പൊരിച്ച മീനല്ല, ഇവിടെ പ്രശ്നം താറാവിന്റെ കാല്, അമ്മയോട് പൊട്ടിത്തെറിച്ച് മകൾ
'താറാവിൻ്റെ കാലുകൾ എപ്പോഴും മകനും കൊച്ചുമകനും നൽകണമെന്ന് നിങ്ങൾ കരുതുന്നത് എന്തുകൊണ്ടാണ്? 30 വർഷത്തിലേറെയായി ഈ രീതിയാണ് നിങ്ങൾ പിന്തുടരുന്നത്. നിങ്ങളുടെ മനോഭാവത്തിൽ ഒരു പ്രശ്നമുണ്ട്, അത് നിങ്ങൾക്കറിയാമോ?' എന്നാണ് മകൾ അമ്മയോട് ചോദിക്കുന്നത്.
പൊരിച്ച മീനിന്റെ രാഷ്ട്രീയം പറഞ്ഞതിന് റിമ കല്ലിങ്കൽ വലിയ തരത്തിൽ ട്രോൾ ചെയ്യപ്പെട്ടതോർക്കുന്നുണ്ടോ? ഒരു കഷ്ണം മീൻ കിട്ടാത്തതായിരുന്നില്ല റിമയുടെ പ്രശ്നം. മറിച്ച്, ആൺകുട്ടികളോടും പെൺകുട്ടികളോടും കാണിക്കുന്ന വേർതിരിവുകളാണ് എന്ന് അന്ന് മിക്കവർക്കും മനസിലായില്ല. എന്തായാലും, ചൈനയിൽ നിന്നുള്ള ഒരു യുവതിയുടെ സമാനമായ അനുഭവം സാമൂഹിക മാധ്യമങ്ങളിൽ വലിയ ചർച്ചയായിരിക്കുകയാണ്.
താറാവിന്റെ കാലുകൾ അമ്മ സ്ഥിരമായി സഹോദരനാണ് കൊടുക്കുന്നത്. തനിക്കെപ്പോഴും ചിറകിന്റെ ഭാഗം മാത്രമാണ് തരുന്നത് എന്നാണ് യുവതിയുടെ പരാതി. കഴിഞ്ഞ 30 വർഷമായി അമ്മ ഇത് തുടങ്ങിയിട്ട്. താറാവിന്റെ കാല് എപ്പോഴും മകനും കൊച്ചുമകനും നൽകും. ഒരിക്കൽ പോലും തനിക്ക് അത് നൽകണമെന്ന് അമ്മയ്ക്ക് തോന്നിയിട്ടില്ല എന്നാണ് യുവതി പറയുന്നത്.
മധ്യ ചൈനയിലെ അൻഹുയി പ്രവിശ്യയിൽ നിന്നുള്ളതാണ് യുവതി. വർഷങ്ങളുടെ അവഗണന സഹിക്കാനാവാതെ വന്നപ്പോൾ യുവതി അമ്മയ്ക്ക് നേരെ പൊട്ടിത്തെറിക്കുകയായിരുന്നു. മെയ് 17 -ന് രാത്രിഭക്ഷണത്തിന്റെ സമയത്താണ് സംഭവം. ഇതിന്റെ വീഡിയോയും പ്രചരിച്ചു.
'താറാവിൻ്റെ കാലുകൾ എപ്പോഴും മകനും കൊച്ചുമകനും നൽകണമെന്ന് നിങ്ങൾ കരുതുന്നത് എന്തുകൊണ്ടാണ്? 30 വർഷത്തിലേറെയായി ഈ രീതിയാണ് നിങ്ങൾ പിന്തുടരുന്നത്. നിങ്ങളുടെ മനോഭാവത്തിൽ ഒരു പ്രശ്നമുണ്ട്, അത് നിങ്ങൾക്കറിയാമോ?' എന്നാണ് മകൾ അമ്മയോട് ചോദിക്കുന്നത്.
'ഇവിടെ ചോദ്യങ്ങളില്ല. നിനക്ക് വേണമെങ്കിൽ കഴിക്കാം. ഇല്ലെങ്കിൽ കഴിക്കണ്ട' എന്നാണ് അമ്മ മകളോട് പറയുന്നത്. മകൾ വീണ്ടും അമ്മയോട് ചോദ്യങ്ങൾ ചോദിക്കുന്നുണ്ട്. 'ഇവിടെ ആവശ്യത്തിന് താറാവിന്റെ കാലുകൾ ഇല്ലാത്തതല്ല പ്രശ്നം. നമ്മൾ ഇപ്പോൾ നല്ല അവസ്ഥയിലാണ് ജീവിക്കുന്നത്. പക്ഷേ, എനിക്ക് തരാതെ എപ്പോഴും അത് ആൺമക്കൾക്ക് കൊടുക്കാൻ നിങ്ങൾ തീരുമാനിക്കുന്നു. ഒരു സ്ത്രീയായിട്ട് പോലും ആൺമക്കൾക്കാണ് പെൺമക്കളേക്കാൾ പ്രാധാന്യമെന്ന് നിങ്ങളെന്തുകൊണ്ടാണ് കരുതുന്നത്' എന്നാണ് യുവതി ചോദിക്കുന്നത്.
അതോടെ അമ്മ, 'നിനക്ക് തന്ന ഭക്ഷണം വേണ്ടെങ്കിൽ കഴിക്കണ്ട, അത് ഞാൻ പട്ടിക്ക് കൊടുത്തോളാം' എന്നും പറഞ്ഞ് അതെടുത്ത് പട്ടിക്ക് കൊടുക്കുകയാണ്.
വീഡിയോ ചൈനയിലെ സോഷ്യൽ മീഡിയകളിൽ വലിയ ചർച്ചയായി മാറി. ഇന്നത്തെ കാലത്തും എന്തുകൊണ്ടാണ് സ്ത്രീ-പുരുഷ വിവേചനം ഇങ്ങനെ തന്നെ നിലനിൽക്കുന്നത് എന്നാണ് പലരും ചോദിച്ചത്.
(ചിത്രം പ്രതീകാത്മകം)