സൈഡ് ബിസിനസ് ഹിറ്റ്, 10 വയസുകാരന്റെ സമ്പാദ്യം ലക്ഷങ്ങൾ
കഴിഞ്ഞ വർഷം ജൂലൈയിലാണ് പിറന്നാൾ സമ്മാനമായി ജേക്കബിന് മാതാപിതാക്കൾ ഒരു 3D പ്രിൻ്റർ സമ്മാനമായി നൽകിയത്. യൂട്യൂബിലൂടെയും മറ്റുമാണ് അവൻ അതേക്കുറിച്ചുള്ള പാഠങ്ങളെല്ലാം പഠിച്ചത്.
രാവിലെ എഴുന്നേൽക്കുന്നു, പ്രഭാതകൃത്യങ്ങളൊക്കെ നിർവഹിക്കുന്നു, ഭക്ഷണം കഴിക്കുന്നു. ബിസിനസിൽ ചെയ്യേണ്ട കാര്യങ്ങളെല്ലാം ചെയ്യുന്നു. 10 മണിയാകുമ്പോൾ തിടുക്കപ്പെട്ട് സ്കൂളിലേക്കുള്ള ബസ് കയറുന്നു. ഇത് ഒരു 10 വയസ്സുകാരന്റെ ദിനചര്യയാണ് എന്ന് പറഞ്ഞാൽ വിശ്വസിക്കുമോ?
10 വയസ്സുകാരനായ ജേക്കബ് ഹെയ്റ്റ്മാന് പഠനത്തോടൊപ്പം ഒരു സൈഡ് ബിസിനസ് കൂടിയുണ്ട്. അതുവഴി വലിയ തുകയാണ് ഓരോ മാസവും അവൻ സമ്പാദിക്കുന്നത്. 3D പ്രിൻ്റിംഗ് ബിസിനസ്സാണ് അവൻ നടത്തുന്നത്. സ്കൂളിന് ശേഷമുള്ള സമയം അവൻ അതിനാണ് നീക്കിവച്ചിരിക്കുന്നത്. ഫോർത്ത് ഗ്രേഡിലാണ് ജേക്കബ് പഠിക്കുന്നത്.
CNBC മേക്ക് ഇറ്റിൽ അവൻ പറഞ്ഞത്, തന്റെ വെബ്സൈറ്റിലൂടെയും Etsy ഷോപ്പിലൂടെയും 3D പ്രിൻ്റഡ് കളിപ്പാട്ടങ്ങൾ താൻ വിൽക്കുന്നു എന്നാണ്. ഒപ്പം സഹപാഠികൾക്കും അവൻ കളിപ്പാട്ടങ്ങൾ വിൽക്കാറുണ്ട്. ഓരോന്നിനും $20-ൽ താഴെയാണ് വില. ഇന്ത്യൻ രൂപയിൽ ഇത് 1666 രൂപ വരും.
ദിവസവും മൂന്ന് മണിക്കൂറാണ് തന്റെ ബിസിനസിന് വേണ്ടി അവൻ ചെലവഴിക്കുന്നത്. ജനുവരി മുതലിങ്ങോട്ട് ഒന്നരലക്ഷത്തോളം രൂപ അവൻ തന്റെ ഈ സൈഡ് ബിസിനസിലൂടെ സമ്പാദിക്കുന്നുണ്ട്.
കഴിഞ്ഞ വർഷം ജൂലൈയിലാണ് പിറന്നാൾ സമ്മാനമായി ജേക്കബിന് മാതാപിതാക്കൾ ഒരു 3D പ്രിൻ്റർ സമ്മാനമായി നൽകിയത്. യൂട്യൂബിലൂടെയും മറ്റുമാണ് അവൻ അതേക്കുറിച്ചുള്ള പാഠങ്ങളെല്ലാം പഠിച്ചത്. എന്നാൽ, ഈ പ്രിന്ററിന് ഒരുനേരം ഒരു നിറം മാത്രമേ പ്രിന്റ് ചെയ്യാൻ സാധിക്കുമായിരുന്നുള്ളൂ. അങ്ങനെ അവൻ മാതാപിതാക്കളോട് $949 വിലയുള്ള ഒരു ബാംബു ലാബ് P1S മൾട്ടി-കളർ പ്രിൻ്റർ വേണമെന്ന് ആവശ്യപ്പെട്ടു.
അങ്ങനെ ഏപ്രിലിൽ, ഒരു റിട്ടയർമെൻ്റ് പാർട്ടിക്കായി ചിക്കാഗോ ചേസ് ടവറിൻ്റെ പന്ത്രണ്ട് 11 ഇഞ്ച് പകർപ്പുകൾ നിർമ്മിക്കാൻ ഒരു കുടുംബ സുഹൃത്ത് ജേക്കബിനോട് ആവശ്യപ്പെട്ടു. ഒരു പീസിന് $20 ഈടാക്കാനാണ് ആദ്യം ജേക്കബ് പദ്ധതിയിട്ടിരുന്നത്. എന്നാൽ, ഓരോ മോഡലും പ്രിൻ്റ് ചെയ്യാൻ ഒമ്പത് മണിക്കൂർ എടുത്തതിനാൽ, തൊഴിലാളികളുടെ ചെലവ് കൂടി കണക്കിലെടുത്ത് വില $45 ആയി ഉയർത്താൻ അവന്റെ അച്ഛൻ നിർദ്ദേശിച്ചു. $540 (45,009) അതിൽ നിന്നും കിട്ടി.
ഇപ്പോൾ അവൻ കൂടുതൽ സമ്പാദിക്കുന്നു. പുതിയൊരു പ്രിന്റർ വാങ്ങുക, കോളേജിൽ ചേരാനുള്ള പണം സമ്പാദിച്ച് വയ്ക്കുക എന്നിവയൊക്കെയാണ് അവന്റെ ലക്ഷ്യം.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം:
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം