ഐജി ടിവി പരീക്ഷണം അവസാനിപ്പിച്ച് ഇന്‍സ്റ്റഗ്രാം; 'റീല്‍സ്' തുടരും
യൂട്യൂബിനോട് മത്സരിക്കുക എന്ന ഉദ്ദേശത്തോടെ 2018ല്‍ ആണ് ഇന്‍സ്റ്റാഗ്രാം ഐജിടിവി അവതരിപ്പിച്ചത്.
ന്യൂയോര്‍ക്ക്: ഓണ്‍ലൈന്‍ വീഡിയോ കാഴ്ചയില്‍ വിപ്ലവം നടത്താന്‍ കൊണ്ടുവന്ന ഐജി ടിവി പിന്‍വലിക്കാന്‍ ഇന്‍സ്റ്റഗ്രാം. ഫേസ്ബുക്ക് നിയന്ത്രണത്തിലുള്ള സോഷ്യല്‍ മീഡിയയില്‍ വലിയ ഫോര്‍മാറ്റ് വീഡിയോകള്‍ ഇനി ഇന്‍സ്റ്റഗ്രാം വീഡിയോസ് എന്ന പേരിലായിരിക്കും അറിയിപ്പെടുക. 'ഇന്‍സ്റ്റാഗ്രാം വീഡിയോ' എന്ന പേരില്‍ ഐജിടിവിയേയും ന്യൂസ് ഫീഡ് വീഡിയോകളേയും ഒന്നിപ്പിക്കാനാണ് ഇന്‍സ്റ്റാഗ്രാമിന്റെ പദ്ധതി. ഇതിന്റെ ഭാഗമായി ഉപഭോക്താവിന്റെ പ്രൊഫൈലില്‍ പുതിയ വീഡിയോ ടാബ് അവതരിപ്പിക്കും.
യൂട്യൂബിനോട് മത്സരിക്കുക എന്ന ഉദ്ദേശത്തോടെ 2018ല്‍ ആണ് ഇന്‍സ്റ്റാഗ്രാം ഐജിടിവി അവതരിപ്പിച്ചത്. ദൈര്‍ഘ്യമുള്ള വീഡിയോകള്‍ക്കായി പ്രത്യേക ആപ്ലിക്കേഷനാണ് ഐജിടിവി. ഒരു മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോകള്‍ ന്യൂസ് ഫീഡിലും ഒരു മണിക്കൂറോളം ദൈര്‍ഘ്യമുള്ളവ ഐജിടിവിയിലും ആണ് ഉള്ളത്. ഐജിടിവിയ്ക്ക് വേണ്ടി പ്രത്യേകം ആപ്ലിക്കേഷനും ഉണ്ട്.
2020 ൽ ടിക്ടോക്കിനെ വെല്ലാന്‍ ഇന്‍സ്റ്റഗ്രാം റീൽസും പുറത്തിറക്കി. ന്യൂസ് ഫീഡ് വീഡിയോ, റീൽസ് വീഡിയോ, ഐജിടിവി വീഡിയോ എന്നിങ്ങനെ മൂന്ന് തരം വീഡിയോ ഫോർമാറ്റുകൾ ഇന്‍സ്റ്റാഗ്രാമിൽ വന്നു. ഇത് ഒഴിവാക്കുന്നതിനും ഉള്ളടക്കങ്ങളെ ഒറ്റ പ്ലാറ്റ് ഫോമിലേക്ക് കേന്ദ്രീകരിക്കുന്നതിനുമാണ് പുതിയ നീക്കം.
അതേസമയം തന്നെ റീൽസ് പ്രത്യേക വിഭാഗമായി തുടരും. എന്നാൽ, ഐജിടിവി ആപ്പിനെ ഇന്‍സ്റ്റാഗ്രാം ടിവി ആപ്പ് എന്ന് പേര് മാറ്റുമെന്നും ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.