മോഷ്ടിക്കാൻ കയറി, പുസ്തകം വായിച്ചിരുന്നുപോയ കള്ളൻ പിടിയിൽ, പുസ്തകത്തിന്റെ കോപ്പി നൽകുമെന്ന് എഴുത്തുകാരനും
ഇറ്റാലിയന്‍ എഴുത്തുകാരൻ ജിയോവന്നി നുച്ചിയുടെ ദി ഗോഡ്‌സ് അറ്റ് സിക്‌സ് ഒ ക്ലോക്ക് (The Gods at Six O'Clock) എന്ന പുസ്തകമാണ് കള്ളന്‍ വായിച്ചത് എന്നും റിപ്പോർട്ടുകൾ പറയുന്നു. ജിയോവനി നുച്ചിയും ഈ സംഭവത്തോട് പ്രതികരിച്ചു.
വളരെ രസകരമായ ഒരു വാർത്തയാണ് ഇറ്റലിയുടെ തലസ്ഥാനമായ റോമിൽ നിന്നും വരുന്നത്. പലതരം കള്ളന്മാരെ നമ്മൾ കണ്ടിട്ടുണ്ടാവും. എന്നാൽ, ഇങ്ങനെ ഒരു കള്ളനെ കണ്ടുകാണുമോ എന്ന് സംശയമാണ്. സംഭവം മറ്റൊന്നുമല്ല, ഒരാൾ മോഷ്ടിക്കാൻ കയറി. അവിടെ പുസ്തകം വായിച്ചിരുന്നുപോയി. അങ്ങനെ, മതിമറന്നു വായിച്ചിരിക്കുന്നതിനിടെ പിടിയിലാവുകയും ചെയ്തു.
38 -കാരനായ കള്ളനെ പിടികൂടുമ്പോൾ അയാൾ പുസ്തകം വായിച്ചു കൊണ്ടിരിക്കുകയായിരുന്നത്രെ. ഉറക്കം ഞെട്ടിയുണർന്ന 71 -കാരനായ വീട്ടുടമയാണ് കള്ളൻ വായിച്ചു കൊണ്ടിരിക്കുന്നതായി കണ്ടത്. വീട്ടുടമ കണ്ടെന്ന് മനസിലാക്കിയ കള്ളൻ ബാൽക്കണി വഴി രക്ഷപ്പെടാൻ ഒരു ശ്രമവും നടത്തി. പക്ഷേ, ശ്രമം വിജയിച്ചില്ല, പിന്നീട് അയാളെ പിടികൂടുകയായിരുന്നു.
എന്നാൽ, മോഷ്ടിക്കാൻ കയറിയതാണ് എന്ന് ഇയാൾ സമ്മതിച്ചില്ല. താൻ ഒരു പരിചയക്കാരനെ കാണാൻ വേണ്ടിയാണ് വീട്ടിൽ അതിക്രമിച്ച് കയറിയത് എന്നായിരുന്നു ഇയാളുടെ വിശദീകരണം. ഒപ്പം താനെത്തിപ്പെട്ടത് ഒരു B&B (Bed and breakfast- ഹോട്ടൽ, ഡോർമിറ്ററി പോലുള്ള സംവിധാനം) -യിലാണ് എന്ന് തോന്നി. അവിടെ ഈ പുസ്തകം ഇരിക്കുന്നുണ്ടായിരുന്നു. അപ്പോൾ അത് വായിച്ചേക്കാം എന്ന് കരുതിയതാണ് എന്നും യുവാവ് പറഞ്ഞു. എന്നാൽ, ഇയാളുടെ കയ്യിലെ ബാഗിൽ നിന്നും വിലയേറിയ വിവിധ വസ്ത്രങ്ങൾ കണ്ടെത്തി. അന്ന് വൈകുന്നേരം മറ്റൊരു വീട്ടിൽ നിന്നും മോഷ്ടിച്ചതാവാം ഇവ എന്നാണ് കരുതുന്നത്.
അതേസമയം, ഇറ്റാലിയന്‍ എഴുത്തുകാരൻ ജിയോവന്നി നുച്ചിയുടെ ദി ഗോഡ്‌സ് അറ്റ് സിക്‌സ് ഒ ക്ലോക്ക് (The Gods at Six O'Clock) എന്ന പുസ്തകമാണ് കള്ളന്‍ വായിച്ചത് എന്നും റിപ്പോർട്ടുകൾ പറയുന്നു. ജിയോവനി നുച്ചിയും ഈ സംഭവത്തോട് പ്രതികരിച്ചു. യുവാവ് ആ പുസ്തകം മുഴുവനും വായിക്കണമെന്നാണ് തന്റെ ആഗ്രഹമെന്നും അയാൾക്ക് പുസ്തകത്തിന്റെ ഒരു കോപ്പി നൽകാൻ ആഗ്രഹിക്കുന്നു എന്നുമാണ് എഴുത്തുകാരൻ പ്രതികരിച്ചത്.
(ചിത്രം പ്രതീകാത്മകം)