വിദൂരബീച്ചിൽ കുടുങ്ങി യുവാവ്, കല്ലുകളുപയോഗിച്ച് മണലിലെഴുതി 'ഹെൽപ്', ഒടുവിൽ
രക്ഷപ്പെടാൻ മറ്റ് വഴികളില്ലാതെ ഒടുവിൽ മണലിൽ 'ഹെൽപ്' (HELP) എന്ന് എഴുതുകയായിരുന്നു ഇയാൾ. ഇവിടെ നിന്നും കിട്ടിയ ചെറിയ ചെറിയ കല്ലുകൾ ഉപയോഗിച്ചുകൊണ്ടാണ് യുവാവ് ഹെൽപ് എന്ന് എഴുതിയത്.
ഒറ്റപ്പെട്ട ദ്വീപുകളിലും മറ്റും കുടുങ്ങിപ്പോവുകയും അവിടെ നിന്നും സാഹസികമായി രക്ഷപ്പെടുകയും ചെയ്യുന്ന മനുഷ്യർ കേന്ദ്ര കഥാപാത്രങ്ങളായിട്ടുള്ള അനവധി സിനിമകളും നോവലുകളും ഒക്കെ ഇവിടെയുണ്ടായിട്ടുണ്ട്. യഥാർത്ഥ ജീവിതത്തിലും അത്തരം അനുഭവങ്ങളിലൂടെ കടന്നു പോയവർ അനേകമുണ്ട്. സമാനമായ ഒരു സംഭവം കഴിഞ്ഞ ദിവസം യുഎസ്സിലുമുണ്ടായി.
കൈറ്റ് സർഫിംഗിന് പോയ ഒരാൾ വിദൂരമായ ഒരു ബീച്ചിൽ ഒറ്റപ്പെട്ട് പോവുകയായിരുന്നു. അവിടെ കുടുങ്ങിപ്പോയ യുവാവ് ഒടുവിൽ ഒരുവിധത്തിലാണ് രക്ഷപ്പെട്ടത്. വടക്കൻ കാലിഫോർണിയയിലെ ഡാവൻപോർട്ട് ബീച്ചിൻ്റെ വിദൂര പ്രദേശത്താണ് യുവാവ് കുടുങ്ങിപ്പോയത്. യുവാവിന്റെ പേര് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.
രക്ഷപ്പെടാൻ മറ്റ് വഴികളില്ലാതെ ഒടുവിൽ മണലിൽ 'ഹെൽപ്' (HELP) എന്ന് എഴുതുകയായിരുന്നു ഇയാൾ. ഇവിടെ നിന്നും കിട്ടിയ ചെറിയ ചെറിയ കല്ലുകൾ ഉപയോഗിച്ചുകൊണ്ടാണ് യുവാവ് ഹെൽപ് എന്ന് എഴുതിയത്. ഒടുവിൽ അതുവഴി കടന്നുപോവുകയായിരുന്ന ഒരു ഹെലികോപ്റ്ററാണ് യുവാവിനെ കണ്ടത്. അവർ 911 -ൽ വിളിക്കുകയും അഗ്നിശമനസേനാംഗങ്ങൾ സ്ഥലത്തെത്തുകയുമായിരുന്നു.
എന്നാൽ, മണലിൽ ഹെലികോപ്റ്റർ ഇറക്കാനായില്ല. ഒടുവിൽ ഒരു റോപ്പിൽ ഒരാൾ താഴെയിറങ്ങുകയും യുവാവുമായി മുകളിലേക്ക് പറക്കുകയുമായിരുന്നു. യുവാവിനെ രക്ഷിക്കുന്ന ദൃശ്യങ്ങൾ വിവിധ മാധ്യമങ്ങളിൽ പിന്നീട് വൈറലായി. സാന്താക്രൂസ്, സാന്താ ക്ലാര അഗ്നിശമന സേനയുടെ സംയുക്ത ശ്രമത്തിന്റെ ഭാഗമായിട്ടാണ് യുവാവിനെ ഇവിടെ നിന്നും രക്ഷിച്ചത് എന്നും റിപ്പോർട്ടുകൾ പറയുന്നു.