത്.
ട്രംപിന്‍റെ രണ്ട് ട്വീറ്റുകള്‍ ജനുവരി 20ന് നടക്കുന്ന അമേരിക്കന്‍ പ്രസിഡന്‍റ് അധികാര കൈമാറ്റത്തിന് വെല്ലുവിളിയാകുന്നതാണെന്ന് നിരീക്ഷിച്ചതായും ട്വിറ്റര്‍ പറയുന്നു. ഇതിനെ തുടര്‍ന്നാണ് ബിജെപി എംപിയുടെ ട്വീറ്റ്. ട്വിറ്ററിന്‍റെ ഔദ്യോഗിക ട്വീറ്റ് ക്വാട്ട് ചെയ്താണ് തേജസ്വി സൂര്യയുടെ ട്വീറ്റ്. ഇതില്‍ കേന്ദ്ര ഐടി ആന്‍റ് ഇലക്ട്രോണിക്സ് മന്ത്രിയെയും ടാഗ് ചെയ്തിട്ടുണ്ട്.
ഇത് ഒരു മുന്നറിയിപ്പാണ്, എങ്ങനെയാണ് വലിയ നിയന്ത്രണങ്ങള്‍ ഇല്ലാത്ത ടെക് കമ്പനികള്‍ ജനാധിപത്യത്തിന് ഭീഷണിയാകുന്നത് എന്നത് സംബന്ധിച്ച്, ഇന്ന് അവര്‍ അമേരിക്കന്‍ പ്രസിഡന്‍റിനോട് ചെയ്തെങ്കില്‍ നാളെ ആര്‍ക്കെതിരെയു ചെയ്യാം. ഇന്ത്യ ഉടന്‍ തന്നെ ഇവരെ നിയന്ത്രിക്കാനുള്ള നയങ്ങള്‍ പരിശോധിക്കണം. അത് ജനാധിപത്യത്തിന് നല്ലത് - തേജസ്വി സൂര്യയുടെ ട്വീറ്റ് ചെയ്തു.