Xerces blue butterfly : 80 വർഷം മുമ്പ് അപ്രത്യക്ഷമായ നീല ചിത്രശലഭത്തെ കണ്ടെത്തി! ആവേശത്തിൽ എന്റമോളജിസ്റ്റുകൾ

അതിശയകരമെന്നു പറയട്ടെ, ഈ ഇനം ചിത്രശലഭം 1852 -കളിലാണ് കൂടുതലായി കണ്ടിരുന്നത്. അതായത്, 100 വർഷത്തിനുള്ളിൽ, ഈ ഇനം ചിത്രശലഭങ്ങൾക്ക് ഭൂമിയിൽ വംശനാശം സംഭവിച്ചു. 

Xerces blue butterfly found after 80 years

മധ്യപ്രദേശിലെ(Madhya Pradesh) രണ്ട് എന്റമോളജിസ്റ്റുകൾ വംശനാശം സംഭവിച്ചു എന്ന് കരുതിയിരുന്ന നീലനിറത്തിലുള്ള ഒരു ചിത്രശലഭത്തെ കണ്ടെത്തി. സെർസെസ് ബ്ലൂ ബട്ടർഫ്‌ളൈ(Xerces blue species of butterfly) എന്നാണ് ഇതിന്റെ പേര്. ഏകദേശം 80 വർഷം മുമ്പാണ് ഈ മനോഹര ചിത്രശലഭത്തെ അവസാനമായി കണ്ടത്. അതിന് ശേഷം ഈ ഇനം ചിത്രശലഭങ്ങൾക്ക് വംശനാശം സംഭവിച്ചുവെന്നാണ് കരുതിയിരുന്നത്. അവയുടെ ഈ തിരോധാനത്തിന് കാരണം മനുഷ്യർ തന്നെയാണ്. നഗരവൽക്കരണം മൂലം ആവാസവ്യവസ്ഥ നഷ്ടപ്പെട്ടതിനെ തുടർന്ന് വംശനാശം സംഭവിച്ച ആദ്യത്തെ അമേരിക്കൻ ചിത്രശലഭമാണ് സെർസെസ് ബ്ലൂ എന്ന് വിശ്വസിക്കപ്പെടുന്നു.
 
ഗവൺമെന്റ് എംഎച്ച് കോളേജ് ഓഫ് ഹോം സയൻസ് ആൻഡ് സയൻസ് ഫോർ വുമണിലെ ശ്രദ്ധാ ഖപ്രെയും, ഡോ. അർജുൻ ശുക്ലയുമാണ് ഒക്ടോബർ 19 -ന് ബർഗി ഡാമിന് സമീപം സെർസെസ് നീല ചിത്രശലഭത്തെ കണ്ടത്. ഡിസംബർ 16 -ന് ജബൽപൂരിലെ ഡിയോട്ടൽ കുന്നിൽ അവർ അതിനെ വീണ്ടും കണ്ടു. ഈ സ്ഥലങ്ങൾ തമ്മിലുള്ള ദൂരം ഏകദേശം 35 കിലോമീറ്ററാണ്. രണ്ടിടത്തും ചിത്രശലഭങ്ങളെ കണ്ടയുടൻ അവർ ശ്രദ്ധാപൂർവ്വം അവയെ ശേഖരിക്കുകയും പിന്നീട് സൂക്ഷമായി പരിശോധിക്കുകയും ചെയ്തു. ചിത്രശലഭങ്ങളുടെ മാതൃകകളെ ഫ്ലോറിഡ മ്യൂസിയം ഓഫ് നാച്ചുറൽ ഹിസ്റ്ററിയിൽ സൂക്ഷിച്ചിരിക്കുന്ന ചിത്രശലഭങ്ങളുടെ ചിത്രങ്ങളുമായി അവർ താരതമ്യം ചെയ്തു.  

"ഞങ്ങൾ ശേഖരിച്ച ചിത്രശലഭങ്ങളുടെ ചിറകുകളുടെ ആകൃതി, നിറം, ആന്റിന, അവയുടെ സെഗ്‌മെന്റ്, വലിപ്പം എന്നിവയുമായി ഫ്ലോറിഡ മ്യൂസിയത്തിൽ സൂക്ഷിച്ചിരിക്കുന്ന ശലഭങ്ങളുടെ മാതൃകകളുമായി താരതമ്യം ചെയ്തു. സൂക്ഷ്മമായ താരതമ്യത്തിൽ രണ്ടും ഒന്നാണെന്ന് ഞങ്ങൾ കണ്ടെത്തി” ശ്രദ്ധയും, ഡോ. ശുക്ലയും പറഞ്ഞു. സാൻഫ്രാൻസിസ്കോയിലെ സൺസെറ്റ് ഡിസ്ട്രിക്റ്റിലെ മൺകൂനകളിലാണ് സെർസെസ് നീല ചിത്രശലഭത്തെ അവസാനമായി കണ്ടത്. എന്നാൽ, ഇന്ത്യയിൽ ഇതിന് മുൻപ് ഈ ഇനത്തെ കണ്ടെത്തിയതായി രേഖകൾ ഒന്നുമില്ല. ഈ കണ്ടെത്തൽ ഇന്ത്യയുടെ 1500 -ലധികം ചിത്രശലഭ ഇനങ്ങളുടെ പട്ടികയിൽ ചേർക്കും.

അതിശയകരമെന്നു പറയട്ടെ, ഈ ഇനം ചിത്രശലഭം 1852 -കളിലാണ് കൂടുതലായി കണ്ടിരുന്നത്. അതായത്, 100 വർഷത്തിനുള്ളിൽ, ഈ ഇനം ചിത്രശലഭങ്ങൾക്ക് ഭൂമിയിൽ വംശനാശം സംഭവിച്ചു. റിപ്പോർട്ടുകൾ പ്രകാരം, ഒരു ശാസ്ത്രജ്ഞൻ ലോബോസ് ഗ്രീക്കിൽ നിന്ന് 1941 -ലാണ്  അവസാനത്തെ സെർസെസ് നീല ചിത്രശലഭത്തെ ശേഖരിച്ചത്. ഈ ഇനത്തിലെ അവസാനത്തെ ചിത്രശലഭത്തെ താൻ കൊന്നുവെന്ന് പറഞ്ഞ് അദ്ദേഹം പിന്നീട് ഖേദിക്കുകയുണ്ടായി. അതിവേഗം വളരുന്ന നഗരങ്ങൾ, മലിനീകരണം, ആവാസവ്യവസ്ഥയുടെ നഷ്ടം എന്നിവയാണ് അവയുടെ വംശനാശത്തിന് കാരണങ്ങൾ. മനുഷ്യന്റെ സ്വാർത്ഥത ഈ മനോഹരമായ ജീവിയെ ഭൂമിയിൽ നിന്ന് അപ്രത്യക്ഷമാക്കി. പ്രാണികൾ നമ്മുടെ ആവാസവ്യവസ്ഥയിൽ വളരെ വലിയ പങ്ക് വഹിക്കുന്നു. അവ മണ്ണിന്റെ ഫലഭൂയിഷ്ഠത വർദ്ധിപ്പിക്കുന്നു, പരാഗണത്തെ സഹായിക്കുന്നു. മാത്രമല്ല ഈ സസ്യഭുക്കുകളെ മാംസഭോജികളായ ജീവികൾ ഭക്ഷിക്കുന്നു. ഇവയുടെ വംശനാശം മുഴുവൻ ഭക്ഷണ ശൃംഖലയെയും ദോഷമായി ബാധിച്ചേക്കാം.

Latest Videos
Follow Us:
Download App:
  • android
  • ios