ട്രംപിനെ വിമര്‍ശിക്കുന്ന മരുമകളുടെ പുസ്‍തകം, ആദ്യദിനം തന്നെ വിറ്റത് പത്തുലക്ഷത്തോളം കോപ്പികള്‍
കുട്ടിക്കാലം മുതല്‍ തന്നെ ട്രംപ് ക്രൂരനായിരുന്നുവെന്നും സഹോദരനെയടക്കം അപമാനിച്ചിരുന്നുവെന്നും മേരി ട്രംപ് പറയുന്നുണ്ട്. നമുക്കറിയാം ഡൊണാള്‍ഡ് ട്രംപിന് ഈ കഥകളൊന്നും ഇഷ്‍ടമാകില്ല എന്ന്. എന്നാല്‍, ഈ കഥകളെല്ലാം ആളുകളറിയേണ്ടതുണ്ടെന്നും മേരി ട്രംപ് വ്യക്തമാക്കുന്നു.
ട്രംപിനെ കുറിച്ചുള്ള മരുമകളുടെ പുസ്‍തകം ഇറങ്ങി ആദ്യത്തെ ദിവസം നടന്നത് ഏകദേശം പത്തുലക്ഷത്തോളം കോപ്പികളുടെ വില്‍പന. ആമസോണിലെ ബെസ്റ്റ് സെല്ലര്‍ വിഭാഗത്തിലും ഇടംപിടിച്ചിരിക്കുകയാണ് പുസ്‍തകം. ട്രംപ് വംശീയവാദിയാണെന്നും പ്രസിഡണ്ട് സ്ഥാനത്തിരിക്കാന്‍ യോഗ്യനല്ലെന്നും തുടങ്ങിയ വാദങ്ങളുയര്‍ത്തുന്ന പുസ്‍തകമാണിത്. അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിന്‍റെ സഹോദരന്‍ ഫ്രെഡ് ട്രംപ് ജൂനിയറിന്‍റെ മകളായ മേരി എല്‍ ട്രംപ് എഴുതിയ പുസ്‍തകം നേരത്തെ തന്നെ വന്‍ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയിരുന്നു. ട്രംപും ഒരു സഹോദരനും പുസ്‍തകം പുറത്തിറങ്ങുന്നത് തടയാന്‍ ആവുന്നതും ശ്രമിക്കുകയും ചെയ്‍തിരുന്നു.
ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് കൂടിയായ മേരി എല്‍ ട്രംപ് എഴുതിയ പുസ്‍തകം ടൂ മച്ച് ആന്‍ഡ് നെവര്‍ ഇനഫ്: ഹൗ മൈ ഫാമിലി ക്രിയേറ്റഡ് ദ വേള്‍ഡ്‍സ് മോസ്റ്റ് ഡേഞ്ചറസ് മാന്‍ (Too Much and Never Enough: How My Family Created the World’s Most Dangerous Man) ചൊവ്വാഴ്‍ചയാണ് പ്രസിദ്ധീകരിച്ചത് ആദ്യദിവസം തന്നെ 950,000 കോപ്പികളാണ് വിറ്റത്. പ്രീ സെയില്‍, ഈ ബുക്സ്, ഓഡിയോ ബുക് എന്നിവയെല്ലാം ഉള്‍പ്പെടുത്തിയാണിത്.
പുസ്‍തകത്തിന്‍റെ പ്രസിദ്ധീകരണം തടയാൻ ആവശ്യപ്പെട്ട് ഡൊണാൾഡ് ട്രംപിന്റെ സഹോദരൻ റോബർട്ട് നേരത്തെ ഒരു കോടതി ഉത്തരവ് നേടിയിരുന്നു. എന്നാല്‍, പുസ്‍തകത്തിന്‍റെ പ്രസിദ്ധീകരണത്തിനുള്ള വിലക്ക് പിന്നീട് റദ്ദാക്കി. വിലക്ക് നീക്കിയതിന് തൊട്ടുപിന്നാലെയാണ് പുസ്‍തകം ഇറങ്ങിയതെന്ന് പ്രസാധകരായ സൈമൺ ആന്‍ഡ് ഷൂസ്റ്റർ വ്യാഴാഴ്ച പറഞ്ഞു. പ്രസാധകരെ സംബന്ധിച്ചിടത്തോളം റെക്കോര്‍ഡ് വില്‍പനയാണ് പുസ്‍തകത്തിന്‍റെ കാര്യത്തിലുണ്ടായിരിക്കുന്നത്.
പുസ്‍തകം പുറത്തിറങ്ങുന്നതുമായി ബന്ധപ്പെട്ട് നിരവധി അഭിമുഖങ്ങള്‍ ഈയാഴ്‍ച മേരി ട്രംപ് നല്‍കിയിരുന്നു. വാഷിംഗ്‍ടണ്‍ പോസ്റ്റിന് നല്‍കിയ അഭിമുഖത്തില്‍, പ്രസിഡണ്ട് ട്രംപ് ഒരു തികഞ്ഞ വംശീയവാദിയാണ് എന്ന് മേരി ട്രംപ് പറയുകയുണ്ടായി. വ്യാഴാഴ്‍ച വൈകുന്നേരം റേച്ചല്‍ മാഡോവിന് നല്‍കിയ അഭിമുഖത്തില്‍ ട്രംപിന്‍റെ വംശീയ പരാമര്‍ശങ്ങള്‍ നേരിട്ട് കേട്ടിട്ടുണ്ട് എന്നും മേരി ട്രംപ് വെളിപ്പെടുത്തി. 'ട്രംപ് ഒരു വംശീയവാദിയാണ് എന്ന കാര്യം ആരെയും അത്ഭുതപ്പെടുത്തുമെന്ന് കരുതുന്നില്ല, കാരണം എല്ലാവര്‍ക്കും തന്നെ അറിയാം അയാള്‍ എത്രമാത്രം വംശീയവാദിയാണ് എന്നത്' എന്നും മേരി ട്രംപ് പറയുകയുണ്ടായി.
എബിസിയുടെ ഗുഡ് മോര്‍ണിംഗ് അമേരിക്കയില്‍ മേരി ട്രംപ് പറഞ്ഞത് ട്രംപ് പ്രസിഡണ്ട് സ്ഥാനത്തിരിക്കാന്‍ യോഗ്യനായ ഒരാളേയല്ല, അതിനാല്‍ എത്രയും പെട്ടെന്ന് രാജിവെച്ചൊഴിയുന്നതാണ് നല്ലത് എന്നാണ്. തന്‍റെ പിതാവും പ്രസിഡണ്ട് ട്രംപ് തമ്മില്‍ അത്ര അടുപ്പമുണ്ടായിരുന്നില്ലായെന്നും തന്‍റെ പിതാവിനെ പല പെരുമാറ്റങ്ങളിലൂടെയും അയാള്‍ അപമാനിച്ചിരുന്നുവെന്നും അവര്‍ പറഞ്ഞിരുന്നു.
ട്രംപിന്‍റെ സഹോദരി മാരിയാന്‍ ട്രംപ് ബാരി പോലും പ്രസിഡണ്ട് തെരഞ്ഞെടുപ്പില്‍ ട്രംപ് ജയിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലായെന്നും അതവരെ അത്ഭുതപ്പെടുത്തിയിരുന്നുവെന്നും മേരി ട്രംപ് പറയുന്നു. യാതൊരുവിധ ആദര്‍ശങ്ങളും ഇല്ലാത്തയാളാണ് ട്രംപ്. അതിനാല്‍ത്തന്നെ ആരും അയാള്‍ക്ക് വോട്ട് ചെയ്യില്ല എന്നാണ് മാരിയാന്‍ കരുതിയത്. ഇവാഞ്ചലിക്കൽ ക്രിസ്ത്യാനികൾക്കിടയിൽ സഹോദരനുള്ള പിന്തുണ കണ്ടിട്ട് മരിയാൻ ട്രംപിന് വല്ലാത്ത അത്ഭുതം തോന്നി. കാരണം, ക്യാമറകൾ ഉള്ളപ്പോൾ മാത്രമാണ് ഡൊണാൾഡ് പള്ളിയിൽ പോകുന്നത്. എന്നാൽ, ആളുകൾ ഇതൊന്നുമറിയാതെയാണ് അദ്ദേഹത്തെ പിന്തുണക്കുന്നതെന്നും മരിയാന്‍ കരുതിയിരുന്നതായും മേരി ട്രംപ് വെളിപ്പെടുത്തി.
കുട്ടിക്കാലം മുതല്‍ തന്നെ ട്രംപ് ക്രൂരനായിരുന്നുവെന്നും സഹോദരനെയടക്കം അപമാനിച്ചിരുന്നുവെന്നും മേരി ട്രംപ് പറയുന്നുണ്ട്. 'നമുക്കറിയാം ഡൊണാള്‍ഡ് ട്രംപിന് ഈ കഥകളൊന്നും ഇഷ്‍ടമാകില്ല എന്ന്. എന്നാല്‍, ഈ കഥകളെല്ലാം ആളുകളറിയേണ്ടതുണ്ടെന്നും' മേരി ട്രംപ് വ്യക്തമാക്കുന്നു. ഏതായാലും പുസ്‍തകം വന്‍തോതില്‍ വിറ്റഴിയുന്നത് ട്രംപിന്‍റെ രാഷ്ട്രീയ ഭാവിയുടെ കാര്യത്തില്‍ നിര്‍ണായകമാകും എന്ന് വേണം കരുതാന്‍. ജോര്‍ജ് ഫ്ലോയ്‍ഡിന്‍റെ മരണത്തെ തുടര്‍ന്ന് ആളിക്കത്തിയ പ്രതിഷേധം തന്നെ ട്രംപിന് വലിയ അടിയായിരിക്കുകയാണ്. പ്രതിഷേധത്തില്‍ ഏറിയ പങ്കും യുവാക്കളായിരുന്നു പങ്കുകൊണ്ടത്. ഇതെല്ലാം വരുന്ന പ്രസിഡണ്ട് തെരഞ്ഞെടുപ്പിനെ സ്വാധീനിക്കും എന്നതില്‍ സംശയമില്ല. അതിനിടയിലാണ് മേരി ട്രംപിന്‍റെ പുസ്‍തകവും പുതിയ ചര്‍ച്ചകളിലേക്ക് വഴിവെക്കുന്നത്.