227 കോടിയുടെ സ്വത്ത് പാരമ്പര്യമായി കിട്ടി, തനിക്കത് വേണ്ട, ആവശ്യക്കാർക്ക് വിതരണം ചെയ്യുമെന്ന് 31 -കാരി
കൃത്യമായി എത്രമാത്രം സ്വത്ത് അവർ വിട്ടുനൽകും എന്ന് അറിയില്ലെങ്കിലും 90 ശതമാനം സ്വത്തും ഉപേക്ഷിക്കാനാണ് അവരുടെ തീരുമാനം എന്നാണ് വിവിധ റിപ്പോർട്ടുകൾ പറയുന്നത്.
227 കോടിയുടെ സ്വത്ത് പാരമ്പര്യമായി കൈവരുന്നു. അത് താൻ സമ്പാദിച്ച പണമല്ല. അതുകൊണ്ട് തനിക്കത് ആവശ്യമില്ല. അത് രാജ്യം ആവശ്യക്കാർക്ക് വിതരണം ചെയ്യണം എന്ന് എത്രപേർ പറയും? ഏതായാലും ഒരു ഓസ്ട്രോ-ജർമ്മൻ യുവതി അങ്ങനെയൊരു തീരുമാനമെടുത്തു. മുത്തശ്ശിയിൽ നിന്നും പരമ്പരാഗതമായി ലഭിച്ച സ്വത്താണ് 31 -കാരിയായ ആക്ടിവിസ്റ്റ് മർലിൻ ഏംഗൽഹോൺ പുനർവിതരണം ചെയ്യാൻ തീരുമാനിച്ചിരിക്കുന്നത്.
ആ സ്വത്ത് എങ്ങനെ പുനർവിതരണം ചെയ്യണം എന്ന് തീരുമാനിക്കുന്നതിന് വേണ്ടി ആളുകളെ കൂട്ടി ഒരു സംഘത്തെയും മർലിൻ രൂപീകരിച്ച് കഴിഞ്ഞു. ഓസ്ട്രിയയിൽ പരമ്പരാഗതമായി കിട്ടുന്ന സ്വത്തിന് നികുതി അടക്കേണ്ടതില്ല. അതിന്റെ പേരിൽ വലിയ പ്രതിഷേധം തന്നെ മർലിൻ ഉയർത്തിയിരുന്നു. 'എനിക്ക് പാരമ്പര്യമായി വലിയ സ്വത്ത് കൈവന്നു, അതുവഴി അധികാരവും. അതിനുവേണ്ടി ഞാനൊന്നും ചെയ്യാഞ്ഞിട്ട് കൂടി... രാജ്യമാണെങ്കിൽ അതിനു മുകളിൽ നികുതി ഏർപ്പെടുത്താനും ഉദ്ദേശിക്കുന്നില്ല' എന്നാണ് മർലിൻ പറഞ്ഞത്.
2008 -ലാണ് ഓസ്ട്രിയൻ സർക്കാർ ഇൻഹെറിറ്റൻസ് നികുതി ഒഴിവാക്കിയത്. ഈ നികുതി ഒഴിവാക്കിയിരിക്കുന്ന യൂറോപ്പിലെ അപൂർവം രാജ്യങ്ങളിൽ ഒന്നാണ് ഓസ്ട്രിയ. മർലിൻ കരുതുന്നത് അത് അനീതിയാണ് എന്നാണ്. 'പാവപ്പെട്ട, സാധാരണക്കാരായ മനുഷ്യർ ജീവിക്കാൻ വേണ്ടി ജോലി ചെയ്യുന്നു. അവർ കഷ്ടപ്പെട്ട് ജോലി ചെയ്ത് സമ്പാദിക്കുന്ന ഓരോ യൂറോയ്ക്കും ഇവിടെ നികുതി നൽകണം. എന്നിട്ടും എന്തുകൊണ്ടാണ് പാരമ്പര്യമായി കൈവരുന്ന കോടിക്കണക്കിന് രൂപയ്ക്ക് നികുതി അടക്കേണ്ടതില്ലാത്തത്. ഇവിടെ രാഷ്ട്രീയക്കാർ പരാജയപ്പെടുകയാണ്. അവർ അവരുടെ ജോലി ചെയ്യുന്നില്ലെങ്കിൽ സാധാരണക്കാരായ പൗരന്മാർക്ക് അത് ചെയ്യേണ്ടി വരും. അതുകൊണ്ട് സ്വത്ത് പുനർവിതരണം ചെയ്യാൻ ഞാൻ തന്നെ മുന്നിട്ടിറങ്ങുന്നു' എന്നാണ് മർലിൻ പറയുന്നത്.
കൃത്യമായി എത്രമാത്രം സ്വത്ത് അവർ വിട്ടുനൽകും എന്ന് അറിയില്ലെങ്കിലും 90 ശതമാനം സ്വത്തും ഉപേക്ഷിക്കാനാണ് അവരുടെ തീരുമാനം എന്നാണ് വിവിധ റിപ്പോർട്ടുകൾ പറയുന്നത്. ജർമ്മൻ കെമിക്കൽ ആൻഡ് ഫാർമസ്യൂട്ടിക്കൽ കമ്പനിയായ BASF -ന്റെ സ്ഥാപകനായ ഫ്രെഡറിക് ഏംഗൽഹോണിന്റെ പിൻഗാമിയാണ് മർലിൻ. 2022 സെപ്റ്റംബറിൽ മുത്തശ്ശി മരിച്ചതോടെയാണ് കോടിക്കണക്കിന് സ്വത്ത് മർലിന് പാരമ്പര്യമായി കൈവന്നത്.
സ്വത്ത് എങ്ങനെ, ആർക്ക് വിതരണം ചെയ്യണം എന്ന് തീരുമാനമെടുക്കുന്നതിന് വേണ്ടി ഗുഡ് കൗൺസിൽ ഫോർ റീഡിസ്ട്രിബ്യൂഷൻ (Good Council for Redistribution) എന്ന പേരിലാണ് അവൾ സംഘം രൂപീകരിച്ചിരിക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം:
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം