ഭർത്താവിന് കറുത്ത നിറം, കൂടെ ജീവിക്കില്ലെന്ന് ഭാര്യ, വീട്ടിൽ നിന്നും ഇറങ്ങിപ്പോയി
പൊലീസ് അന്വേഷണം ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങളും ഫോൺ രേഖകളും പരിശോധിച്ചു. ജ്യോതി മറ്റ് രണ്ട് യുവാക്കള്‍ക്കൊപ്പം ബൈക്കിൽ പോവുന്നതായി സിസിടിവി ദൃശ്യങ്ങളിൽ നിന്നും കണ്ടെത്തി.
ഭർത്താവിന് കറുത്ത നിറമെന്നാരോപിച്ച് കൂടെ ജീവിക്കാൻ വിസമ്മതിച്ച് ഭാര്യ. കേട്ടാൽ വിചിത്രമെന്ന് തോന്നുന്ന സംഭവം നടന്നിരിക്കുന്നത് ഉത്തർ പ്രദേശിലെ ഝാൻസിയിലാണ്. ലഹ്ചുര പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നത്. സ്ത്രീയെ പെട്ടെന്നൊരു ദിവസം കാണാതായതോടെയാണ് സംഭവങ്ങളുടെ തുടക്കം.
ദിവസങ്ങളോളം ഭർത്താവ് അവൾക്ക് വേണ്ടി അന്വേഷിച്ച് നടന്നെങ്കിലും കണ്ടെത്താനായിരുന്നില്ല. ഏഴ് ദിവസങ്ങൾക്കൊടുവിൽ പൊലീസാണ് യുവതിയെ കണ്ടെത്തിയത്. എന്നാൽ, ഭർത്താവിനൊപ്പം പോകാൻ യുവതി തയ്യാറായിരുന്നില്ല. അതിന് കാരണം പറഞ്ഞത് ഭർത്താവ് കറുത്ത നിറമാണ്, അതിനാൽ അയാൾക്കൊപ്പം ജീവിക്കാൻ താല്പര്യമില്ല എന്നാണ്.
ദുർഗാപാൽ എന്നാണ് ഭർത്താവിന്റെ പേര്, ലഹ്ചുര ഡാം പ്രദേശത്തെ താമസക്കാരനാണ് അദ്ദേഹം. റോറ ഗ്രാമത്തിൽ നിന്നുള്ള ജ്യോതിയെ 6 വർഷം മുമ്പാണ് ദുർഗാപാൽ വിവാഹം കഴിച്ചത്. സെപ്തംബർ രണ്ടിന് ജ്യോതിയെ വീട്ടിൽ നിന്ന് കാണാതായി. ഭാര്യയെ കണ്ടെത്താനാകാതെ വന്നപ്പോൾ ദുർഗാപാൽ പൊലീസ് സ്റ്റേഷനിൽ ആളെ കാണാനില്ലെന്ന പരാതി നൽകുകയും പണവും ആഭരണങ്ങളും നഷ്ടപ്പെട്ടതായി പൊലീസിനെ അറിയിക്കുകയും ചെയ്തു. പൊലീസ് അന്വേഷണം ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങളും ഫോൺ രേഖകളും പരിശോധിച്ചു. ജ്യോതി മറ്റ് രണ്ട് യുവാക്കള്‍ക്കൊപ്പം ബൈക്കിൽ പോവുന്നതായി സിസിടിവി ദൃശ്യങ്ങളിൽ നിന്നും കണ്ടെത്തി.
ദിവസങ്ങൾ നീണ്ട തിരച്ചിലിനൊടുവിൽ മധ്യപ്രദേശിലെ ഛത്തർപൂരിൽ നിന്നാണ് ജ്യോതിയെ കണ്ടെത്തിയത്. പോയതിൻ്റെ കാരണം അറിയാൻ പൊലീസ് അവളെ സ്റ്റേഷനിൽ കൊണ്ടുവന്ന് ചോദ്യം ചെയ്തപ്പോഴാണ് തനിക്ക് ഭർത്താവിനൊപ്പം ജീവിക്കാൻ താൽപ്പര്യമില്ലെന്നും ഭർത്താവും അയാളുടെ വീട്ടുകാരും സ്ത്രീധനത്തിൻ്റെ പേരിൽ പീഡിപ്പിക്കുന്നുവെന്നും ജ്യോതി ആരോപിച്ചത്. കറുത്ത നിറമായതിനാൽ തനിക്ക് ഭർത്താവിനെ ഇഷ്ടമല്ലെന്നും ജ്യോതി പറഞ്ഞു. ഭർത്താവിനെതിരെ ഗുരുതരമായ ആരോപണങ്ങളും യുവതി ഉന്നയിച്ചു എന്നും ലഹ്ചുര സ്റ്റേഷൻ ഇൻചാർജ് അരുൺ തിവാരി പറഞ്ഞു.
ജ്യോതിക്ക് തന്നെയും വീട്ടുകാരെയും ഇഷ്ടമല്ല, തങ്ങളിൽ നിന്നും അകന്ന് കഴിയാനാണ് ഇഷ്ടം. നേരത്തെ 10 ലക്ഷം രൂപ തന്നോട് ആവശ്യപ്പെട്ടിരുന്നു. അത് നൽകിയില്ലെങ്കിൽ തനിക്കും വീട്ടുകാർക്കുമെതിരെ കള്ളക്കേസ് നൽകുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു എന്നും ദുർഗാപാൽ പൊലീസിനോട് പറഞ്ഞിരുന്നു.
(ചിത്രം പ്രതീകാത്മകം)
വായിക്കാം: വാടകഗർഭധാരണത്തിലൂടെ ഗേ ദമ്പതികൾക്ക് കുഞ്ഞുങ്ങൾ, വിദ്വേഷ കമന്റുകളുമായി നെറ്റിസൺസ്