ഓർഡര്‍ ചെയ്തത് 349 രൂപയുടെ വസ്ത്രം; പോയത് 62,108 രൂപ! 'പണി' വന്ന വഴി ഇങ്ങനെ, സൂക്ഷിക്കണേ...

നിശ്ചിത ദിവസത്തിനകം വസ്ത്രം വീട്ടിൽ വിതരണം നടത്താത്തതിനാൽ ഓൺലൈൻ വിൽപ്പന സൈറ്റിന്‍റെ കസ്റ്റമർ കെയർ നമ്പർ ഇന്‍റർനെറ്റിൽ പരതുകയും അവിടെനിന്നും ലഭിച്ച നമ്പറിൽ വസ്ത്രം വിതരണം ചെയ്യാത്തതിനെക്കുറിച്ച് അന്വേഷിക്കുകയും ചെയ്തു.

349 dress ordered 62,108 rupees gone how reasons explained btb

തൃശൂർ: ഓൺലൈൻ വ്യാപാര വെബ്സൈറ്റിൽ 349 രൂപയുടെ വസ്ത്രം ഓർഡർ ചെയ്ത വയോധികയുടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് 62,108 രൂപ സൈബർ കള്ളൻമാർ തട്ടിയെടുത്തതായി പരാതി. മണ്ണുത്തി പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. സംഭവം ഇങ്ങനെ: മണ്ണുത്തി സ്വദേശിനിയായ 77 വയസുകാരി ഓൺലൈൻ വ്യാപാര വെബ്സൈറ്റിന്‍റെ മൊബൈൽ ആപ്പ് ഉപയോഗിച്ച് 349 രൂപയുടെ വസ്ത്രം പണമടച്ച്  ഓർഡർ ചെയ്തിരുന്നു.

നിശ്ചിത ദിവസത്തിനകം വസ്ത്രം വീട്ടിൽ വിതരണം നടത്താത്തതിനാൽ ഓൺലൈൻ വിൽപ്പന സൈറ്റിന്‍റെ കസ്റ്റമർ കെയർ നമ്പർ ഇന്‍റർനെറ്റിൽ പരതുകയും അവിടെനിന്നും ലഭിച്ച നമ്പറിൽ വസ്ത്രം വിതരണം ചെയ്യാത്തതിനെക്കുറിച്ച് അന്വേഷിക്കുകയും ചെയ്തു.  സാങ്കേതിക കാരണങ്ങളാൽ ഓർഡർ ചെയ്ത വസ്ത്രം വിതരണം നടത്താൻ സാധിക്കില്ലെന്നും വസ്ത്രത്തിനുവേണ്ടി മുടക്കിയ തുക തിരിച്ചു നൽകാമെന്നാണ് പറഞ്ഞതെന്നും പരാതിയിൽ പറയുന്നു. തുടര്‍ന്ന് അവർ അയച്ചു തന്ന ലിങ്ക് ഉപയോഗിച്ച് ഒരു ആപ്ലിക്കേഷൻ ഫോണിൽ ഇൻസ്റ്റാൾ ചെയ്തതോടെ അക്കൗണ്ടില്‍ നിന്ന് പണം നഷ്ടമാവുകയായിരുന്നു. 

സൈബർ തട്ടിപ്പ് നടക്കുന്ന രീതി

പ്രശസ്തമായ ഓൺലൈൻ വ്യാപാര വെബ്സൈറ്റുകളുടെ കസ്റ്റമർ കെയർ നമ്പറുകൾ  എന്ന പേരിൽ കള്ളൻമാർ  അവരുടെ നമ്പറുകൾ അടങ്ങിയ കൃത്രിമ വെബ്സൈറ്റ് സൃഷ്ടിക്കുന്നു. അതിനുശേഷം ഇന്റർനെറ്റ് സെർച്ച് എൻജിൻ ഓപ്റ്റിമൈസേഷൻ സാങ്കേതിക വിദ്യ ഉപയോഗിച്ച് ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്നു. എന്തെങ്കിലും കാര്യത്തിന് ഉപഭോക്താക്കൾ ഇന്റർനെറ്റിൽ (ഗൂഗിൾ അടക്കമുള്ള സെർച്ച് എഞ്ചിനുകളിൽ) പരതുമ്പോൾ സൈബർ കള്ളൻമാർ കൃത്രിമമായി സൃഷ്ടിച്ച വെബ്സൈറ്റ് ആയിരിക്കും കാണിച്ചുതരുന്നത്. യഥാർത്ഥ വെബ്സൈറ്റ് ആണെന്നു കരുതി ഉപഭോക്താക്കൾ  അതിൽ പരാമർശിച്ചിരിക്കുന്ന ടെലിഫോൺ നമ്പറിൽ വിളിക്കുമ്പോൾ സൈബർകള്ളൻമാരുടെ കെണിയിൽ അകപ്പെടുന്നു. 

സൈബർസെൽ സുരക്ഷ നിർദ്ദേശങ്ങൾ

കസ്റ്റമർ കെയർ നമ്പറുകൾ അന്വേഷിച്ച് കൊണ്ട് ഇന്റർനെറ്റിൽ പരതുമ്പോൾ സെർച്ച് എഞ്ചിനുകൾ ശുപാർശചെയ്യുന്ന ടെലിഫോൺ നമ്പറുകൾ, വെബ്സൈറ്റുകൾ എന്നിവ യഥാർത്ഥമാണോ എന്ന് ഉറപ്പുവരുത്തുക.  വെബ് വിലാസം (URL) കൃത്യമാണെന്ന് പരിശോധിക്കുക. സൈബർ തട്ടിപ്പുകാർ അയച്ചു തരുന്ന ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുത്. ഇത്തരം ലിങ്കുകളിൽ ക്ലിക്ക് ചെയ്യുന്നതോടെ, അതിൽ ഒളിഞ്ഞിരിക്കുന്ന പ്രോഗ്രാമുകൾ നിങ്ങളുടെ മൊബൈൽ ഫോണിനേയും കമ്പ്യൂട്ടറുകളേയും നിയന്ത്രിക്കുകയും, വിവരങ്ങൾ ചോർത്തുകയും ചെയ്യും. ഓൺലൈൻ ഷോപ്പിംഗിന് വിശ്വസനീയമായ യഥാർത്ഥ വെബ്സൈറ്റുകളേയും ആപ്ലിക്കേഷനുകളേയും മാത്രം ആശ്രയിക്കുക.  സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്ന ലിങ്കുകളിൽ ക്ലിക്ക് ചെയ്ത് ഷോപ്പിംഗ് നടത്തരുത്. 

സെർച്ച് എഞ്ചിൻ ഓപ്റ്റിമൈസേഷൻ എന്നാൽ (Search Engine Optimization)

വിവരങ്ങൾ ലഭിക്കുന്നതിനായി ഗൂഗിൾ പോലുള്ള സെർച്ച് എഞ്ചിനുകൾ ഉപയോഗിച്ച് ഇന്റർനെറ്റിൽ പരതുമ്പോൾ ലഭിക്കുന്ന യഥാർത്ഥ ഫലങ്ങളെ സ്വാധീനിക്കാൻ കഴിയുന്ന സാങ്കേതിക വിദ്യയാണിത്. കമ്പ്യൂട്ടർ പ്രോഗ്രാമുകളിൽ ചില പ്രത്യേക തരം സൂചക പദങ്ങൾ (keyword) ഉപയോഗിച്ച് അൽഗോരിതത്തിൽ മാറ്റം വരുത്തി, സെർച്ച് എഞ്ചിനുകളിൽ നിന്നും ലഭിക്കുന്ന ഫലങ്ങളിൽ വ്യത്യാസങ്ങൾ വരുത്താൻ കഴിയും.  ചില സെർച്ച് എഞ്ചിൻ കമ്പനികൾ പണം സ്വീകരിച്ചും വെബ്സൈറ്റ് പ്രമോഷനുകൾ ഏറ്റെടുത്തു ചെയ്തുവരുന്നു.

'മുട്ടൊപ്പമുള്ള ഡ്രസാണ് സുഹൃത്ത് ഇട്ടത്, മെട്രോയിൽ എതിരെയിരുന്ന 40കാരൻ കാലിന്‍റെ ചിത്രങ്ങളെടുത്തു'; കുറിപ്പ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

Latest Videos
Follow Us:
Download App:
  • android
  • ios