കൈകാലുകളിലെ മസിൽ പെരുപ്പിക്കാൻ 6 ലിറ്റർ വാസ്‍ലിൻ കുത്തിവച്ച് യുവാവ്
പ്രധാനമായും കൈകളിലെ മസിലുകൾ പെരുപ്പിക്കുക എന്നതാണ് തെരേഷിൻ്റെ പ്രധാന വിനോദം. ഇതിനാണ് ഇയാൾ തൻറെ രണ്ടു കൈകളിലും ലിറ്റർ കണക്കിന് വാസ്‍ലിൻ അടിസ്ഥാനമാക്കിയുള്ള പെട്രോളിയം ജെല്ലി കുത്തിവച്ചത്.
ആരോഗ്യ സംരക്ഷണത്തേക്കാൾ കൂടുതലായി മസിൽ പെരുപ്പിക്കുക എന്ന ഉദ്ദേശത്തോടെ ജിമ്മിൽ പോകുന്നവരുടെ എണ്ണം ഇപ്പോൾ കൂടി വരികയാണ്. പ്രോട്ടീൻ പൗഡറുകൾ കഴിച്ചും കഠിനമായ വ്യായാമത്തിലൂടെയും ഒക്കെ തങ്ങൾ ആഗ്രഹിക്കുന്ന രീതിയിലേക്ക് ശരീരത്തെ മാറ്റിയെടുക്കാൻ ആളുകൾ ശ്രമിക്കാറുണ്ട്.
എന്നാൽ, കഴിഞ്ഞദിവസം സോഷ്യൽ മീഡിയയിൽ വൈറലായ ഒരു സംഭവത്തിൽ റഷ്യൻ സ്വദേശിയായ ഒരു മനുഷ്യൻ തൻറെ മസിലുകൾ പെരുപ്പിക്കുന്നതിനായി ശരീരത്തിൽ കുത്തിവെച്ചത് 6 ലിറ്റർ വാസ്‍ലിൻ ആണ്. റഷ്യൻ പോപ്പെയ് എന്നറിയപ്പെടുന്ന വ്യക്തിയാണ് മസിൽ പെരുപ്പിക്കാൻ ഇത്തരത്തിൽ ഒരു എളുപ്പവഴി കണ്ടെത്തിയത്. കുറച്ചുനാളുകൾക്കു മുൻപ് നടന്ന സംഭവമാണ് ഇതെങ്കിലും ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ ഈ വീഡിയോ വീണ്ടും വൈറലാവുകയാണ്.
റഷ്യയിൽ നിന്നുള്ള കിറിൽ തെരേഷിൻ തൻ്റെ ശരീരഘടന കൊണ്ട് ബസൂക്ക ഹാൻഡ്‌സ്, റഷ്യൻ പോപ്പേ എന്നീ പേരുകൾ നേടിയിട്ടുണ്ട്. ശരീരത്തിലെ, പ്രധാനമായും കൈകളിലെ മസിലുകൾ പെരുപ്പിക്കുക എന്നതാണ് തെരേഷിൻ്റെ പ്രധാന വിനോദം. ഇതിനാണ് ഇയാൾ തൻറെ രണ്ടു കൈകളിലും ലിറ്റർ കണക്കിന് വാസ്‍ലിൻ അടിസ്ഥാനമാക്കിയുള്ള പെട്രോളിയം ജെല്ലി കുത്തിവച്ചത്. ഈ മസിൽ പെരുപ്പിക്കലിന്റെ വീഡിയോ തെരേഷിൻ സോഷ്യൽ മീഡിയയിൽ പങ്കു വച്ചതോടെ വലിയ വിമർശനമാണ് ഇയാൾക്ക് നേരിടേണ്ടി വന്നത്.
തന്റെ ഓരോ കൈകളിലും 3 ലിറ്റർ വീതം വാസ്‍ലിൻ കുത്തിവെച്ചതായാണ് ഇയാൾ വീഡിയോയിൽ അവകാശപ്പെടുന്നത്. വീഡിയോ കണ്ട പലരും ഇയാളുടെ പ്രവൃത്തിയെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ചു. ഇങ്ങനെ സ്വയം ചെയ്യുന്നതിലൂടെ താങ്കൾ അക്ഷരാർത്ഥത്തിൽ മരിക്കാൻ പോവുകയാണ് എന്നായിരുന്നു ഒരാൾ അഭിപ്രായപ്പെട്ടത്.
റിപ്പോർട്ടുകൾ പ്രകാരം, അദ്ദേഹത്തിൻ്റെ ഇത്തരത്തിലുള്ള പ്രവൃത്തികൾ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്കാണ് വഴി തുറന്നത്. രക്തപ്രവാഹം, ടിഷ്യു ക്ഷതം തുടങ്ങിയ ഗുരുതരമായ പ്രശ്നങ്ങൾക്ക് ഇത് കാരണമായി. ജെല്ലിയും കേടായ കോശവും നീക്കം ചെയ്യാൻ അദ്ദേഹത്തിന് ഒന്നിലധികം ശസ്ത്രക്രിയകൾ നടത്തേണ്ടിവന്നു. കൈകൾ മുറിച്ചു കളയാനുള്ള സാധ്യതയും അദ്ദേഹം നേരിട്ടതായാണ് റിപ്പോർട്ടുകൾ പറയുന്നത്.
സുന്ദരികളെ തന്നിലേക്ക് ആകർഷിക്കാനാണ് ഇത്തരത്തിൽ തന്റെ ശരീരത്തിൽ മാറ്റങ്ങൾ വരുത്തുന്നത് എന്നാണ് കിറിൽ തെരേഷിൻ പറയുന്നത്.