അമസോണില്‍ നിന്ന് 'ചാണക കേക്ക്' വാങ്ങി ഉപയോഗിച്ചയാളുടെ റിവ്യൂ വൈറല്‍; കാരണമിതാണ്.!
സാധാരണ മതപരമായ ആവശ്യങ്ങൾക്കും കത്തിക്കാനുമാണ് ചാണകം ഉപയോഗിക്കുന്നത്. എന്നാൽ ആമസോണിൽ നിന്ന് വാങ്ങിയ ചാണകം ഒരാൾ കഴിച്ചുനോക്കുകയായിരുന്നു.
ദില്ലി: എന്തും ലഭിക്കുന്ന ഇടയാണ് ഓണ്‍ലൈന്‍ വില്‍പ്പനയിടങ്ങള്‍. ഇത്തരത്തില്‍ ആമസോണില്‍ വിറ്റ ഒരു വസ്തുവിന്‍റെ ഉപയോഗശേഷമുള്ള വിചിത്ര റിവ്യൂവാണ് ഇപ്പോള്‍ ദേശീയ മാധ്യമങ്ങൾ അടക്കം റിപ്പോർട്ട് ചെയ്ത് വൈറലായത്. ആമസോണിൽ നിന്ന് വാങ്ങിയ 'ചാണക കേക്ക്' കഴിച്ച്, അതിന്റെ റിവ്യൂ പോസ്റ്റ് ചെയ്തിരിക്കുകയാണ് ഒരു ഉപഭോക്താവ്.
സാധാരണ മതപരമായ ആവശ്യങ്ങൾക്കും കത്തിക്കാനുമാണ് ചാണകം ഉപയോഗിക്കുന്നത്. എന്നാൽ ആമസോണിൽ നിന്ന് വാങ്ങിയ ചാണകം ഒരാൾ കഴിച്ചുനോക്കുകയായിരുന്നു. പേര് വെളിപ്പെടുത്താത്ത ആമസോൺ ഉപഭോക്താവ് ചാണകം കഴിച്ചതിന്റെ അനുഭവം റിവ്യൂ ആയി നൽകിയിട്ടുണ്ട്.
ആമസോണിൽ നിന്ന് വാങ്ങിയ ചാണക കേക്കുകളെക്കുറിച്ച് ഒരാൾ അവലോകനം ചെയ്തതായി ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ട്വിറ്ററില്‍ ഇട്ടത് ഡോ. സഞ്ജയ് അറോറയാണ്. ട്വിറ്ററിൽ റിവ്യൂ പോസ്റ്റിന്റെ സ്ക്രീൻഷോട്ടുകൾ വൈറലായി. മെറാ ഇന്ത്യ, ഐ ലവ് മൈ ഇന്ത്യ എന്ന കുറിപ്പോടെയാണ് ഇദ്ദേഹം സ്ക്രീന്‍ ഷോട്ടുകള്‍ ഷെയര്‍ ചെയ്തിരിക്കുന്നത്.
ഷെയര്‍ ചെയ്ത സ്ക്രീന്‍ഷോട്ടിലെ റിവ്യൂവില്‍ പറയുന്നത് ഇതാണ്- ‘ഞാൻ അത് കഴിച്ചപ്പോൾ മോശമായാണ് അനുഭവപ്പെട്ടത്. പുല്ലുപോലെയും രുചിയിൽ ചെളി നിറഞ്ഞതുമായിരുന്നു അത്. നിർമിക്കുമ്പോൾ ദയവായി കുറച്ചുകൂടി മികച്ചതാക്കാൻ ശ്രമിക്കുക. കൂടാതെ, ഈ ഉൽപന്നത്തിന്റെ രുചിയിലും ക്രഞ്ചിനസിലും ശ്രദ്ധിക്കുക’. തന്റെ പോസ്റ്റിൽ, സഞ്ജയ് അറോറ ഉൽപന്നത്തിന്റെ രണ്ട് സ്ക്രീൻഷോട്ടുകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.