സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഔദ്യോഗിക ആവശ്യത്തിന് വാട്ട്സ്ആപ്പും ടെലഗ്രാമും വേണ്ട; ജിംസ് വരുന്നു.!
നാഷണല്‍ ഇന്‍ഫോമാറ്റിക്‌സ് സെന്‍ററിന്‍റെ കേരളാ യൂണിറ്റാണ് ഈ ജിംസ് ആപ്പ് വികസിപ്പിച്ചെടുത്തത്. ഐഓഎസിന്‍റെ 11ാം പതിപ്പിലും അതിന് ശേഷമുള്ള പതിപ്പുകളിലും ആന്‍ഡ്രോയിഡ് 4.4.4 കിറ്റ്കാറ്റിലും അതിന് ശേഷമുള്ള പതിപ്പുകളിലും ജിംസ് ആപ്പ് പ്രവര്‍ത്തിക്കും.
ദില്ലി: ഇനി മുതൽ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും, സൈനികര്‍ക്കും മറ്റ് തന്ത്രപ്രധാനമായ സ്ഥാനങ്ങളിലിരിക്കുന്നവര്‍ക്കും വാട്ട്സ്ആപ്പ്, ടെലിഗ്രാം പോലുള്ള വിദേശ മെസേജിങ് ആപ്പുകൾക്ക് പകരം ആശയവിനിമയം നടത്തുന്നതിനായി സുരക്ഷിതമായ മെസേജിങ് ആപ്ലിക്കേഷന്‍ കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിക്കാനൊരുങ്ങുന്നു. വാട്ട്സ്ആപ്പ്, ടെലിഗ്രാം പോലുള്ള വിദേശ മെസേജിങ് ആപ്പുകളില്‍ സ്വകാര്യതാ പ്രശ്‌നങ്ങള്‍ നില്‍ക്കെയാണ് പുതിയ നീക്കം.
ഗവണ്‍മെന്റ് ഇന്‍സ്റ്റന്‍റ് മെസേജിങ് സിസ്റ്റം (GIMS) എന്ന് കോഡ്‌നെയിം ആണ് പുതിയ മെസേജിങ് ആപ്പിന് നൽകിയിരിക്കുന്നത്. വാട്ട്സ്ആപ്പിലെ മിക്ക ഫീച്ചറുകളും ഇതിൽ ലഭ്യമായിരിക്കും. ഒഡീഷ ഉള്‍പ്പടെ ചില സംസ്ഥാനങ്ങളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ലഭ്യമാക്കിയിട്ടുണ്ട്. എന്‍റ് റ്റു എന്‍റ് എന്‍ക്രിപ്ഷനോടുകൂടിയാണ് ജിംസ് ആപ്പ് തയ്യാറാക്കിയിരിക്കുന്നത്.
നാഷണല്‍ ഇന്‍ഫോമാറ്റിക്‌സ് സെന്‍ററിന്‍റെ കേരളാ യൂണിറ്റാണ് ഈ ജിംസ് ആപ്പ് വികസിപ്പിച്ചെടുത്തത്. ഐഓഎസിന്‍റെ 11ാം പതിപ്പിലും അതിന് ശേഷമുള്ള പതിപ്പുകളിലും ആന്‍ഡ്രോയിഡ് 4.4.4 കിറ്റ്കാറ്റിലും അതിന് ശേഷമുള്ള പതിപ്പുകളിലും ജിംസ് ആപ്പ് പ്രവര്‍ത്തിക്കും. ഫോട്ടോകളും വീഡിയോകളും ഷെയർ ചെയ്യാം, എന്നാൽ വോയ്‌സ്, വീഡിയോ കോളുകൾ അനുവദിക്കുമോ എന്ന് ഇതുവരെ വ്യക്തമായിട്ടില്ല.
നാഷണല്‍ ഇന്‍ഫോമാറ്റിക്‌സ് സെന്‍റര്‍ ജീവനക്കാര്‍ക്കിടയില്‍ തന്നെയാണ് ജിംസ് ആപ്പ് ആദ്യമായി പരീക്ഷണാടിസ്ഥാനത്തില്‍ ലഭ്യമാക്കിയത്. ജിംസിനെ ഇന്ത്യയില്‍ നിര്‍മിച്ച സുരക്ഷിതമായ ആപ്പ് എന്ന നിലയിലാണ് അവതരിപ്പിക്കുന്നത്.
ഇതിന്‍റെ ഹോസ്റ്റിങ് സെര്‍വര്‍ ഇന്ത്യയില്‍ തന്നെയാവും. റിപ്പോർട്ട് പ്രകാരം ജിംസ് കൈകാര്യം ചെയ്യുന്നതിനും നിരീക്ഷിക്കുന്നതിനും മറ്റുമായി പ്രത്യേകം വെബ് പോര്‍ട്ടലും തയ്യാറാക്കുന്നുണ്ട്.