ഐഫോൺ വാങ്ങിക്കാൻ പണമില്ല, മകളുടെ മുന്നിൽ മുട്ടുകുത്തി ക്ഷമാപണം നടത്തി അച്ഛൻ
മറ്റു മാതാപിതാക്കൾ അവരുടെ കുട്ടികൾക്ക് ഐഫോൺ വാങ്ങി നൽകുന്നുണ്ടല്ലോ പിന്നെ എന്തുകൊണ്ടാണ് നിങ്ങളുടെ കയ്യിൽ മാത്രം പണമില്ലാത്തത് എന്ന് ചോദിച്ചു കൊണ്ടായിരുന്നു പെൺകുട്ടി പിതാവിനോട് ബഹളം വച്ചത്.
പലരുടെയും സ്വപ്നങ്ങളിൽ ഒന്നാണ് സ്വന്തമായി ഒരു ഐഫോൺ ഉണ്ടാവുക എന്നത്. ഒരു സ്റ്റാറ്റസ് സിംബലായി മാറിക്കഴിഞ്ഞു ഐഫോണുകൾ. ഐഫോണുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം ചൈനീസ് മാധ്യമങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെട്ട ഒരു വാർത്ത ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ ഉൾപ്പെടെ ചർച്ചയാവുകയാണ്. ഒരു ചൈനീസ് പിതാവ് തൻറെ കൗമാരക്കാരിയായ മകൾക്ക് ഐഫോൺ വാങ്ങി നൽകാൻ പണമില്ലാത്തതിനാൽ അവൾക്കു മുൻപിൽ മുട്ടുകുത്തി നിന്ന് ക്ഷമാപണം നടത്തി എന്ന വാർത്തയാണിത്.
സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച് മെയ് 4 ന് തയ്യുവാൻ എന്ന സ്ഥലത്ത് നടന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ പകർത്തിയത് ഒരു വഴിയാത്രക്കാരനാണ്. ദൃശ്യങ്ങളിൽ ഒരു റോഡിൽ വച്ച് കൗമാരക്കാരിയായ പെൺകുട്ടി തനിക്ക് ഐഫോൺ വാങ്ങാൻ കഴിയാത്തതിന് പിതാവിനോട് ദേഷ്യപ്പെടുകയും ബഹളം വയ്ക്കുകയും ചെയ്യുന്ന ദൃശ്യങ്ങളായിരുന്നു. ഒടുവിൽ തൻറെ മകളെ അനുനയിപ്പിക്കാൻ മറ്റൊരു വഴിയും കാണാതെ വന്നപ്പോൾ ആ പിതാവ് അവൾക്കു മുൻപിൽ മുട്ടുകുത്തി നിന്ന് ക്ഷമാപണം നടത്തുകയുമായിരുന്നു.
മറ്റു മാതാപിതാക്കൾ അവരുടെ കുട്ടികൾക്ക് ഐഫോൺ വാങ്ങി നൽകുന്നുണ്ടല്ലോ പിന്നെ എന്തുകൊണ്ടാണ് നിങ്ങളുടെ കയ്യിൽ മാത്രം പണമില്ലാത്തത് എന്ന് ചോദിച്ചു കൊണ്ടായിരുന്നു പെൺകുട്ടി പിതാവിനോട് ബഹളം വച്ചത്. ഏറെ ശ്രമിച്ചിട്ടും അവളെ പറഞ്ഞു മനസ്സിലാക്കാൻ കഴിയാതെ വന്നതോടെയാണ് പിതാവ് അവൾക്കു മുൻപിൽ മുട്ടുകുത്തി നിന്ന് തൻറെ സാമ്പത്തിക കഴിവുകേടുകൾക്ക് ക്ഷമ ചോദിച്ചത്. പൊതുസ്ഥലത്ത് വെച്ചുള്ള പിതാവിൻറെ അപ്രതീക്ഷിത പ്രവൃത്തിയിൽ ലജ്ജ തോന്നിയ പെൺകുട്ടി ഉടൻതന്നെ പിതാവിനോട് എഴുന്നേൽക്കാൻ ആവശ്യപ്പെടുന്നതും വീഡിയോയിൽ കാണാമായിരുന്നു എന്ന് റിപ്പോർട്ടുകൾ പറയുന്നു.
ആ പെൺകുട്ടിയോട് തനിക്ക് ദേഷ്യവും പിതാവിനോട് സഹതാപവും തോന്നി എന്ന് കുറിച്ചുകൊണ്ടാണ് വീഡിയോ ചിത്രീകരിച്ച വ്യക്തി ഇത് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. വളരെ വേഗത്തിൽ വിവിധ ചൈനീസ് സാമൂഹിക മാധ്യമങ്ങളിൽ വീഡിയോ വൈറലായി. വീഡിയോ വലിയ ചർച്ചകൾക്ക് ആണ് തുടക്കം ഇട്ടിരിക്കുന്നത്. കുട്ടികൾക്ക് മാതാപിതാക്കളുടെ സാമ്പത്തികസ്ഥിതി മനസിലാക്കാൻ കഴിയാതെ വന്നാൽ എന്ത് ചെയ്യും എന്നാണ് പലരും ചോദിച്ചത്.
(ചിത്രം പ്രതീകാത്മകം)
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം:
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം