21 വയസുള്ള തത്തയുടെ കഴുത്തിൽ നിന്നും 20 ഗ്രാമോളം വളർന്ന ട്യൂമര്‍ ശസ്ത്രക്രിയയിലൂടെ നീക്കി
20 ഗ്രാം വലിപ്പമുള്ള ട്യൂമറാണ് തത്തയുടെ തൊണ്ടയിൽ നിന്നും നീക്കം ചെയ്തത്. തത്തയുടെ ഭാരം 98 ഗ്രാം മാത്രമായിരുന്നു. നീക്കം ചെയ്ത ട്യൂമർ അതിന്‍റെ ശരീരഭാരത്തിന്‍റെ ഏകദേശം 20% വരും.
അത്യപൂർവ്വമായ ഒരു ശസ്ത്രക്രിയയിലൂടെ 21 വയസ്സുള്ള തത്തയുടെ കഴുത്തിലെ ട്യൂമർ നീക്കം ചെയ്തു. മധ്യപ്രദേശിലെ സത്‌ന ജില്ലയിലാണ് നിർണായകമായ ഈ ശാസ്ത്രക്രിയ നടന്നത്. ജില്ലാ മൃഗാശുപത്രിയിൽ നടന്ന ശസ്ത്രക്രിയ അപൂർവങ്ങളിൽ അപൂർവ്വമാണെന്നും മൃഗ ചികിത്സാ രംഗത്ത് വന്ന പുരോഗതിയ്ക്ക് തെളിവാണെന്നും വിദഗ്ധർ അഭിപ്രായപ്പെട്ടു.
ഏകദേശം ആറുമാസം മുമ്പാണ് തത്തയുടെ ഉടമ ചന്ദ്രഭൻ വിശ്വകർമ പക്ഷിയുടെ കഴുത്തിൽ ഒരു മുഴ കണ്ടത്. ട്യൂമർ ക്രമേണ വലിപ്പം വെച്ച് തുടങ്ങിയതോടെ, അത് തത്തയ്ക്ക് കാര്യമായ ബുദ്ധിമുട്ടുകൾ സൃഷ്ടിച്ചതായി ഉടമയായ ചന്ദ്രഭന് തോന്നി. തത്തയ്ക്ക് സംസാരിക്കാനും ഭക്ഷണം കഴിക്കാനും വളരെയധികം ബുദ്ധിമുട്ട് അനുഭവപ്പെട്ടു തുടങ്ങി. അതോടെയാണ് തത്തയുടെ ആരോഗ്യനിലയിൽ ആശങ്കാകുലനായ ചന്ദ്രഭൻ സഹായത്തിനായി ജില്ലാ മൃഗാശുപത്രിയുമായി ബന്ധപ്പെട്ടത്.
തുടർന്ന് നടത്തിയ പരിശോധനയിൽ തത്തയുടെ കഴുത്തിൽ വെറ്ററിനറി ഡോക്ടർമാർ ട്യൂമർ കണ്ടെത്തി. ശസ്ത്രക്രിയ മാത്രമാണ് ഏക പോംവഴി എന്നും നിർദ്ദേശിച്ചു. വെറ്ററിനറി ഡോക്ടർ ബാലേന്ദ്ര സിംഗിന്‍റെ നേതൃത്വത്തിൽ രണ്ട് മണിക്കൂർ നീണ്ടുനിന്ന സങ്കീർണ്ണമായ നടപടിക്രമത്തിൽ തത്തയുടെ തൊണ്ടയിൽ നിന്ന് ട്യൂമർ നീക്കം ചെയ്തു.
ട്യൂമറിന്‍റെ സ്ഥാനം കാരണം ശസ്ത്രക്രിയ വെല്ലുവിളി നിറഞ്ഞതായിരുന്നുവെന്നാണ് ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയ ഡോക്ടർ ബാലേന്ദ്ര സിംഗ് അഭിപ്രായപ്പെട്ടത്. 20 ഗ്രാം വലിപ്പമുള്ള ട്യൂമറാണ് തത്തയുടെ തൊണ്ടയിൽ നിന്നും നീക്കം ചെയ്തത്. തത്തയുടെ ഭാരം 98 ഗ്രാം മാത്രമായിരുന്നു. നീക്കം ചെയ്ത ട്യൂമർ അതിന്‍റെ ശരീരഭാരത്തിന്‍റെ ഏകദേശം 20% വരും. പുറത്തെടുത്ത ട്യൂമർ കൂടുതൽ പരിശോധനയ്ക്കായി രേവ വെറ്ററിനറി കോളേജിലേക്ക് അയച്ചു. ജില്ലയിൽ പക്ഷികളിൽ ട്യൂമർ റിപ്പോർട്ട് ചെയ്യുന്ന ആദ്യ സംഭവമാണിതെന്ന് ഡോ.സിംഗ് പറഞ്ഞു. ശസ്ത്രക്രിയയ്ക്ക് ശേഷം, തത്ത സുഖം പ്രാപിക്കുകയും സാധാരണ രീതിയിൽ ഭക്ഷണം കഴിക്കുകയും ചെയ്തു. തത്ത പൂർണമായും ആരോഗ്യവാനാണെന്നും രോഗത്തിൽ നിന്ന് രക്ഷപ്പെട്ടുവെന്നും ഡോ. സിംഗ് സ്ഥിരീകരിച്ചു.