കിടപ്പുമുറിയിൽ ഒളിക്യാമറ വച്ചു, ആയയ്‍ക്ക് 23 കോടി നഷ്ടപരിഹാരം നൽകി കോടീശ്വരൻ
ക്യാമറ കണ്ടെത്തി അധികം വൈകും മുമ്പ് മൈക്കൽ വീട്ടിലെത്തി. തന്റെ സുരക്ഷയെ കരുതി ഭയന്ന കെല്ലി ഒരു ജനാല വഴി അവിടെ നിന്നും രക്ഷപ്പെട്ടു. അയാൾ വന്ന് വാതിലിൽ മുട്ടുമ്പോഴേക്കും അവൾ മറ്റൊരു വഴി രക്ഷപ്പെട്ടിരുന്നു.
കോടീശ്വരനായ ബോസ് ഒളിക്യാമറ ഉപയോഗിച്ച് വീഡിയോ പകർത്തി, ആയയ്ക്ക് നഷ്ടപരിഹാരമായി 23 കോടി രൂപ. 25 -കാരിയായ കെല്ലി ആൻഡ്രേഡ് കോടീശ്വരനായ മൈക്കൽ എസ്‌പോസിറ്റോയുടെ വീട്ടിൽ ആയയായി ജോലി ചെയ്യുകയായിരുന്നു. കുടുംബത്തോടൊപ്പം താമസിച്ചാണ് മൈക്കലിന്റെ നാല് കുട്ടികളെയും ഇവർ നോക്കിയിരുന്നത്. എന്നാൽ, പിന്നീട് അവൾ തന്റെ കിടപ്പുമുറിയിലെ സ്മോക്ക് ഡിറ്റക്ടറിൽ ഒളിക്യാമറ കണ്ടെത്തുകയായിരുന്നു.
2021 -ല്‍ കൊളംബിയയിലാണ് സംഭവം. മൈക്കൽ ഇടയ്ക്കിടക്ക് വന്ന് സ്മോക്ക് ഡിറ്റക്ടർ അഡ്ജസ്റ്റ് ചെയ്ത് വയ്ക്കുന്നത് അവളുടെ ശ്രദ്ധയിൽ പെട്ടിരുന്നു. അതോടെയാണ് എന്തോ ഒരു സംശയം അവൾക്കുണ്ടായത്. അങ്ങനെ സംശയം തോന്നി പരിശോധിച്ചപ്പോഴാണ് ക്യാമറ കണ്ടെത്തിയത്. അതോടെ തന്റെ ഭയം സത്യമായിരുന്നു എന്ന് കെല്ലിക്ക് ബോധ്യപ്പെടുകയായിരുന്നു. നൂറുകണക്കിന് വീഡിയോകൾ അടങ്ങിയ മെമ്മറി കാർഡും അതിലുണ്ടായിരുന്നു. അവൾ വസ്ത്രം മാറുന്നതടക്കം അനേകം വീഡിയോകൾ അതിലുണ്ടായിരുന്നു.
ക്യാമറ കണ്ടെത്തി അധികം വൈകും മുമ്പ് മൈക്കൽ വീട്ടിലെത്തി. തന്റെ സുരക്ഷയെ കരുതി ഭയന്ന കെല്ലി ഒരു ജനാല വഴി അവിടെ നിന്നും രക്ഷപ്പെട്ടു. അയാൾ വന്ന് വാതിലിൽ മുട്ടുമ്പോഴേക്കും അവൾ മറ്റൊരു വഴി രക്ഷപ്പെട്ടിരുന്നു. അയാൾ വളരെ പരിഭ്രാന്തനായിട്ടാണ് വീട്ടിലെത്തിയത് എന്ന് കെല്ലി പറയുന്നു. പിന്നീട്, മൈക്കലിനെ അറസ്റ്റ് ചെയ്തു. നാല് വർഷത്തെ തടവാണ് ഇയാൾക്ക് വിധിച്ചത്. എന്നാൽ, രണ്ട് വർഷത്തെ തടവും കൗൺസിലിംഗും നൽകി അയാളെ വിട്ടയച്ചു.
മൈക്കലും ഭാര്യ ഡാനിയേലുമുണ്ടാക്കിയ വൈകാരിക ബുദ്ധിമുട്ടുകൾക്ക് 780,000 ഡോളറും മൈക്കൽ ചെയ്ത കാര്യങ്ങൾക്ക് ശിക്ഷാനടപടിയായി $2 മില്യൺ ഡോളറും കെല്ലിക്ക് നൽകാനും വിധിയായി. തനിക്ക് ആ സംഭവമുണ്ടാക്കിയ മാനസികവും വൈകാരികവുമായ ബുദ്ധിമുട്ടുകൾക്ക് ആ തുക ഒരു പൂർണപരിഹാരമല്ല എന്നാണ് കെല്ലി പറയുന്നത്.