'1.8 കിലോമീറ്ററിന് 700 രൂപ' ഇതെന്ത് ന്യായം? ഊബറിനെതിരെ യാത്രക്കാരന്‍റെ കുറിപ്പ്
വെറും 1.8 കിലോമീറ്റർ ദൂരം യാത്ര ചെയ്യുന്നതിന് ഊബർ 699 രൂപ ആവശ്യപ്പെട്ടതിന്‍റെ സ്ക്രീൻ ഷോട്ടും സൂര്യ പാണ്ഡെ പങ്കുവെച്ചു.
ബെംഗളൂരു, ദില്ലി പോലെയുള്ള ഇന്ത്യന്‍ നഗരങ്ങളില്‍ നിന്ന് എല്ലാ ദിവസവും ഓഫീസിൽ ജോലിക്കായി പോയിവരുന്നവർ ഏറ്റവും അധികം ആശ്രയിക്കുന്ന ഗതാഗത മാർഗമാണ് ഊബർ പോലെയുള്ള ഓൺലൈൻ ടാക്സി സർവീസുകൾ. വളരെ വേഗത്തിലും എളുപ്പത്തിലും ഓൺലൈനായി ടാക്സി സേവനങ്ങൾ ലഭ്യമാകും എന്നതിനാലാണ് ഇത്തരം സർവീസുകൾ ആളുകൾക്ക് പ്രിയങ്കരമാകുന്നത്. എന്നാൽ പലപ്പോഴും ഇത്തരം സേവന ദാതാക്കൾ അവസരം മുതലെടുത്ത് ആളുകളെ ചൂഷണം ചെയ്യുന്നതുമായി ബന്ധപ്പെട്ട നിരവധി സംഭവങ്ങൾ നേരത്തെയും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. സമാനമായ ഒരു ചൂഷണത്തിന്‍റെ അനുഭവം കഴിഞ്ഞ ദിവസം ഒരു യാത്രക്കാരൻ ലിങ്കിടിനിൽ പങ്കുവച്ചത് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വലിയ ചർച്ചകൾക്ക് തുടക്കം കുറിച്ചിരിക്കുകയാണ്.
സൂര്യ പാണ്ഡെ എന്ന വ്യക്തിയാണ് തന്‍റെ അനുഭവം പങ്കുവെച്ച് കൊണ്ട് സമൂഹ മാധ്യമ കുറിപ്പ് പങ്കുവെച്ചത്. സ്റ്റോക്ക് മാർക്കറ്റിന് പകരം ഊബറിന്‍റെ കുതിച്ചുയരുന്ന വിലനിർണ്ണയത്തിൽ നിക്ഷേപിക്കാനുള്ള ദീർഘവീക്ഷണം തനിക്കുണ്ടായിരുന്നെങ്കിൽ, താൻ ഇപ്പോൾ ഹർഷാദ് മേത്തയെ മറികടക്കുമായിരുന്നു എന്നാണ് ഇദ്ദേഹം പോസ്റ്റിൽ പറയുന്നത്. ഇതോടൊപ്പം വെറും 1.8 കിലോമീറ്റർ ദൂരം യാത്ര ചെയ്യുന്നതിന് ഊബർ 699 രൂപ ആവശ്യപ്പെട്ടതിന്‍റെ സ്ക്രീൻ ഷോട്ടും സൂര്യ പാണ്ഡെ പങ്കുവെച്ചു.
യൂബര്‍, റാപ്പിഡോ, ഓല എന്നിവ സാധാ ടാക്സികളുടെ അനിയന്ത്രിതമായ ചാർജ് ഈടാക്കലിന് പരിഹാരം എന്നവണ്ണം ആരംഭിച്ചതാണെന്നും എന്നാൽ വെറും മൂന്ന് മഴക്കാലത്തിന് ശേഷം അവര്‍ ഒരു യാത്രയ്ക്ക് 300% കൂടുതൽ ആവശ്യപ്പെകായാണെന്നും സൂര്യ ആരോപിച്ചു. മാത്രമല്ല നിങ്ങള്‍ കുറഞ്ഞത് മൂന്ന് മണിക്കൂറെങ്കിലും കാത്തിരിക്കേണ്ടിവരുമെന്നു അദ്ദേഹം എഴുതി. ഇപ്പോൾ ഇവയുടെ ചൂഷണം താങ്ങാൻ സാധാരണക്കാരന് ആവുന്നില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വളരെ വേഗത്തിലാണ് ഈ സമൂഹ മാധ്യമ കുറിപ്പ് വൈറലായത്. രാജ്യത്തുട നീളമുള്ള ജോലി ചെയ്യുന്ന പ്രൊഫഷണലുകൾ കുറിപ്പിനോട് പ്രതികരിച്ചു. നിരവധിപേർ തങ്ങൾക്ക് നേരിട്ട സമാനാനുഭവങ്ങൾ പങ്കുവെച്ചു.