സ്വയം 'ഹാപ്പിനസ് ഫാക്ടറി'കളില്‍ പൂട്ടിയിടുന്ന ദക്ഷിണ കൊറിയയിലെ മാതാപിതാക്കള്‍; അതിനൊരു കാരണമുണ്ട്
ഒരു സ്റ്റോർ അലമാരയുടെ അത്രയും ചെറിയ മുറിയില്‍ നിന്നും പുറം ലോകവുമായി ബന്ധിപ്പിച്ചിരിക്കുന്ന ഏക സംവിധാനം വാതിലിലെ ഫീഡിംഗ് ഹോള്‍ (feeding hole) മാത്രമാണ്.
'ഹാപ്പിനസ് ഫാക്ടറി' (Happiness Factory) എന്ന് കേള്‍ക്കുമ്പോള്‍ സന്തോഷം ഉത്പാദിപ്പിക്കുന്ന എന്തെങ്കിലും സ്ഥാപനമാണെന്ന് ധരിച്ചെങ്കില്‍ നിങ്ങള്‍ക്ക് തെറ്റി. അത് വളരെ ഇടുങ്ങിയ ഒരു മുറിയാണ്. ഒരു സ്റ്റോർ അലമാരയുടെ അത്രയും ചെറിയ മുറിയില്‍ നിന്നും പുറം ലോകവുമായി ബന്ധിപ്പിച്ചിരിക്കുന്ന ഏക സംവിധാനം വാതിലിലെ ഫീഡിംഗ് ഹോള്‍ (feeding hole) മാത്രമാണ്. ലാപ്പ്ടോപ്പോ, ഫോണോ മറ്റ് സംവിധാനങ്ങളോ ഒന്നും ഇത്തരം മുറികളിൽ ഉണ്ടായിരിക്കില്ല. ദക്ഷിണ കൊറിയയിലെ മാതാപിതാക്കള്‍ എന്തിനാണ് ഇങ്ങനെ സ്വയം പൂട്ടിയിടുന്നതെന്ന് അറിയണമെങ്കില്‍ 30 വര്‍ഷം പുറകോട്ട് പോകണം.
ജപ്പാനിൽ കൗമാരക്കാർക്കും യുവാക്കൾക്കും ഇടയില്‍ കടുത്ത സാമൂഹിക പിന്മാറ്റം ദൃശ്യമാകുന്നത് 1990-കളോടൊണ്. അന്നത്തെ തലമുറയിലെ കുട്ടികളില്‍ പലരും സാമൂഹികമായ ഇടപെടലുകളില്‍ നിന്ന് അകന്ന് ഒറ്റപ്പെട്ടിരിക്കാന്‍ തുടങ്ങിയതോടെയാണ് ഇതൊരു വ്യക്തിഗത പ്രശ്നമല്ലെന്നും സാമൂഹികമായ പ്രശ്നമാണെന്നും വ്യക്തമായത്. ഇത്തരത്തില്‍ ഏകാന്തരായി തീരുന്ന യുവാക്കളെ പലപ്പോഴും 'ഹിക്കികോമോറി' (hikikomori) എന്നാണ് വിളിച്ചിരുന്നത്. '90 കളില്‍ ഈ സാമൂഹിക പ്രശ്നം ഉടലെടുത്തത് ജപ്പാനിലാണെങ്കില്‍ ഇന്ന് ദക്ഷിണ കൊറിയയിലെ നിരവധി കൂട്ടികള്‍ സാമൂഹികമായ പിന്മാറ്റം പ്രകടിപ്പിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ദക്ഷിണ കൊറിയൻ ആരോഗ്യ - ക്ഷേമ മന്ത്രാലയം അടുത്തിടെ നടത്തിയ ഒരു സർവേയിൽ, 19 മുതൽ 34 വരെ പ്രായമുള്ളവരിൽ ഏകദേശം 5,40,000 വ്യക്തികള്‍ ഇത്തരത്തില്‍ ഒറ്റപ്പെടല്‍ അനുഭവിക്കുന്നുണ്ടെന്നും ഇത് ജനസംഖ്യയുടെ ഏതാണ്ട് 5 ശതമാനത്തോളം വരുമെന്നും കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു. ഇങ്ങനെ സാമൂഹികമായ പിന്മാറ്റം പ്രകടമാക്കുന്ന തങ്ങളുടെ കുട്ടികള്‍ അനുഭവിക്കുന്ന മാനസികമായ ഒറ്റപ്പെട്ടലിന്‍റെ വേദന എത്രത്തോളം ശക്തമാണെന്ന് മാതാപിതാക്കള്‍ സ്വയം തിരിച്ചറിയാനാണ് ഇത്തരത്തില്‍ 'ഹാപ്പിനസ് ഫാക്ടറി'കളിൽ അവര്‍ സ്വയം പൂട്ടിയിടുന്നതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
കള്ളന്മാര്‍ക്ക് പണി കൂടും; ഏറ്റവും സ്ട്രോങ്ങായ അലിഗഢ് പൂട്ടിന് വില 40,000 രൂപ
സാമൂഹികമായ പിന്മാറ്റം പ്രകടമാക്കുന്ന കൌമാരക്കാരെയും യുവാക്കളെ തിരിച്ച് സാമൂഹിക ജീവിതത്തിലേക്ക് കൊണ്ടുവരുന്നതിനായി കഴിഞ്ഞ ഏപ്രില്‍ മുതല്‍ കൊറിയ യൂത്ത് ഫൌണ്ടേഷന്‍, ബ്ലൂ വെയ്ൽ റിക്കവറി സെന്‍റർ തുടങ്ങിയ സർക്കാരിതര സംഘടനകൾ (എൻജിഒകൾ) സംഘടിപ്പിക്കുന്ന 13 ആഴ്ചത്തെ രക്ഷാകർതൃ വിദ്യാഭ്യാസ പരിപാടി, രക്ഷിതാക്കൾക്കായി നടത്തുന്നു. കുട്ടികളുമായി ഫലപ്രദമായി ഇടപഴകുന്നതിന് മെച്ചപ്പെട്ട ആശയവിനിമയ കഴിവുകളുള്ള മാതാപിതാക്കളെ സജ്ജരാക്കുക എന്നതാണ് പദ്ധതികൊണ്ട് ലക്ഷ്യമിടുന്നത്. ഈ പരിപാടിയില്‍ പങ്കെടുക്കുന്ന രക്ഷിതാക്കള്‍ ഗാംഗ്‌വോൺ പ്രവിശ്യയിലെ ഹോങ്‌ചിയോൺ - ഗണിലെ 'ഹാപ്പിനസ് ഫാക്ടറി'കളില്‍ മൂന്ന് ദിവസം ചെലവഴിക്കണം.
കുടുസു മുറിയിലെ മൂന്ന് ദിവസത്തെ ഏകാന്ത വാസത്തിലൂടെ തങ്ങളുടെ കുട്ടികള്‍ അനുഭവിക്കുന്ന മാനസികമായ ഒറ്റപ്പെടലിന്‍റെ വേദന എന്തെന്ന് മാതാപിതാക്കള്‍ക്കും മനസിലാക്കാന്‍ കഴിയുമെന്നും അവരുടെ കുട്ടികളുടെ അനുഭവങ്ങളെയും വികാരങ്ങളെയും കുറിച്ച് ആഴത്തിലുള്ള ഉൾക്കാഴ്ച ഉണ്ടാകുമെന്നും പദ്ധതിയുടെ സംഘാടകര്‍ പറയുന്നു. കൌമാരക്കാരിലും യുവാക്കളിലും ഇത്തരത്തില്‍ സാമൂഹികമായ പിന്മാറ്റമുണ്ടാകാന്‍ കാരണം തൊഴിൽ കണ്ടെത്തുന്നതിലെ ബുദ്ധിമുട്ടുകൾ, വ്യക്തിബന്ധങ്ങൾ, കുടുംബ പ്രശ്നങ്ങൾ, ആരോഗ്യ പ്രശ്നങ്ങൾ എന്നിവയാണെന്ന് ദക്ഷിണ കൊറിയൻ ആരോഗ്യ ക്ഷേമ മന്ത്രാലയത്തിന്‍റെ ഗവേഷണ റിപ്പോര്‍ട്ട് പറയുന്നു. ലോകത്ത് ഏറ്റവും കൂടുതൽ ആത്മഹത്യകൾ നടക്കുന്ന രാജ്യങ്ങളിലൊന്നാണ് ദക്ഷിണ കൊറിയ. രാജ്യത്തെ 20-34 വയസ് പ്രായമുള്ള ആളുകൾക്ക് രണ്ട് വര്‍ഷം കൂടുമ്പോഴുള്ള പരിശോധന ഉൾപ്പെടെ മാനസികാരോഗ്യം വീണ്ടെടുക്കുന്നതിനായി കഴിഞ്ഞ വർഷം മുതല്‍ ദക്ഷിണ കൊറിയൻ സർക്കാർ പഞ്ചവത്സര കർമ്മ പദ്ധതിക്ക് തുടക്കം കുറിച്ചിരുന്നു.
റെസ്റ്റോറൻ്റിൽ ജോലി ചെയ്യവേ ഹെയർ സ്റ്റൈലൊന്ന് മാറ്റി; 1.3 ലക്ഷം ടിപ്പ് ലഭിച്ചെന്ന് യുവതി