പണി പാളി മോനേ, എല്ലാം ക്യാമറ കണ്ടു; ഭാര്യയെ കുടുക്കാൻ കാറിൽ കഞ്ചാവ് വച്ച് യുവാവ്, ഇനിയിപ്പോ 3 കൊല്ലം ജയിലിൽ
2021 -ലാണ് ടാനിന്റെ വിവാഹം കഴിഞ്ഞത്. ഒരു വർഷം കഴിഞ്ഞപ്പോൾ ഇരുവരും പിരിഞ്ഞു. എന്നാൽ, വിവാഹമോചനം നേടിയിരുന്നില്ല. സിംഗപ്പൂരിൽ വിവാഹമോചനം കിട്ടണമെങ്കിൽ വിവാഹം കഴിഞ്ഞ് മൂന്ന് വർഷമെങ്കിലും കഴിയണം.
കാറിൽ കഞ്ചാവ് വച്ച് ഭാര്യയെ കുടുക്കാൻ ശ്രമിച്ച 37 -കാരൻ അറസ്റ്റിൽ. സംഭവം നടന്നത് സിംഗപ്പൂരിലാണ്. ഇയാളെ മൂന്ന് വർഷത്തേക്ക് തടവിന് ശിക്ഷിച്ചിരിക്കുകയാണ്. ടാൻ സിയാങ്‌ലോങ് എന്നയാളാണ് തൻ്റെ ഭാര്യയുടെ കാറിൽ 500 ഗ്രാം കഞ്ചാവ് വച്ചത്. സിംഗപ്പൂരിൽ ഈ അളവിലുള്ള കഞ്ചാവ് കടത്തുന്നത് വധശിക്ഷയ്ക്ക് കാരണമാകുമെന്ന് അറിഞ്ഞുകൊണ്ട് തന്നെയാണ് ഇയാൾ അത് ചെയ്തത് എന്നും റിപ്പോർട്ടുകൾ പറയുന്നു.
ലോകത്തിലെ ഏറ്റവും കഠിനമായ മയക്കുമരുന്ന് വിരുദ്ധ നിയമങ്ങൾ ഉള്ള രാജ്യമാണ് സിംഗപ്പൂർ. കഞ്ചാവ് കൈവശം വയ്ക്കുന്നതിനോ ഉപയോഗിക്കുന്നതിനോ പരമാവധി 10 വർഷം വരെ തടവ് ശിക്ഷ ഇവിടെ ലഭിക്കാം. അതേസമയം മയക്കുമരുന്ന് കടത്താണ് കുറ്റമെങ്കിൽ അതിന് വധശിക്ഷ വരെ ലഭിക്കാം. ഭാര്യയെ ഭയപ്പെടുത്തുക, അവൾക്ക് നിയമമുപയോഗിച്ച് കുരുക്കേർപ്പെടുത്തുക എന്നീ ലക്ഷ്യങ്ങളാണ് ടാനിന് ഉണ്ടായിരുന്നത് എന്നാണ് ബിബിസി റിപ്പോർട്ട് ചെയ്യുന്നത്.
അയാൾ പ്ലാൻ ചെയ്തത് വിജയിച്ചാൽ ഭാര്യ അറസ്റ്റിലാവുമെന്നും ഗുരുതരമായ പ്രത്യാഘാതം നേരിടേണ്ടി വരുമെന്നും ടാനിന് അറിയാമായിരുന്നു. താൻ പെർഫെക്ടായ ഒരു കുറ്റകൃത്യം ചെയ്യാൻ പോകുന്നതായി ഇയാൾ ടെലഗ്രാമിൽ തന്റെ കാമുകിയോട് വിശദീകരിച്ചിട്ടുമുണ്ട്.
2021 -ലാണ് ടാനിന്റെ വിവാഹം കഴിഞ്ഞത്. ഒരു വർഷം കഴിഞ്ഞപ്പോൾ ഇരുവരും പിരിഞ്ഞു. എന്നാൽ, വിവാഹമോചനം നേടിയിരുന്നില്ല. സിംഗപ്പൂരിൽ വിവാഹമോചനം കിട്ടണമെങ്കിൽ വിവാഹം കഴിഞ്ഞ് മൂന്ന് വർഷമെങ്കിലും കഴിയണം. ഭാര്യക്കെതിരെ ക്രിമിനൽ കുറ്റം വന്നു കഴിഞ്ഞാൽ എളുപ്പം വിവാഹമോചനം കിട്ടും എന്നായിരുന്നു ടാനിന്റെ കണക്കുകൂട്ടൽ.
അതിനായി, 2022 ഒക്ടോബറിൽ, അയാൾ ഒരു ടെലഗ്രാം ഗ്രൂപ്പ് ചാറ്റ് വഴി കഞ്ചാവ് വാങ്ങി, അതിൻ്റെ ഭാരം 500 ഗ്രാമിൽ കൂടുതൽ ഉണ്ടെന്ന് ഉറപ്പാക്കാൻ അത് തൂക്കിയും നോക്കി. പിന്നീട് അത് ഭാര്യയുടെ കാറിൽ വക്കുകയായിരുന്നു. എന്നാൽ, എല്ലാം പാളിപ്പോയി. കാരണം, ടാനിന്റെ ഭാര്യയുടെ കാറിൽ ക്യാമറയുണ്ടായിരുന്നു. അതിൽ എല്ലാം പതിഞ്ഞു. അതോടെ, അയാൾ അറസ്റ്റിലായി. ഇപ്പോൾ, മൂന്നു വർഷവും 10 മാസവും ഇയാളെ തടവിന് ശിക്ഷിച്ചിരിക്കയാണ്.