ഉറ്റ കൂട്ടുകാർ, ഇതുവരെ ഒരുമിച്ച് കണ്ടത് 27 രാജ്യങ്ങൾ, വിമാനയാത്ര ഇല്ലേയില്ല, കാരണമുണ്ട്
യാത്ര ചെയ്യാനുള്ള തീരുമാനം അറിഞ്ഞപ്പോൾ ആദ്യം വീട്ടുകാർ ഭയന്നുപോയി എന്ന് ഇരുവരും പറയുന്നു. പ്രത്യേകിച്ചും അറ്റ്ലാന്റിക് സമുദ്രത്തിൽ ഒരു പരിചയവും ഇല്ലാതെ സെയിലിംഗ് ബോട്ടിൽ യാത്ര ചെയ്യാനുള്ള തീരുമാനം സുഹൃത്തുക്കളെയും വീട്ടുകാരെയും ആശങ്കപ്പെടുത്തിയിരുന്നു എന്നും ഇവർ പറയുന്നു.
ലോകം ചുറ്റിക്കറങ്ങാൻ ആഗ്രഹിക്കുന്ന അനേകം മനുഷ്യരുണ്ട്. ചിലരുടെ ആഗ്രഹങ്ങൾ നടക്കും ചിലരുടേത് ആഗ്രഹങ്ങളായി തന്നെ തുടരും. എന്തായാലും, അങ്ങനെയൊരു യാത്ര നടത്തി വാർത്തകളിൽ ഇടം പിടിക്കുകയാണ് കൂട്ടുകാരായ ടോമാസോ ഫരീനയും അഡ്രിയാൻ ലാഫുവെൻ്റും. ഇരുവരും 27 രാജ്യങ്ങളാണ് ഇതുവരെ സന്ദർശിച്ചത്. അവിടംകൊണ്ടും തീർന്നില്ല, ആ യാത്ര ഇപ്പോഴും തുടരുകയാണ്. എന്താണ് ഇവരുടെ യാത്രയുടെ പ്രത്യേകത എന്നല്ലേ? ഒരു യാത്രയിൽ പോലും ഇവർ വിമാനം ഉപയോഗപ്പെടുത്തിയില്ല എന്നതാണത്.
463 ദിവസങ്ങൾ കൊണ്ടാണ് ഇരുവരും ഇത്രയും രാജ്യങ്ങൾ സന്ദർശിച്ചത്. കാർബൺ എമിഷന് സംഭാവന നൽകാൻ തങ്ങളാഗ്രഹിക്കുന്നില്ല എന്ന് പറഞ്ഞുകൊണ്ടാണ് ഇവർ ഈ യാത്രകളിലെല്ലാം വിമാനം ഒഴിവാക്കി മറ്റ് മാർഗങ്ങൾ തെരഞ്ഞെടുത്തത്. പകരം ബോട്ടുകൾ, കാൽനടയാത്ര, ഹിച്ച്‌ഹൈക്കിംഗ് എന്നിവയായിരുന്നു ലോക പര്യവേക്ഷണത്തിന് ഇവർ ഉപയോഗിച്ച മാർഗങ്ങൾ. ഈ പരിസ്ഥിതി സൗഹൃദ സമീപനം അവർക്ക് 'സസ്റ്റൈനബിൾ എക്സ്പ്ലോറേഴ്സ്' എന്ന പേരും നേടിക്കൊടുത്തിട്ടുണ്ട്.
ഫരീനയും (25) ലാഫുവെൻ്റെയും (27) യൂറോപ്പിലെയും തെക്കേ അമേരിക്കയിലെയും ഭൂരിഭാഗവും സഞ്ചരിച്ചു കഴിഞ്ഞു. അവരുടെ ഇതുവരെയുള്ള യാത്രയ്ക്ക് £11,800 (ഏകദേശം 6,48,283 രൂപ) ചിലവായിക്കഴിഞ്ഞു. ഫരീന ഇറ്റലിയിൽ നിന്നുള്ള ആളാണ്. ലാഫുവെൻ്റെ സ്വദേശം സ്പെയിനും. 'പ്രോജക്റ്റ് കുനെ'യുടെ ഭാഗമായാണ് അവർ ഈ യാത്ര ആരംഭിച്ചത്. സോഷ്യൽ മീഡിയയിൽ യാത്രയുടെ വിശേഷങ്ങൾ ഇവർ പങ്കുവയ്ക്കുന്നുണ്ട്. ഇത് പ്രകൃതിയെ അറിഞ്ഞുകൊണ്ടുള്ള ഒരു യാത്രയാണ് എന്നാണ് ഇവർ പറയുന്നത്.
യാത്ര ചെയ്യാനുള്ള തീരുമാനം അറിഞ്ഞപ്പോൾ ആദ്യം വീട്ടുകാർ ഭയന്നുപോയി എന്ന് ഇരുവരും പറയുന്നു. പ്രത്യേകിച്ചും അറ്റ്ലാന്റിക് സമുദ്രത്തിൽ ഒരു പരിചയവും ഇല്ലാതെ സെയിലിംഗ് ബോട്ടിൽ യാത്ര ചെയ്യാനുള്ള തീരുമാനം സുഹൃത്തുക്കളെയും വീട്ടുകാരെയും ആശങ്കപ്പെടുത്തിയിരുന്നു എന്നും ഇവർ പറയുന്നു.
തങ്ങൾ ഇരുവരും മൂന്ന് വർഷമായി സുഹൃത്തുക്കളാണ് എന്നും ഇടയ്ക്ക് പിണക്കവും കലഹങ്ങളുമുണ്ടാവും അതെല്ലാം ബന്ധങ്ങളിൽ സ്വാഭാവികമല്ലേ എന്നും ഇരുവരും ചോദിക്കുന്നു. അതേസമയം, യാത്രകളിൽ ഒരുപാട് നല്ല അനുഭവങ്ങളും മോശം കാലാവസ്ഥ അടക്കം പ്രതിബന്ധങ്ങളും ഉണ്ടായിട്ടുണ്ട്, എങ്കിലും ആ യാത്രകൾ അവിസ്മരണീയം തന്നെ എന്നാണ് ഇവരുടെ അഭിപ്രായം. എന്തായാലും, ഇനിയും യാത്ര തുടരാൻ തന്നെയാണ് ഇവരുടെ പ്ലാൻ.