ഭാര്യയ്‍ക്ക് ഡിമെൻഷ്യ സ്ഥിരീകരിച്ചു, മരിക്കാൻ വേണ്ടി യുകെ ദമ്പതികൾ സ്വിറ്റ്സർലാൻഡിലേക്ക്
മുൻ റോയൽ എയർഫോഴ്‌സ് പൈലറ്റായ പീറ്റർ പറയുന്നത്, ഒരിക്കൽ ഡിമെൻഷ്യ രോഗികളെ പരിചരിച്ചിരുന്ന ആളാണ് നഴ്സായിരുന്ന ക്രിസ്റ്റീന എന്നാണ്. അവർക്ക് സ്വയം ആ അവസ്ഥയിലൂടെ കടന്നു പോകുന്നത് താങ്ങാനാവില്ല എന്നും പീറ്റർ പറയുന്നു.
സൂയിസൈഡ് പോഡ് അംഗീകരിക്കപ്പെട്ടിട്ടുള്ള രാജ്യമാണ് സ്വിറ്റ്സർലാൻഡ്. അതായത്, കൃത്യമായ കാരണങ്ങളുണ്ടെങ്കിൽ മരിക്കാനുള്ള അനുമതി. വേദനകളൊന്നും ഇല്ലാത്ത മരണമാണ് ഈ സൂയിസൈഡ് പോഡുകൾ അഥവാ ആത്മഹത്യാപ്പെട്ടികൾ മുന്നിലേക്ക് വയ്ക്കുന്നത്. സൂയിസൈഡ് പോഡിന് അംഗീകാരം കിട്ടിയതിന് പിന്നാലെ സ്വിറ്റ്സർലാൻഡിൽ ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും ഒരുപാട് ചർച്ചകൾ നടന്നിരുന്നു. ഇപ്പോഴിതാ യുകെയിൽ നിന്നുള്ള വൃദ്ധ ദമ്പതികൾ സ്വിറ്റ്സർലാൻഡിൽ സൂയിസൈഡ് പോഡുപയോഗിച്ചുള്ള മരണത്തിന് തയ്യാറെടുക്കുകയാണ്.
ഭാര്യയ്ക്ക് വാസ്‌കുലാർ ഡിമെൻഷ്യ സ്ഥിരീകരിച്ചതോടെയാണ് ദമ്പതികളുടെ തീരുമാനം. ഇംഗ്ലണ്ടിലെ സഫോക്ക് നിവാസികളായ പീറ്ററും ക്രിസ്റ്റിൻ സ്കോട്ടുമാണ് ജീവിതം ഒരുമിച്ച് അവസാനിപ്പിക്കുന്നതിന് വേണ്ടി സ്വിറ്റ്സർലാൻഡിലേക്ക് പോകുന്നത്. 1942 മുതൽ അസിസ്റ്റഡ് സൂയിസൈഡ് നിയമവിധേയമായ രാജ്യമാണ് സ്വിറ്റ്സർലാൻഡ്. ഓസ്‌ട്രേലിയൻ ഡോ. ഫിലിപ്പ് നിറ്റ്‌ഷ്‌കെയാണ് സാർക്കോ മെഷീൻ എന്ന ഉപകരണം കണ്ടുപിടിച്ചത്. വേദനാരഹിതമായ മരണമാണ് സൂയിസൈഡ് പോഡുകൾ വാഗ്ധാനം ചെയ്യുന്നത്. പീറ്ററും ക്രിസ്റ്റീനും പ്രത്യേകം തയ്യാറാക്കിയ രണ്ട് സൂയിസൈഡ് പോഡുകൾ ഒരുമിച്ചുള്ള സംവിധാനത്തിലായിരിക്കും മരണം സ്വീകരിക്കുക.
തങ്ങളിരുവരും വർഷങ്ങളോളം വളരെ സ്നേഹത്തിലും സന്തോഷത്തിലുമാണ് കഴിഞ്ഞത്. ഇനി ചികിത്സകൾക്കും മറ്റുമായി തങ്ങളുടെ സമ്പാദ്യം മുഴുവനും കളയണം, അതിന്റെ വേദനകളും ബുദ്ധിമുട്ടുകളും അനുഭവിക്കണം. അത് വേണ്ട എന്ന തീരുമാനത്തെ തുടർന്നാണ് രണ്ടുപേരും സ്വിറ്റ്സർലാൻഡിൽ ചെന്ന് സൂയിസൈഡ് പോഡിന്റെ സഹായത്തോടെ മരിക്കാൻ തീരുമാനിച്ചത് എന്നാണ് ദമ്പതികൾ പറയുന്നത്.
മുൻ റോയൽ എയർഫോഴ്‌സ് പൈലറ്റായ പീറ്റർ പറയുന്നത്, ഒരിക്കൽ ഡിമെൻഷ്യ രോഗികളെ പരിചരിച്ചിരുന്ന ആളാണ് നഴ്സായിരുന്ന ക്രിസ്റ്റീന എന്നാണ്. അവർക്ക് സ്വയം ആ അവസ്ഥയിലൂടെ കടന്നു പോകുന്നത് താങ്ങാനാവില്ല എന്നും പീറ്റർ പറയുന്നു. അവളില്ലാതെ ജീവിക്കാൻ ഞാനാഗ്രഹിക്കുന്നില്ല. എന്നെ മറ്റാരെങ്കിലും പരിചരിക്കേണ്ടുന്ന അവസ്ഥയിലേക്ക് പോകാനും ആഗ്രഹമില്ല. അതിനെ ഞാൻ ഒരു ജീവിതം എന്നും വിളിക്കുന്നില്ല. അതിനാലാണ് ഈ തീരുമാനമെന്നും പീറ്റർ പറഞ്ഞു.
(ഓർക്കുക ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കാം. ടോള്‍ ഫ്രീ നമ്പര്‍: 1056, 0471-2552056)
വായിക്കാം: മനുഷ്യന് സ്വന്തം മരണം എങ്ങനെയെന്നും എപ്പോഴെന്നും തെരഞ്ഞെടുക്കാനുള്ള അവകാശമുണ്ടോ?