പഴയ ഒരുരൂപ 10 ലക്ഷത്തിന് ഓണ്‍ലൈനില്‍ വില്‍പ്പനയ്ക്ക് വച്ച അധ്യാപികയ്ക്ക് നഷ്ടമായത് ഒരു ലക്ഷത്തിലേറെ രൂപ
38 കാരിയായ അധ്യാപിക തന്‍റെ കൈയ്യിലുള്ള 1947 ലെ നാണയം ജൂണ്‍ 15ന് ഒരു ഓണ്‍ലൈന്‍ സൈറ്റില്‍ വില്‍പ്പനയ്ക്ക് ഇട്ടത്. 10 ലക്ഷം രൂപയാണ് ഇവര്‍ അതിന് വില നിശ്ചയിച്ചത്.
ബെംഗളൂരു: ലക്ഷങ്ങള്‍ ലഭിക്കുമെന്ന പ്രതീക്ഷയില്‍ ഓണ്‍ലൈനില്‍ പഴയ ഒരുരൂപ വില്‍പ്പനയ്ക്ക് വച്ച അധ്യാപികയ്ക്ക് നഷ്ടമായത് ഒരു ലക്ഷത്തിലേറെ രൂപ. സര്‍ജപുര മെയിന്‍ റോഡ് കൈക്രോഡ്രഹള്ളി സ്വദേശിയായ അധ്യാപികയെയാണ് ഓണ്‍ലൈന്‍ തട്ടിപ്പിന് ഇരയായത്. തന്‍റെ കൈയ്യിലുള്ള 1947 ലെ നാണയം വില്‍ക്കാനാണ് ഇവര്‍ ശ്രമിച്ചത്.
പഴയ നാണയങ്ങള്‍ക്ക് ലക്ഷങ്ങള്‍ വില ലഭിക്കുന്നു എന്ന രീതിയില്‍ അടുത്തിടെ നിരവധി വാര്‍ത്തകള്‍ വന്നിരുന്നു. ഇതിന് പിന്നാലെയാണ് 38 കാരിയായ അധ്യാപിക തന്‍റെ കൈയ്യിലുള്ള 1947 ലെ നാണയം ജൂണ്‍ 15ന് ഒരു ഓണ്‍ലൈന്‍ സൈറ്റില്‍ വില്‍പ്പനയ്ക്ക് ഇട്ടത്. 10 ലക്ഷം രൂപയാണ് ഇവര്‍ അതിന് വില നിശ്ചയിച്ചത്.
തുടര്‍ന്ന് ഇവരെ തേടി ഒരു കോടി രൂപ നല്‍കാം നാണയം വില്‍ക്കുന്നോ എന്ന് ചോദിച്ച് ഒരു അജ്ഞാതന്‍ ബന്ധപ്പെട്ടു. ആ ഓഫറില്‍ വീണുപോയ അധ്യാപിക ഇയാളുമായി ഡീല്‍ ഉറപ്പിച്ച്. തന്‍റെ വിവരങ്ങളും ബാങ്ക് അക്കൌണ്ട് വിവരങ്ങളും നല്‍കി. അതേ സമയം ഒരു കോടി രൂപ കൈമാറ്റം ചെയ്യണമെങ്കില്‍, ആദായ നികുതിയായി ഒരു ലക്ഷത്തിലേറെ രൂപ അടയ്ക്കേണ്ടിവരും എന്ന് അജ്ഞാതന്‍ അറിയിച്ചു. അത് വിശ്വസിച്ച അധ്യാപിക പലതവണയായി ഒരു ലക്ഷത്തിലേറെ രൂപ കൈമാറി.
എന്നാല്‍ പണം കൈമാറിയിട്ടും മറുഭാഗത്ത് നിന്നും പ്രതികരണമില്ലാത്തപ്പോഴാണ് പണം തട്ടാനുള്ള കെണിയായിരുന്നു ഇതെന്ന് അധ്യാപിക മനസിലാക്കിയത്. എന്തായാലും തട്ടിപ്പ് മനസിലാക്കിയ യുവതി പൊലീസില്‍ പരാതി നല്‍കി. തട്ടിപ്പുകാരന് പണം നല്‍കിയ അക്കൌണ്ട്. ഇയാള്‍ ബന്ധപ്പെട്ട നമ്പര്‍ എന്നിവവച്ച് പ്രതിയെ പിടിക്കാനുള്ള ശ്രമത്തിലാണ് പൊലീസ്.