ടെക് ഭീമന്മാര്‍ക്ക് മൂക്കുകയര്‍ ഇടാന്‍ ബ്രിട്ടനും; പുതിയ സംവിധാനം ഇങ്ങനെ
ലോക രാജ്യങ്ങള്‍ക്കിടയിലുള്ള അതൃപ്തി വര്‍ദ്ധിക്കുന്നതിന്‍റെ സൂചനയാണ് പുതിയ ബ്രിട്ടീഷ് സര്‍ക്കാര്‍ തീരുമാനം എന്നാണ് ടെക് ലോകം വിലയിരുത്തുന്നത്.
ലണ്ടന്‍: ഗൂഗിള്‍, ഫേസ്ബുക്ക്, ട്വിറ്റര്‍ എന്നീ കമ്പനികള്‍ക്കെതിരെ നീക്കം ശക്തമാക്കി ബ്രിട്ടൻ. 2021 മുതല്‍ ഈ കമ്പനികള്‍ക്കെതിരെ കടുത്ത നടപടികള്‍ സ്വീകരിക്കുമെന്നാണ് ബ്രിട്ടനില്‍ നിന്നും വരുന്ന വാര്‍ത്തകള്‍. ബ്രിട്ടനില്‍ ഈ ടെക് ഭീമന്മാര്‍ എന്തെങ്കിലും തരത്തിലുള്ള ചൂഷണം നടത്തുന്നുണ്ടോ എന്ന് അന്വേഷിക്കാന്‍ പുതിയ നിരീക്ഷക സമിതിയെ നിയോഗിക്കുമെന്നാണ് പുതിയ റിപ്പോര്‍ട്ട്. 'ഡിജിറ്റല്‍ മാര്‍ക്കറ്റ്‌സ് യൂണിറ്റ്' എന്നായിരിക്കും ഈ സമിതിയുടെ പേര്.
ടെക് കമ്പനികള്‍ക്കായി ഏര്‍പ്പെടുത്തിയിരിക്കുന്ന പെരുമാറ്റച്ചട്ടം അവര്‍ പാലിക്കുന്നുണ്ടോ എന്ന് പരിശോധിക്കുക അവരായിരിക്കും. അതേ സമയം ടെക് ഭീമന്മാര്‍ക്കെതിരെ ലോക രാജ്യങ്ങള്‍ക്കിടയിലുള്ള അതൃപ്തി വര്‍ദ്ധിക്കുന്നതിന്‍റെ സൂചനയാണ് പുതിയ ബ്രിട്ടീഷ് സര്‍ക്കാര്‍ തീരുമാനം എന്നാണ് ടെക് ലോകം വിലയിരുത്തുന്നത്. ഓണ്‍ലൈന്‍ പരസ്യ വിപണിയിലെ ഈ കമ്പനികളുടെ ഇടപെടല്‍ സുതാര്യമല്ലെന്നാണ് പൊതുവില്‍ ഇവര്‍ക്കെതിരെ ഉയരുന്ന വിമര്‍ശനം.
ചില ടെക്‌നോളജി കമ്പനികള്‍ക്ക് പല സർക്കാരുകള്‍ക്കും പോലും നിയന്ത്രിക്കാനാകാത്ത വിധത്തില്‍ പടര്‍ന്നു പന്തലിച്ചു കഴിഞ്ഞുവെന്ന പൊതുവികാരം ഉണ്ടെന്നാണ് യുഎസും ബ്രിട്ടനും അടക്കമുള്ള രാജ്യത്തെ ഭരണകൂടുങ്ങള്‍ പോലും ഇപ്പോള്‍ വിശ്വസിക്കുന്നത് എന്നാണ് ചില ടെക് വിദഗ്ധരുടെ അഭിപ്രായം. ഇത് ഉല്‍കണ്ഠയുളവാക്കുന്ന കാര്യമാണ്. ഉപയോക്താക്കളുടെ ഡേറ്റ മുഴുവന്‍ കൈയ്യില്‍ വച്ച് അതുവച്ച് ആധിപത്യവും നിയന്ത്രണവും നടത്തിയാണ് കമ്പനികള്‍ ഇപ്പോള്‍ നീങ്ങുന്നത്.
ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകള്‍ സമൂഹങ്ങള്‍ക്ക് ഗുണകരമായ പലതും കൊണ്ടുവരുന്നുണ്ടെങ്കിലും ചില കമ്പനികള്‍ പലതും കുത്തകയാക്കി വച്ചിരിക്കുകയാണ് എന്നാണ്. ഇത് ടെക് മേഖലയുടെ വളര്‍ച്ചയെ മുരടിപ്പിക്കുന്നു. നൂതനാശയങ്ങള്‍ക്കു കടന്നു വരാനുള്ള വഴിയൊരുക്കുന്നില്ല. അതു വരുന്നെങ്കില്‍ തങ്ങളുടെ കാര്‍മികത്വത്തില്‍ മതിയെന്ന ദുശാഠ്യവും ഇപ്പോള്‍ ഈ കുത്തക കമ്പനികള്‍ പ്രകടിപ്പിക്കുന്നു എന്നതാണ് സർക്കാരുകള്‍ക്ക് ഇടപെടേണ്ട അവസ്ഥയിലേക്ക് കാര്യങ്ങള്‍ കൊണ്ടുചെന്നെത്തിച്ചത്- പുതിയ നിരീക്ഷണ സമിതി സംബന്ധിച്ച് ബ്രിട്ടന്റെ ഡിജിറ്റല്‍ സെക്രട്ടറി ഒലിവര്‍ ഡൗഡന്‍ പറഞ്ഞതാണ് ഇത്.