ബിറ്റ്കോയിനായി വീണ്ടും ഇലോണ്‍ മസ്ക്; മൂല്യം കുത്തനെ കൂടി
അതേ സമയം ടെസ്ല മേധാവിയുടെ ട്വീറ്റ് വന്നതിന് പിന്നാലെ ബിറ്റ്കോയിന്‍ മൂല്യത്തില്‍ വലിയ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. $39,209.54 മൂല്യത്തിലാണ് തിങ്കളാഴ്ച രാവിലെ ബിറ്റ് കോയിന്‍.
ന്യൂയോര്‍ക്ക്: ബിറ്റ് കോയിനില്‍ വീണ്ടും മലക്കംമറിഞ്ഞ് ടെസ്ല മേധാവി ഇലോണ്‍ മസ്ക്. ടെസ്ലയുമായുള്ള ഇടപാടുകള്‍ക്ക് ബിറ്റ്കോയിന്‍ ഉപയോഗിക്കാം എന്നാണ് ഇപ്പോള്‍ ഇലോണ്‍ മസ്കിന്‍റെ പ്രസ്താവന. കഴിഞ്ഞ ഫെബ്രുവരി മാസത്തില്‍ മസ്ക് സമാനമായ പ്രസ്താവന നടത്തിയിരുന്നു. ഇതോടെ ക്രിപ്റ്റോ കറന്‍സിയായ ബിറ്റ്കോയിന്‍ മൂല്യം കുത്തനെ വര്‍ദ്ധിച്ചു. എന്നാല്‍ കഴിഞ്ഞ മാസം മസ്ക് നിലപാട് മാറ്റി. ഇതോടെ ക്രിപ്റ്റോ കറന്‍സി വലിയ പ്രതിസന്ധിയിലായി.
ഈ നിലപാടാണ് കഴിഞ്ഞ ദിവസം നടത്തിയ ട്വീറ്റില്‍ മസ്ക് വീണ്ടും മാറ്റിയത്, തങ്ങളുടെ ബിറ്റ്കോയിന്‍ ശേഖരത്തിന്‍റെ 10 ശതമാനം മാത്രമാണ് വിറ്റതെന്നും. ഒപ്പം നേരത്തെ ബിറ്റ്കോയിന്‍ മൈനെര്‍സ് ക്ലീന്‍ എനര്‍ജി ഉപയോഗിക്കുന്നില്ല എന്ന് പറഞ്ഞ് നിര്‍ത്തിവച്ച ബിറ്റ്കോയിന്‍ ഇടപാടുകള്‍ വീണ്ടും ടെസ്ല ആരംഭിക്കുന്നുവെന്നും മസ്ക് ട്വീറ്റ് ചെയ്തു. 50 ശതമാനം ക്ലീന്‍ എനര്‍ജി ഉപയോഗിക്കുന്നുവെന്ന് മൈനെര്‍സ് ഉറപ്പ് നല്‍കിയതായി ടെസ്ല മേധാവി പറയുന്നു.
അതേ സമയം ടെസ്ല മേധാവിയുടെ ട്വീറ്റ് വന്നതിന് പിന്നാലെ ബിറ്റ്കോയിന്‍ മൂല്യത്തില്‍ വലിയ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. $39,209.54 മൂല്യത്തിലാണ് തിങ്കളാഴ്ച രാവിലെ ബിറ്റ് കോയിന്‍. 9.60 ശതമാനമാണ് മസ്കിന്‍റെ ട്വീറ്റ് ഒറ്റദിവസത്തില്‍ ഈ ക്രിപ്റ്റോ കറന്‍സിയുടെ മൂല്യം ഉയര്‍ത്തിയത്. ജൂണ്‍ 9ന് ശേഷം ഒരു ദിവസം ഉണ്ടാകുന്ന ഏറ്റവും വയി വര്‍ദ്ധനവാണിതെന്നാണ് കോയിന്‍മാര്‍ക്കറ്റ്കാപ്പ്.കോം കണക്കുകള്‍ പറയുന്നു. എന്നാല്‍ ഏപ്രില്‍ 14ന് $64,778.04 മൂല്യമുണ്ടായിരുന്ന ഒരു ബിറ്റ്കോയിന്‍ അവിടുന്ന് 40 ശതമാനം താഴേക്ക് കഴിഞ്ഞ രണ്ട് മാസത്തിനുള്ളില്‍ കൂപ്പുകുത്തിയിരുന്നു. അതിന് പ്രധാനകാരണം ടെസ്ലയുടെ പിന്‍മാറ്റമാണ്.
ഇതില്‍ മാറ്റം വരുത്തുന്നത് ക്രിപ്റ്റോ കറന്‍സി സമൂഹം പ്രതീക്ഷയോടെയാണ് കാണുന്നത്. അതേ സമയം പുതിയ പ്രഖ്യാപനത്തോടെ ടെസ്ലയുടെ ഓഹരികളിലും വലിയ മുന്നേറ്റം ഉണ്ടായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.