കോമ്രേഡ്‌സ് ഇന്‍ അമേരിക്ക, മിനികൂപ്പര്‍ കമ്യൂണിസം, പെണ്‍പുലി ഇന്‍ ജയില്‍; പൊട്ടിത്തകര്‍ന്ന ചില കിനാക്കള്
മാസ് എന്‍ട്രി എന്നു വെച്ചാല്‍ ഇതാണ്, പൊലീസുകാര്‍ തടയുന്നു, പുലിയെപ്പോലെ ചീറിക്കൊണ്ട് വനിതാനേതാവ് പൊലീസുകാരെ രണ്ട് പൊട്ടിക്കുന്നു!
രാജ്യത്തുടനീളമുള്ള രാഷ്ട്രീയത്തിന്റെയും ബ്യൂറോക്രസിയുടെയും സ്പന്ദനങ്ങളിലേക്ക് ഏഷ്യാനെറ്റ് ന്യൂസ് നെറ്റ് വര്‍ക്ക് ഇറങ്ങിച്ചെല്ലുകയാണ്. രാജ്യമെങ്ങുമുള്ള ഏഷ്യാനെറ്റ് ന്യൂസ് നെറ്റ് വര്‍ക്ക് ലേഖകര്‍ പറയുന്ന, അധികാരത്തിന്റെ ഇടനാഴികളില്‍നിന്നുള്ള ചില കഥകളാണിത്. 'ഫ്രം ദി ഇന്ത്യാ ഗേറ്റി'ന്റെ പുതിയ എപ്പിസോഡ്.
ക്രോംമ്രേഡ്‌സ് ഇന്‍ അമേരിക്ക
അമേരിക്കന്‍ പരിപാടിയില്‍ മുഖ്യമന്ത്രിയുമായി വേദി പങ്കിടാന്‍ വേണ്ടത് ഒരു ലക്ഷം യു എസ് ഡോളര്‍ (ഏകദേശം 82 ലക്ഷം രൂപ). മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കുന്ന, ലോകകേരള സഭ മേഖലാ സമ്മേളന വേദിയിലെ ഇരിപ്പിടത്തിനുള്ള ഗോള്‍ഡ് പാസിനാണ് ഇത്രയും തുക. ഇതു നല്‍കാനില്ലാത്തവര്‍ വിഷമിക്കേണ്ട, 50,000 ഡോളറിന് (ഏകദേശം 41 ലക്ഷം രൂപ) സില്‍വര്‍ പാസും 25,000 ഡോളറിന് (ഏകദേശം 20.5 ലക്ഷം രൂപ) ബ്രോണ്‍സ് പാസും ലഭ്യമാണ്!
അമേരിക്കയില്‍ മുഖ്യമന്ത്രി പങ്കെടുക്കുന്ന പൊതുപരിപാടിയുടെ പേരിലുള്ള ഈ പണപ്പിരിവിനെ എങ്ങനെ ന്യായീകരിക്കുമെന്ന ബദ്ധപ്പാടിലാണ് നാട്ടിലെ സഖാക്കള്‍. അമേരിക്കയില്‍ ഇത്തരം പണപ്പിരിവുകള്‍ സാധാരണമാണെങ്കിലും, നാഴികയ്ക്ക് നാല്‍പ്പതു വട്ടം സോഷ്യലിസവും മാര്‍ക്‌സിസവും പറയുന്നൊരു കമ്യൂണിസ്റ്റ് നേതാവിന്റെ പരിപാടി ആയതിനാലാണ് ആളുകളെ ഇത് അമ്പരപ്പിക്കുന്നത്. മുഖ്യമന്ത്രി ഒറ്റയ്ക്കല്ല, കാബിനറ്റിലെ പ്രമുഖരും ചടങ്ങില്‍ ഒപ്പമുണ്ട്. ആരൊക്കെയാണ് സ്‌പോണ്‍ര്‍മാര്‍ എന്നേ ഇനി അറിയാനുള്ളൂ.
അമേരിക്ക മാത്രമല്ല, മുഖ്യമന്ത്രിയുടെ പര്യടന പരിപാടിയിലുള്ളത്. അദ്ദേഹം ക്യൂബയും സന്ദര്‍ശിക്കുന്നുണ്ട്. മറ്റ് കാര്യങ്ങള്‍ക്കൊപ്പം ക്യൂബയിലെ പൊതുജനാരോഗ്യ മേഖലയെക്കുറിച്ചു സംഘം പഠിക്കും.
സംഗതി എന്തായാലും, മുതലാളിത്തവും സോഷ്യലിസവും തമ്മിലുള്ള വൈരുദ്ധ്യാധിഷ്ഠിത ബന്ധം തന്നെയാണ് ഇപ്പോള്‍ നാടാകെ ചര്‍ച്ചാ വിഷയം.
മിനി കൂപ്പര്‍ കമ്യൂണിസം!
കൊച്ചിയിലെ ഒരു ഇടതുപക്ഷ തൊഴിലാളി യൂനിയന്‍ നേതാവ് ഈയടുത്ത ദിവസം ഒരു കാര്‍ ഏറ്റുവാങ്ങി. വെറും കാറല്ല, അരക്കോടിയുടെ മിനി കൂപ്പര്‍! തൊഴിലാളി നേതാവ് ആഡംബര കാര്‍ ഏറ്റുവാങ്ങുന്ന ചിത്രം വൈറലായതോടെ വെട്ടിലായത് സിപിഎമ്മും സിഐടിയുവുമാണ്.
ആഡംബര കാര്‍ തന്റെ ഭാര്യ ലോണിട്ട് വാങ്ങിയതാണ് എന്നാണ് നേതാവിന്റെ അവകാശവാദം. സഖാവിന്റെ ഭാര്യ ഇത്രയും വില കൂടിയ ആഡംബര കാര്‍ വാങ്ങിയതെന്തിന്, എങ്ങനെ എന്നൊക്കെയുള്ള വിമര്‍ശനങ്ങളാണ് ഉയരുന്നത്. രസകരമെന്നു പറയട്ടെ, ഈ കാര്‍ ചെല്ലുന്നത് മറ്റനേകം ആഡംബര കാറുകള്‍ നിറഞ്ഞ സഖാവിന്റെ ഗാരേജിലേക്കാണ്. ഗാരേജിന്റെ വലിപ്പം പോരെന്ന് പറഞ്ഞ്, ഈയിടെ നേതാവ് തൊട്ടടുത്ത സ്ഥലം കൂടി വിലകൊടുത്തു വാങ്ങിയെന്നാണ് പറച്ചില്‍!
പെണ്‍പുലിയുടെ മോഹങ്ങള്‍!
മാസ് എന്‍ട്രി എന്നു വെച്ചാല്‍ ഇതാണ്, പൊലീസുകാര്‍ തടയുന്നു, പുലിയെപ്പോലെ ചീറിക്കൊണ്ട് വനിതാനേതാവ് പൊലീസുകാരെ രണ്ട് പൊട്ടിക്കുന്നു! തെലങ്കാനയിലെ പുതിയ താരോദയം വൈ എസ് ശര്‍മിളയാണ് ഈ കഥയിലെ നായിക.
മുന്‍ ആന്ധ്രാ മുഖ്യമന്ത്രി വൈ എസ് രാജറെഡ്ഡിയുടെ മകള്‍, നിലവിലെ മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡിയുടെ സഹോദരി; ചില്ലറക്കാരിയല്ല ശര്‍മിള. വിവാദമായ പി എസ് സി ചോദ്യപ്പേപ്പര്‍ ചോര്‍ച്ച അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം ഓഫീസിലേക്ക് പോവുന്നതിനിടെ തടഞ്ഞപ്പോഴാണ് ശര്‍മിള പൊലീസുകാരെ കൈയേറ്റം ചെയ്തത്. തെലങ്കാന രാഷ്ട്രീയത്തില്‍ ആളാവാനുള്ള നമ്പര്‍ ആയിരുന്നെങ്കിലും ഈ മാസ് എന്‍ട്രിയുടെ പേരില്‍ ശര്‍മിള ജയിലില്‍ കിടന്നത് രണ്ടാഴ്ചയാണ്!
ഇക്കഴിഞ്ഞ ദിവസം കര്‍ണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറുമായി നടത്തിയ കൂടിക്കാഴ്ച ശര്‍മിളയുടെ വമ്പന്‍ രാഷ്ട്രീയ മോഹങ്ങളുടെ സൂചനയാണ്. തെലങ്കാന കോണ്‍ഗ്രസ് അധ്യക്ഷ പദവിയിലാണ് ശര്‍മിളയുടെ കണ്ണെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നത്.
തെലങ്കാനയില്‍ അവരെ പ്രതിഷ്ഠിക്കാന്‍ കോണ്‍ഗ്രസിന് താല്‍പ്പര്യമുണ്ട്, എന്നാല്‍, പാകമായിട്ടില്ല എന്നാണ് എ ഐ സി സിയുടെ മനസ്സിലിരിപ്പ്.
പൊട്ടിത്തകര്‍ന്ന കിനാക്കള്‍
ഒരു സിവില്‍ സര്‍വീസ് പ്രണയമാണ് രാജസ്ഥാനിലെ പുതിയ ചര്‍ച്ചാ വിഷയം. കഥാനായിക ഐ പി എസുകാരി, നായകന്‍ ഐ എഫ് എസ് ഉദ്യോഗസ്ഥന്‍. കൊടുമ്പിരിക്കൊണ്ട പ്രേമം, വിവാഹം, ഇപ്പോള്‍ ഡൈവോഴ്‌സ് -ഇങ്ങനെയാണ് കഥ മുന്നോട്ടുപോവുന്നത്.
മാതൃകാ ഉദ്യോഗസ്ഥാ ദമ്പതികളായാണ് സിവില്‍ സര്‍വീസ് ലോകം ഇവരെ കണ്ടിരുന്നത്. അതിനിടയിലാണ് പൊട്ടലും ചീറ്റലും. തൊട്ടുപിന്നാലെ, ഭര്‍ത്താവിന് ഐ പി എസുകാരിയുടെ വക ഡിവോഴ്‌സ് നോട്ടീസ്!
രണ്ട് ജില്ലകളിലാണ് ജോലി. എന്നിട്ടും ഒത്തുപോകാത്ത അവസ്ഥയിലാണ് ഇരുവരുമെന്നാണ് പറയുന്നത്. ആധിപത്യമനോഭാവക്കാരിയാണത്രെ ഐ പിസുകാരി. ഐ എഫ് എസുകാരനാവട്ടെ, പച്ചപ്പാവം. പിരിയാന്‍ പുള്ളിക്ക് താല്‍പ്പര്യമില്ലെങ്കിലും, ഇനി വേണ്ട ബന്ധം എന്ന നിലപാടാണ് ഐ പി എസുകാരിക്ക്.
പ്രണയകഥ അങ്ങാടിപ്പാട്ടായെങ്കിലും എന്താണ് ഇതിന്റെ ഹേതു എന്ന കാര്യം മാത്രം പുറത്തുവന്നിട്ടില്ല.