ഡോക്ടര്‍, മേയര്‍; പക്ഷേ, ഇയാള്‍ കൊന്നുതള്ളിയത് 60 -ലധികം പേരെ
അതേവർഷം, പെറ്റിയോട്ട് മേയറായി മത്സരിക്കുന്നു. തനിക്ക് വേണ്ടി സംസാരിക്കാനും എതിരാളിയെ തറപറ്റിക്കാനും ഒരാളെത്തന്നെ അയാള്‍ നിയമിച്ചു. ഏതായാലും ഒടുവില്‍ അയാള്‍ വിജയിച്ചു, ഓഫീസിലായിരിക്കുമ്പോൾ വന്‍ അഴിമതി നടത്തി.
ഒരു ഫ്രഞ്ച് ഡോക്ടറായിരുന്നു മാര്‍സെല്‍ പെറ്റിയോട്ട്. രണ്ടാം ലോക മഹായുദ്ധകാലത്ത് അയാളുടെ വീടിന്‍റെ ബേസ്മെന്‍റില്‍ നിന്നും കണ്ടെത്തിയത് 23 മൃതദേഹങ്ങളുടെ അവശിഷ്‍ടങ്ങളാണ്. ഇതേത്തുടര്‍ന്നാണ് അയാള്‍ക്കെതിരെ കൊലപാതകക്കുറ്റം ചാര്‍ത്തുന്നതും. 60 പേരെയെങ്കിലും അയാള്‍ കൊലപ്പെടുത്തിയിട്ടുണ്ടാവും എന്നാണ് കരുതപ്പെടുന്നത്. യഥാര്‍ത്ഥ കണക്ക് ഇപ്പോഴും ലഭ്യമല്ല.
ആരാണ് പെറ്റിയോട്ട്?
മാര്‍സല്‍ പെറ്റിയോട്ട് 1897 ജനുവരി 17 -ന് ഫ്രാന്‍സിലെ യോനെയിലാണ് ജനിച്ചത്. പതിനൊന്നാമത്തെ വയസ്സില്‍ അയാള്‍ തന്‍റെ അച്ഛന്‍റെ കയ്യിലുണ്ടായിരുന്ന തോക്ക് ക്ലാസില്‍ കൊണ്ടുപോവുകയും ക്ലാസിലുള്ളവരെ ഭയപ്പെടുത്തുകയും ചെയ്‍തുവത്രെ. തീര്‍ന്നില്ല, അത് കാണിച്ച് അയാളുടെ ക്ലാസിലെ ഒരു പെണ്‍കുട്ടിയെ ലൈംഗികബന്ധത്തിന് നിര്‍ബന്ധിക്കുകയും ചെയ്‍തു. യൗവ്വനകാലത്ത് പൊതുമുതല്‍ മോഷ്‍ടിച്ചതിനും നശിപ്പിച്ചതിനും അയാള്‍ക്കെതിരെ കുറ്റം ചാര്‍ത്തപ്പെടുകയുണ്ടായി. അവിടെവച്ച് അയാളുടെ മാനസികനില പരിശോധിക്കാന്‍ ഉത്തരവുണ്ടായി. മാനസികനിലയില്‍ പ്രശ്‍നമുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് അന്ന് അയാളെ വെറുതെ വിടുന്നത്. ഒരുപക്ഷേ, അയാളുടെ അക്രമമനോഭാവത്തിന്‍റെ തുടക്കം അവിടെ നിന്നായിരുന്നിരിക്കണം.
ഒന്നാം ലോക മഹായുദ്ധത്തില്‍ ഫ്രഞ്ച് ആര്‍മ്മിയില്‍ സേവനമനുഷ്ഠിച്ചിരുന്നു പെറ്റിയോട്ട്. യുദ്ധത്തില്‍ പരിക്കേറ്റതിനെ തുടര്‍ന്ന് അയാളെ വിവിധ വിശ്രമകേന്ദ്രങ്ങളില്‍ പ്രവേശിപ്പിച്ചു. അവിടെവച്ച് പുതപ്പുകള്‍, യുദ്ധസാമഗ്രികള്‍, കത്തുകള്‍, ഫോട്ടോഗ്രാഫുകള്‍ തുടങ്ങിയവ മോഷ്‍ടിച്ചതിന് പെറ്റിയോട്ട് ജയിലിലടക്കപ്പെട്ടു. അവിടെനിന്നും മാനസികാരോഗ്യകേന്ദ്രത്തിലെത്തപ്പെട്ട പെറ്റിയോട്ടിന് മാനസികരോഗമുണ്ടെന്ന് സ്ഥിരീകരിച്ചുവെങ്കിലും 1918 -ല്‍ അയാള്‍ വീണ്ടും സേനയിലെത്തി. ഗ്രനേഡ് ഉപയോഗിച്ച് സ്വന്തം കാലിന് പരിക്കേല്‍പ്പിച്ചുവെന്നാരോപിച്ച് മൂന്നാഴ്ചയ്ക്ക് ശേഷം അയാളെ സ്ഥലംമാറ്റി. എന്നാല്‍, പിന്നീട് അയാളെ സേനയില്‍നിന്നും പിരിച്ചുവിട്ടു.
പിന്നീടാണ് അയാള്‍ മെഡിക്കല്‍ രംഗത്തെത്തുന്നത്. എട്ട് മാസം കൊണ്ട് അയാള്‍ മെഡിക്കല്‍ ബിരുദം പൂര്‍ത്തിയാക്കി. ഒരു മാനസികാരോഗ്യകേന്ദ്രത്തില്‍ ഇന്‍റേണ്‍ ആയി പ്രവേശിക്കുകയും ചെയ്‍തു. 1921 ഡസംബറില്‍ അയാള്‍ക്ക് ബിരുദം കിട്ടി Villeneuve-sur-Yonne -ലേക്ക് പോയി. അവിടെ അയാള്‍ക്ക് രോഗികളില്‍ നിന്നും ഗവ. മെഡിക്കല്‍ അസിസ്റ്റന്‍സ് ഫണ്ടില്‍ നിന്നും ഒരുപോലെ പണം കിട്ടി. ആ സമയത്തുതന്നെ അയാള്‍ മയക്കുമരുന്ന് ഉപയോഗിച്ചു തുടങ്ങിയിരുന്നു. അവിടെ ജോലി ചെയ്‍തുകൊണ്ടിരിക്കെത്തന്നെ അയാള്‍ക്കെതിരെ നിരവധി ആരോപണങ്ങളുണ്ടായിരുന്നു. അതില്‍ മയക്കുമരുന്ന് വിതരണം, നിയമവിരുദ്ധമായ അബോര്‍ഷന്‍, മോഷണം എന്നിവയെല്ലാം പെടുന്നു.
പെറ്റിയോട്ടിന്‍റെ ആദ്യത്തെ ഇര എന്ന് കരുതപ്പെടുന്നത് ലൂയിസ് ഡെലാവിയു എന്ന പെണ്‍കുട്ടി ആണ്. 1926 -ലാണ് അവളെ കാണാതാവുന്നത്. പ്രായമായ ഒരു രോഗിയുടെ മകളായിരുന്നു അവള്‍. അവളുമായി പെറ്റിയോട്ട് പ്രണയത്തിലായിരുന്നു എന്നും പറയപ്പെടുന്നു. ആ വര്‍ഷം മേയ് മാസത്തിലാണ് ലൂയിസിനെ കാണാതാവുന്നത്. പിന്നീട് പെറ്റിയോട്ടിന്‍റെ അയല്‍ക്കാര്‍ അയാള്‍ തന്‍റെ കാറില്‍ എന്തോ കയറ്റിപ്പോവുന്നത് കണ്ടിരുന്നു എന്ന് പറഞ്ഞിരുന്നു. ആദ്യമൊക്കെ പൊലീസ് അന്വേഷിച്ചെങ്കിലും പിന്നീട് അതെങ്ങുമെത്താതെ അവസാനിച്ചു.
അതേവർഷം, പെറ്റിയോട്ട് മേയറായി മത്സരിക്കുന്നു. തനിക്ക് വേണ്ടി സംസാരിക്കാനും എതിരാളിയെ തറപറ്റിക്കാനും ഒരാളെത്തന്നെ അയാള്‍ നിയമിച്ചു. ഏതായാലും ഒടുവില്‍ അയാള്‍ വിജയിച്ചു, ഓഫീസിലായിരിക്കുമ്പോൾ വന്‍ അഴിമതി നടത്തി. അടുത്തവർഷം, പെറ്റിയോട്ട് ഒരു സമ്പന്ന ഭൂവുടമയുടെ 23 വയസ്സുകാരി മകളെ വിവാഹം കഴിച്ചു. 1928 ഏപ്രിലിൽ അവരുടെ മകൻ ഗെർഹാർട്ട് ജനിച്ചു. പിന്നെയും നാട്ടില്‍ അധികാരികള്‍ക്ക് മുന്നില്‍ അയാള്‍ക്കെതിരെയുള്ള നിരവധി പരാതികള്‍ കിട്ടിക്കൊണ്ടിരുന്നു. മോഷണവും അഴിമതിയുമെല്ലാം അതില്‍ പെടുന്നു. 1931 -ല്‍ അയാളെ മേയര്‍ സ്ഥാനത്തുനിന്നും സസ്‍പെന്‍ഡ് ചെയ്യുകയും പിന്നീടയാള്‍ രാജിവെക്കുകയും ചെയ്‍തു. എങ്കിലും അയാള്‍ക്കെപ്പോഴും കുറേപ്പേര്‍ പിന്തുണയ്ക്കുണ്ടായിരുന്നു. അയാളോടുള്ള സഹതാപത്തിന്‍റെ ഭാഗമായി വില്ലേജ് കൗണ്‍സിലും രാജിവച്ചൊഴിഞ്ഞു. അഞ്ച് ആഴ്‍ചകള്‍ക്കുശേഷം ഒക്ടോബര്‍ 18 -ന് അയാള്‍ യോനെ ഡിപാര്‍ട്‍മെന്‍റില്‍ കൗണ്‍സിലറായി. പിറ്റേവര്‍ഷം വൈദ്യുതി മോഷണമാരോപിക്കപ്പെട്ട് അയാളുടെ സീറ്റ് നഷ്‍ടമായി.
ഈ സമയമായപ്പോഴേക്കും അയാള്‍ പാരീസിലേക്ക് പോയിരുന്നു. അവിടെ അയാള്‍ പല കള്ളത്തരങ്ങളും കാണിച്ച് രോഗികളുടെ പ്രീതി നേടുകയും സമൂഹത്തില്‍ നല്ലൊരു സ്ഥാനമുണ്ടാക്കിയെടുക്കുകയും ചെയ്‍തു. അതേവര്‍ഷം തന്നെ അയാള്‍ക്കെതിരെ നികുതിവെട്ടിപ്പ് ആരോപണം ഉയര്‍ന്നുവന്നു.
രണ്ടാം ലോക മഹായുദ്ധകാലം
1940 -ന് ശേഷം ജര്‍മ്മനിയോട് പരാജയപ്പെട്ടതിനെ തുടര്‍ന്ന് ഫ്രഞ്ചുകാര്‍ക്ക് ജര്‍മ്മനിയില്‍ നിര്‍ബന്ധിതജോലി ചെയ്യേണ്ടി വന്നു. ആ സമയം പെറ്റിയോട്ട് ആളുകള്‍ക്ക് ഡിസേബിലിറ്റി സര്‍ട്ടിഫിക്കേറ്റ് നല്‍കി. തിരികെയെത്തുന്നവരെ ചികിത്സിക്കുകയും ചെയ്‍തു. 1942 -ല്‍ മയക്കുമരുന്ന് അമിതമായി നല്‍കിയതിന് അയാള്‍ ശിക്ഷിക്കപ്പെട്ടു. അതിന് അടിപ്പെട്ടവരില്‍ രണ്ടുപേര്‍ അയാള്‍ക്കെതിരെ മൊഴി നല്‍കുകയും അവരെ പിന്നീട് കാണാതാവുകയും ചെയ്‍തു. ഏതായാലും പെറ്റിയോട്ടിന് പിഴയൊടുക്കേണ്ടി വന്നു.
ജർമ്മൻ അധിനിവേശ കാലഘട്ടത്തിൽ താൻ സ്വന്തം നാടിനുവേണ്ടി പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്നുവെന്ന് പെറ്റിയോട്ട് പിന്നീട് അവകാശപ്പെട്ടു. ഫോറൻസിക് തെളിവുകൾ അവശേഷിപ്പിക്കാതെ ജർമ്മനുകളെ കൊന്നൊടുക്കിയതായും സഖ്യസേനാ മേധാവികളുമായി ഉന്നതതല കൂടിക്കാഴ്ച നടത്തിയതായും സ്‍പാനിഷ് വിരുദ്ധ ഫാസിസ്റ്റുകളുടെ ഒരു സംഘത്തിൽ പ്രവർത്തിച്ചതായും അയാള്‍ അവകാശപ്പെട്ടു. എന്നാല്‍, ഇതൊക്കെയും തെളിയിക്കുന്നതിന് ഒരു രേഖയും ഇല്ലായിരുന്നു.
അന്ന് ജൂതന്മാരെ രക്ഷപ്പെടുത്താമെന്ന് പറഞ്ഞ് അയാള്‍ കാണിച്ച തട്ടിപ്പായിരുന്നു അയാള്‍ കാണിച്ച ഏറ്റവും വലിയ ക്രൂരതകളിലൊന്ന്. ഡോ. യൂജിന്‍ എന്ന പേരില്‍ അയാള്‍ അവരെ നാസികളില്‍ നിന്നും രക്ഷപ്പെടാന്‍ സഹായിക്കാം എന്ന് വാഗ്ദ്ധാനം ചെയ്‍തു. ഒരാൾക്ക് 25,000 ഫ്രാങ്ക് നിരക്കിൽ അർജന്‍റീനയിലേക്കോ തെക്കേ അമേരിക്കയിലെ മറ്റെവിടെയെങ്കിലുമോ കടക്കാന്‍ പോർച്ചുഗൽ വഴി ഒരു പാസ് സംഘടിപ്പിച്ചു തരാമെന്ന് പെറ്റിയോട്ട് അവകാശപ്പെട്ടു. കൂട്ടാളികളായ റൗൾ ഫോറിയർ, എഡ്‍മണ്ട് പിന്‍റാർഡ്, റെനെ-ഗുസ്റ്റാവ് നെസോണ്ടറ്റ് എന്നിങ്ങനെ മൂന്നുപേരാണ് ഇരകളെ ഡോ. യൂജിനിലേക്ക് എത്തിച്ചത്. അതിൽ ജൂതന്മാർ, പ്രതിരോധ പ്രവര്‍ത്തകര്‍, സാധാരണ കുറ്റവാളികൾ ഇവരെല്ലാമുണ്ടായിരുന്നു. ഇരകൾ തന്‍റെ നിയന്ത്രണത്തിലായിക്കഴിഞ്ഞാൽ, അർജന്‍റീന ഉദ്യോഗസ്ഥർ രാജ്യത്തേക്ക് പ്രവേശിക്കുന്ന എല്ലാവര്‍ക്കും രോഗത്തിനെതിരെ കുത്തിവയ്‍പ് നടത്തണമെന്നാവശ്യപ്പെട്ടിട്ടുണ്ടെന്ന് പെറ്റിയോട്ട് അവരോട് പറയും. ഈ ഒഴിവുകഴിവ് ഉപയോഗിച്ച് അവരെ സയനൈഡ് കുത്തിവച്ച് കൊല്ലും. തുടർന്ന് അവരുടെ വിലപിടിപ്പുള്ള വസ്‍തുക്കളെല്ലാം കൈക്കലാക്കി മൃതദേഹങ്ങള്‍ അവിടെനിന്നും നീക്കം ചെയ്യും.
തുടക്കത്തില്‍ അയാള്‍ മൃതദേഹങ്ങള്‍ സീന്‍ നദിയിലൊഴുക്കുകയായിരുന്നു. എന്നാല്‍, പിന്നീട് അവ കത്തിക്കാനും മറ്റും തുടങ്ങി. 1941 -ല്‍ Rue le Sueur -ല്‍ അയാളൊരു വീടുവാങ്ങി. ഫ്രഞ്ച് ഗസ്റ്റപ്പോയിലേക്ക് പുതിയ അംഗങ്ങളെ റിക്രൂട്ട് ചെയ്യുന്നതിന് ഹെൻറി ലാഫോണ്ട് പാരീസിലേക്ക് മടങ്ങിയെത്തിയ അതേ ആഴ്‍ചയായിരുന്നു പെറ്റിയോട്ട് വീടുവാങ്ങുന്നതും. ഒടുക്കം ഗസ്റ്റപ്പോ അയാളെ കുറിച്ചുള്ള വിവരങ്ങളറിഞ്ഞു. ജൂതന്മാരെ അയാള്‍ നാടുകടത്തുന്നുണ്ട് എന്നാണ് അവരും കരുതിയത്. 1943 ഏപ്രിലോടെ, അയാളുടെ കൂട്ടാളികള്‍ പെറ്റിയോട്ട് തന്നെയാണ് ഡോ. യൂജിന്‍ എന്ന് സമ്മതിച്ചു. അവര്‍ അറസ്റ്റിലായെങ്കിലും പിന്നീട് മൂന്നുപേരും മോചിപ്പിക്കപ്പെട്ടു.
കൊലപാതകം കണ്ടുപിടിക്കുന്നു
1944 മാര്‍ച്ച് 11 -ന് പെറ്റിയോട്ടിന്‍റെ അയല്‍ക്കാരന്‍ ഒരു പരാതി നല്‍കി. അയല്‍വക്കത്തെ ഒരു വീടിന്‍റെ ചിമ്മിനിയില്‍ നിന്നും വലിയതോതില്‍ പുകവരുന്നുവെന്നും എന്തോ ഒരു ഗന്ധം വമിക്കുന്നു എന്നുമായിരുന്നു പരാതി. തീപിടിത്തമാണോ എന്നറിയാത്തതിനാല്‍ ഫയര്‍മാനെയും കൂട്ടിയാണ് പൊലീസ് അങ്ങോട്ട് ചെന്നത്. വീട്ടിലേക്ക് കയറിയ പൊലീസ് കണ്ടത് ബേസ്മെന്‍റില്‍ ഒരു അടുപ്പില്‍ തീയെരിയുന്നതാണ്. തീയിലും പരിസരത്തും നിറയെ മനുഷ്യശരീരങ്ങളുടെ ഭാഗങ്ങളായിരുന്നു. അവസാനത്തെ 10 ഇരകളുടെയെങ്കിലും അവശിഷ്‍ടങ്ങളിവിടെ കണ്ടെത്തിക്കാണും. ഇരകളുടെ ബാഗുകളും മറ്റും ഇവിടെ കണ്ടെത്തി.
എന്നാല്‍, ഇയാള്‍ തന്‍റെ കൂട്ടുകാരോട് പറഞ്ഞത് ജര്‍മ്മനുകളെയും അവരുടെ ഇന്‍ഫോര്‍മാരെയും കൊന്നതുകൊണ്ട് ഗസ്റ്റപ്പോകള്‍ തന്നെ അന്വേഷിക്കുന്നുണ്ടെന്നും അതിനാല്‍ ഒളിച്ചിരിക്കാന്‍ സഹായിക്കണമെന്നുമാണ്. അങ്ങനെ അയാള്‍ രക്ഷപ്പെട്ടു. പിന്നീട് അയാള്‍ പലപേരിലും മാറിമാറിക്കഴിഞ്ഞു. പാരിസില്‍ അയാള്‍ ഹെന്‍റി വലേരി എന്ന പേരാണ് സ്വീകരിച്ചത്. 'ഫ്രഞ്ച് ഫോഴ്‍സസ് ഓഫ് ദ ഇന്‍റീരിയറി'ലും അയാള്‍ ചേര്‍ന്നു പ്രവര്‍ത്തിച്ചു. എന്നാല്‍, റെസിസ്റ്റന്‍സ് എന്നൊരു പത്രം പെറ്റിയോട്ടിനെ കുറിച്ചും അയാള്‍ നടത്തിയ കൊലപാതകങ്ങളെ കുറിച്ചും ഒരു ലേഖനം പ്രസിദ്ധീകരിച്ചു. അവസാനം പാരിസ് മെട്രോ സ്റ്റേഷനില്‍വച്ച് അയാള്‍ അറസ്റ്റ് ചെയ്യപ്പെട്ടു. 50 തരത്തിലുള്ള വിവിധ തിരിച്ചറിയല്‍ രേഖകളും ഒരു പിസ്റ്റളും വലിയ തുകയും അയാളുടെ കയ്യിലുണ്ടായിരുന്നു.
താന്‍ പ്രതിരോധ സംഘത്തിലെ അംഗമാണ് എന്നും ഫ്രാന്‍സിന്‍റെ ശത്രുക്കളെ മാത്രമേ താന്‍ കൊന്നുള്ളൂവെന്നും നിരപരാധിയാണെന്നും അയാള്‍ ആവര്‍ത്തിച്ചു. എന്നാല്‍, അവിടെയൊന്നും അയാള്‍ക്ക് സുഹൃത്തുക്കളില്ലെന്നും അയാള്‍ പറഞ്ഞ പല റെസിസ്റ്റന്‍സ് ഗ്രൂപ്പുകളും നിലവില്‍പ്പോലും ഇല്ലെന്നും അന്വേഷണസംഘത്തിന് ബോധ്യപ്പെട്ടു. അവസാനം 27 കൊലപാതകങ്ങള്‍ പണവും സമ്പാദ്യവും തട്ടാനുള്ള കൊലപാതകമാണെന്ന് രേഖപ്പെടുത്തി.
1946 മാര്‍ച്ച് 19 -ന് വിചാരണ നേരിടുമ്പോള്‍ 135 ക്രിമിനല്‍ കേസുകളാണ് അയാളുടെ പേരിലുണ്ടായിരുന്നത്. പലപ്പോഴും അയാളുടെ അഭിഭാഷകരും മറ്റും സ്ഥാപിക്കാന്‍ ശ്രമിച്ചത് അയാളൊരു നായകനാണ് എന്നും ഫ്രാന്‍സിന്‍റെ ശത്രുക്കളെയാണ് അയാള്‍ കൊലപ്പെടുത്തിയത് എന്നുമാണ്. എന്നാല്‍, അത് തെളിയിക്കാനായില്ല. അതിനാല്‍ത്തന്നെ പെറ്റിയോട്ടിനെ ഒടുവില്‍ വധശിക്ഷയ്ക്ക് വിധിച്ചു. മെയ് 25 -ന് അയാളെ വധിച്ചു. പലപ്പോഴും പെറ്റിയോട്ട് ഒരു അത്ഭുതം തന്നെയായിരുന്നു. കൊടും ക്രിമിനലായിരുന്നിട്ടും അയാള്‍ രക്ഷപ്പെട്ട രീതിയും കയ്യാളിയ സ്ഥാനങ്ങളും ആളുകള്‍ക്ക് എപ്പോഴും ദുരൂഹത സമ്മാനിച്ചു.