അറിയാമോ, ഇന്ത്യയിലെ ആദ്യ വനിതാ ഐഎഎസ് ഓഫീസർ ഒരു മലയാളിയാണ്
പിന്നീടുള്ള ഒരു അഭിമുഖത്തിൽ, ഒരു സ്ത്രീയായത് കൊണ്ട് മാത്രം തന്റെ കഴിവിൽ മിക്ക പുരുഷന്മാർക്കും വിശ്വാസം കുറവായിരുന്നുവെന്ന് അന്ന പറയുകയുണ്ടായി. അതിനാൽ അത്തരം മുൻവിധികൾക്കെതിരെ നിലകൊള്ളാൻ അന്നയ്ക്ക് സ്വയം വീണ്ടും വീണ്ടും സ്വയം തെളിയിക്കേണ്ടിവന്നു.
ഇന്ത്യയിലെ ആദ്യത്തെ വനിതാ ഐഎഎസ് ഉദ്യോഗസ്ഥയെ കുറിച്ചറിയാമോ? അവരുടെ പേരാണ് അന്ന രാജം മൽഹോത്ര. അവർ ഒരു മലയാളി കൂടിയാണ് എന്നത് നാം മലയാളികൾക്ക് അഭിമാനിക്കാനുള്ള വകയാണ്. കുഞ്ഞുകുട്ടി പ്രാരാബ്ദങ്ങളുമായി വീടുകളിൽ ഒതുങ്ങി കഴിഞ്ഞിരുന്ന സ്ത്രീകൾക്കിടയിൽ അന്ന രാജം മൽഹോത്ര വേറിട്ട് നിന്നു. സമൂഹത്തിൽ നിലനിന്നിരുന്ന അസമത്വത്തിനെതിരെ, ലിംഗ അനീതികൾക്കെതിരെ പോരാടിയ സ്ത്രീയാണ് അവർ, ഇന്ത്യയിലെ ആദ്യത്തെ വനിതാ ഐഎഎസ് ഉദ്യോഗസ്ഥ. കേന്ദ്രസർക്കാരിൽ സെക്രട്ടേറിയൽ പദവി വഹിച്ച ആദ്യ വനിത കൂടിയായിരുന്നു അവർ. വളരെ പ്രചോദനാത്മകമായ അവരുടെ കഥ.
1927 ജൂലൈ 17 -ന് കേരളത്തിലെ നിരണം ഗ്രാമത്തിൽ ജനിച്ച അന്ന, മദ്രാസ് സർവകലാശാലയിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദാനന്തര ബിരുദം നേടി. 1950 -ലാണ് സിവിൽ സർവീസ് പരീക്ഷയ്ക്ക് ശ്രമിക്കാൻ അന്ന തീരുമാനിക്കുന്നത്. ഒരുപക്ഷേ അന്നത്തെക്കാലത്ത് ഒരു പെൺകുട്ടി സിവിൽ സർവീസ് സ്വപ്നം കാണുകയെന്നത് ആർക്കും ചിന്തിക്കാൻ പോലും സാധിക്കാത്ത കാര്യമാണ്. തീർത്തും വിപ്ലവകരമായ ആ തീരുമാനത്തെ കുടുംബം എതിർത്തു. എന്നാൽ, ചെയ്തേ പറ്റൂ എന്ന് അന്ന വാശി പിടിച്ചു. ഒടുവിൽ മനസില്ലാമനസോടെ കുടുംബം സമ്മതം മൂളി. എന്നാൽ, എഴുത്ത് പരീക്ഷയിൽ എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് അന്ന വിജയിച്ചു. അങ്ങനെ ഇന്റർവ്യൂ റൗണ്ടിലേക്ക് യോഗ്യത നേടിയെടുത്തു അവൾ. 1951 -ൽ, ഇന്റർവ്യൂവിനായി അന്ന എത്തിയപ്പോൾ, ഒരു സ്ത്രീയെ മുന്നിൽ കണ്ട ബോർഡ് അത്ഭുതപ്പെട്ടു. ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസ് ഒരു സ്ത്രീയ്ക്ക് പറ്റിയ ഇടമല്ലെന്ന് പറഞ്ഞ് അന്നയെ നിരുത്സാഹപ്പെടുത്താൻ ബോർഡ് ശ്രമിച്ചു.
എന്നാൽ, എത്രയൊക്ക പറഞ്ഞിട്ടും അന്ന തന്റെ തീരുമാനത്തിൽ ഇന്ന് ഒരടി പിന്നോട്ട് പോയില്ല. ഒടുവിൽ അവളുടെ ഉറച്ചമനസിന് മുന്നിൽ അവർക്ക് വഴങ്ങേണ്ടി വന്നു. അങ്ങനെ റാങ്ക് നേടി മദ്രാസ് കേഡറിൽ ചേർന്നു. എന്നാൽ “വിവാഹം നടന്നാൽ പിന്നെ നിങ്ങളുടെ സേവനം ആവശ്യമില്ല” എന്ന മുന്നറിയിപ്പോടെയാണ് നിയമന ഉത്തരവ് വന്നത്. എന്നിരുന്നാലും, കുറച്ച് വർഷങ്ങൾക്ക് ശേഷം, ആ നിയമത്തിൽ മാറ്റം വന്നു. പരിശീലനം കഴിഞ്ഞ് അന്ന മദ്രാസ് സംസ്ഥാനത്ത് പോസ്റ്റുചെയ്യപ്പെട്ടു. മുൻ മുഖ്യമന്ത്രി സി. രാജഗോപാലാചാരിയുടെ കീഴിലായിരുന്നു അന്നയുടെ ആദ്യ നിയമനം. എന്നാൽ, സ്ത്രീകൾ പബ്ലിക് സർവീസിൽ പ്രവേശിക്കുന്നത് അദ്ദേഹത്തിന് അത്ര താല്പര്യമുള്ള കാര്യമായിരുന്നില്ല. ക്രമസമാധാന സാഹചര്യങ്ങൾ കൈകാര്യം ചെയ്യാൻ അന്നയ്ക്ക് കഴിഞ്ഞേക്കില്ല എന്ന് തോന്നിയ അദ്ദേഹം ഒരു ജില്ലാ സബ് കളക്ടറുടെ ചുമതലയ്ക്ക് പകരം സെക്രട്ടേറിയറ്റിൽ ഒരു പോസ്റ്റ് വാഗ്ദാനം ചെയ്തു.
എന്നാൽ, പുരുഷന്മാർക്കൊപ്പം നിന്ന് കാര്യങ്ങൾ ചെയ്യാൻ തനിക്ക് തന്റേടമുണ്ടെന്ന പൂർണബോധ്യം അന്നക്കുണ്ടായിരുന്നു. സ്വയം തെളിയിക്കാനുള്ള അവസരത്തിനായി അവർ പോരാടി. തന്റെ ജോലിയുടെ ഭാഗമായി ഉണ്ടായേക്കാവുന്ന ഏത് സാഹചര്യവും കൈകാര്യം ചെയ്യാൻ പുരുഷനോളം കഴിവ് തനിക്കുണ്ടെന്ന് തെളിയിക്കാൻ അവർ തന്റെ മുന്നിൽ വന്ന ഓരോ അവസരവും പ്രയോജനപ്പെടുത്തി. ഒടുവിൽ, ഹൊസൂർ ജില്ലയിൽ സബ് കളക്ടറായി അന്ന നിയമിക്കപ്പെട്ടു. അങ്ങനെ രാജ്യത്തെ ആദ്യ വനിത സബ് കളക്ടറായി അന്ന മാറി. ഒരു ദിവസം ഗ്രാമത്തിലെ സ്ത്രീകൾ തന്നെ കാണാൻ ആഗ്രഹിക്കുന്നുവെന്ന വിവരം അന്നയ്ക്ക് ലഭിച്ചു.
വിവരം ലഭിച്ച ഉടൻ അന്ന അവരെ കാണാൻ പുറപ്പെട്ടു. അവിടെ ചെന്നപ്പോഴാണ് രസം. അവർ അന്നയ്ക്ക് ചുറ്റും നടന്നു, സൂക്ഷിച്ചു നോക്കി എന്നിട്ട് കൂട്ടത്തിലുണ്ടായിരുന്ന ഒരു വൃദ്ധ പറഞ്ഞു, 'ഇവൾക്ക് എന്താണ് ഇത്ര പ്രത്യേകത. ഇവൾ നമ്മളെ പോലെ തന്നെയാണല്ലോ.' അപ്പോഴാണ് അന്നയ്ക്ക് കാര്യങ്ങൾ മനസ്സിലായത്. ഒരു സ്ത്രീയിൽ നിന്ന് വ്യത്യസ്തമായ എന്തോ അവളിലുണ്ടെന്ന് അവർ ധരിച്ചിരുന്നു. എന്നാൽ, അന്നയെ കണ്ട അവർക്ക് കടുത്ത നിരാശയായിപ്പോയി. ഒരു സാധാരണ സ്ത്രീ വിചാരിച്ചാലും ഇത്രയൊക്കെ ചെയ്യാൻ സാധിക്കുമെന്ന് തിരിച്ചറിവ് അവരെ നീറ്റിച്ചുകാണും. തങ്ങൾ പാഴാക്കി കളഞ്ഞ വർഷങ്ങളെ ഓർത്ത് അവർ ഉത്കണ്ഠപ്പെട്ടിരിക്കാം.
പിന്നീടുള്ള ഒരു അഭിമുഖത്തിൽ, ഒരു സ്ത്രീയായത് കൊണ്ട് മാത്രം തന്റെ കഴിവിൽ മിക്ക പുരുഷന്മാർക്കും വിശ്വാസം കുറവായിരുന്നുവെന്ന് അന്ന പറയുകയുണ്ടായി. അതിനാൽ അത്തരം മുൻവിധികൾക്കെതിരെ നിലകൊള്ളാൻ അന്നയ്ക്ക് സ്വയം വീണ്ടും വീണ്ടും സ്വയം തെളിയിക്കേണ്ടിവന്നു. എന്നാൽ അത് പുരുഷന്മാർക്കെതിരെയുള്ള യുദ്ധമായിരുന്നുല്ല, പകരം അന്ന് നിലനിന്നിരുന്ന യാഥാസ്ഥിതിക മനോഭാവത്തിനെതിരെയായിരുന്നു. വെടിവയ്പ്പ്, ലാത്തിചാർജ്, അടിയന്തിര സാഹചര്യങ്ങൾ തുടങ്ങി കനലുകൾ നിറഞ്ഞ വഴികളിലൂടെയാണ് അവൾ നടന്ന് കയറിയത്. എന്നാൽ ഏതാനും വർഷത്തെ സേവനത്തിനുശേഷം, രാജഗോപാലാചാരിയ്ക്ക് അന്നയുടെ പ്രവർത്തനങ്ങളിൽ മതിപ്പ് ഉളവാകുകയും, പുരോഗമന ചിന്താഗതിയുള്ള സ്ത്രീയെന്ന് വിശേഷണം അന്നയ്ക്ക് നൽകുകയും ചെയ്തു.
ഏഴ് മുഖ്യമന്ത്രിമാരുടെ കീഴിൽ സേവനമനുഷ്ഠിക്കാൻ അന്നയ്ക്ക് ഭാഗ്യമുണ്ടായി. അത് കൂടാതെ, 1982 -ൽ ഏഷ്യാഡ് പദ്ധതിയിൽ രാജീവ് ഗാന്ധിയുമായി ചേർന്ന് അന്ന പ്രവർത്തിച്ചു. ഇന്ദിരാഗാന്ധിക്കൊപ്പവും അന്ന സേവനം അനുഷ്ഠിച്ചിട്ടുണ്ട്. നവിമുംബൈ നവസേവയിലെ ജവാഹർലാൽ നെഹ്റു തുറമുഖ നിർമാണമാണ് അവരുടെ ഏറ്റവും ശ്രദ്ധേമായ പദ്ധതി. അത് വിജയകരമായി പൂർത്തിയാക്കിയതിന് അടുത്ത വർഷം അവർക്ക് പദ്മഭൂഷൻ ലഭിച്ചു. സഹപ്രവർത്തകനും പിന്നീട് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഗവർണറായിരുന്ന ആർ.എൻ. മൽഹോത്രയെയാണ് അന്ന വിവാഹം ചെയ്തത്. 2018 സപ്തംബർ 17 -നാണ് അവർ മരിക്കുന്നത്.