Asianet News MalayalamAsianet News Malayalam

ഇംഗ്ലണ്ട്; 14 വര്‍ഷം നീണ്ട കൺസർവേറ്റീവ് ഭരണത്തിന് അവസാനത്തെ ആണിയോ ഋഷി സുനക് ?

സുനകിന്‍റെ സമ്പത്തും വ്യവസായ പശ്ചാത്തലവും ഭാര്യ അക്ഷതാ മൂർത്തിയുടെ നികുതി കുറക്കാന്‍ നടത്തിയ ശ്രമവും ഒക്കെ ഇതിന്‍റെ കൂടെ ചേർത്തു പിടിച്ചു ജനം. 

End of 14 years of Conservative rule in England
Author
First Published Jul 8, 2024, 2:33 PM IST | Last Updated Jul 8, 2024, 2:43 PM IST

'ഇലക്ട്രറൽ ആർമഗെഡണ്‍' (Electoral Armageddon) കൺസർവേറ്റീവ് പക്ഷത്ത് നിന്ന് ആദ്യം തോല്‍വി സമ്മതിച്ച ക്യാബിനറ്റ് മന്ത്രി സര്‍ റോബർട്ട് ബുക്‍ലാന്‍റിന്‍റെ ആദ്യ പ്രതികരണം ഇങ്ങനെയായിരുന്നു. ബ്രിട്ടനിലെ തെരഞ്ഞെടുപ്പ് ഫലം പ്രവചനങ്ങൾ തെറ്റിച്ചില്ല. 14 വർഷത്തെ കൺസർവേറ്റിവ് തുടർഭരണം അവസാനിപ്പിച്ച് കൊണ്ട് റോബർട്ട് ബുക്‍ലാന്‍റ് പറഞ്ഞപോലെ 'നന്മതിന്മകളുടെ ആ തെരഞ്ഞെടുപ്പ് യുദ്ധത്തില്‍' ലേബർ പാർട്ടിക്ക് വൻ ഭൂരിപക്ഷം.

പ്രവചനങ്ങൾ

650 സീറ്റുള്ള ഹൗസ് ഓഫ് കോമൺസിലേക്കുള്ള ആദ്യത്തെ എക്സിറ്റ് പോള്‍ പുറത്ത് വരുമ്പോള്‍ ലേബർ പാർട്ടി 410 ലേറെ സീറ്റ് നേടുമെന്നായിരുന്നു പ്രവചനം. കൺസർവേറ്റിവ് പാർട്ടിക്ക് 131 ഉം. പിന്നെയത് ഒന്നു മാറി,  405 ആയി. അപ്പോഴും 160 സീറ്റിന്‍റെ ഭൂരിപക്ഷം ഉറപ്പായിരുന്നു. ഫലം വന്നപ്പോള്‍ കൺസർവേറ്റീവ് പാർട്ടിയിലെ പല പ്രമുഖരും വീണു. വെറും 630 വേട്ടിന് മുന്‍ പ്രധാനമന്ത്രി ലിസ്ട്രസ് അടക്കം തോറ്റു. നിജിൽ ഫേറാഷിന്‍റെ റിഫോം (Reform) പാർട്ടിക്ക് ആദ്യമായി നാല് സീറ്റ് ലഭിച്ചു. വോട്ട് ഷെയറും പൊതുവേ ശക്തമാണ്. തെരഞ്ഞെടുപ്പിനിടെ ഇന്ത്യൻ വംശജനായ റിഷി സുനകിനെ വംശീയമായി അധിക്ഷേപിച്ചത് റിഫോം പാർട്ടി അംഗമാണ്.

കെയ്ർ സ്റ്റാർമർ രാഷ്ട്രീയത്തിൽ പുതുമുഖമാണ്, 2015 -ലാണ് അദ്ദേഹം ആദ്യമായി ജനപ്രതിനിധിയായത്. 2019 -ലാണ് പാർട്ടി നേതാവാകുന്നത്. ഇനി, ബ്രിട്ടിഷ് പ്രധാനമന്ത്രി. ജനങ്ങള്‍ക്ക് കൊടുത്ത വാക്ക് പാലിക്കാന്‍ നിയുക്ത ലേബര്‍പാർട്ടി പ്രധാനമന്ത്രി കെയ്ർ സ്റ്റാർമർ ഇനി തയ്യാറാകണം.

End of 14 years of Conservative rule in England

(കെയ്ർ സ്റ്റാർമർ )

തുടക്കം തന്നെ പാളി

2025 വരെ കാലാവധി ഉണ്ടായിരുന്നിട്ടും സുനക് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് പെട്ടെന്നാണ്. അന്ന് എല്ലാവർക്കും അമ്പരന്നു . തോൽക്കുമെന്നും പെട്ടെന്ന് തന്നെ ഉറപ്പായി. ആദ്യത്തെ ബ്രിട്ടിഷ് - ഇന്ത്യൻ പ്രധാനമന്ത്രി, ആദ്യത്തെ ഹിന്ദു നേതാവ് 200 വർഷത്തിന് ശേഷം ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രി. പക്ഷേ, ആ ഭരണം നീണ്ടു നിന്നത് വെറും രണ്ട് വർഷം മാത്രം.

സാമ്പത്തിക പ്രതിസന്ധി, ആരോഗ്യമേഖലയുടെ തകർച്ച, കുടിയേറ്റത്തിലെ നിലപാടുകൾ, കൺസർവേറ്റിവ് തോൽവിയുടെ പ്രധാന കാരണങ്ങൾ ഇവയാണ്. വേറെയും പലതുണ്ട് കാരണങ്ങള്‍. തുടക്കം പക്ഷേ, സുനകിലല്ല താനും. വിവാദങ്ങളിൽ മുങ്ങിപ്പൊങ്ങിയാണ് കൺസർവേറ്റിവ് പാർട്ടി കുറേക്കാലമായി മുന്നോട്ടുപോയിരുന്നത്. അതിന്‍റെയെല്ലാം പഴി പക്ഷേ, ഏറ്റെടുക്കേണ്ടിവന്നത് സുനക് ആണെന്ന് മാത്രം. ബോറിസ് ജോൺസണും ലിസ്ട്രസും വീണിടത്താണ് സുനകിന്‍റെ തുടക്കം.

അടിമുടി കുഴപ്പം

ലിസ്ട്രസിന്‍റെ  സാമ്പത്തിക പരിഷ്കരണങ്ങൾ വഷളാക്കിയ കാര്യങ്ങൾ നേരെയാക്കാനാണ് സുനകിനെ ഭരണം ഏൽപ്പിച്ചത്. പക്ഷേ, ഉൾപ്പാർട്ടി പ്രശ്നങ്ങൾ പോലും പരിഹരിക്കാൻ സുനകിനായില്ല. സാമ്പത്തിക പ്രതിസന്ധിയാണ് മറ്റൊരു കാരണം. 2024 ആയിട്ടും കൊവിഡിൽ നിന്നും ബ്രിട്ടന്‍ പൂർണമായും കരകയറിയിട്ടില്ല. യുക്രൈൻ യുദ്ധം വരുത്തിവച്ച വിപണി പ്രശ്നങ്ങളും ഊ‍ർജ്ജപ്രതിസന്ധിയും ഒരുവഴിക്ക്. ജനങ്ങളുടെ ജീവിതനിലവാരം നാൾക്കുനാള്‍ താഴേയ്ക്ക് പോയി.

36 ലക്ഷം കുട്ടികളുൾപ്പടെ ജനസംഖ്യയുടെ അഞ്ചിലൊന്ന് ഇന്ന് ദാരിദ്ര്യത്തിലാണെന്ന് കണക്കുകള്‍ പറയുന്നു. വേതന വർദ്ധനവ് നിലച്ചിട്ട് വർഷങ്ങളായി. ഒപ്പം സാമ്പത്തിക സഹായം വെട്ടിയതോടെ ആരോഗ്യമേഖലയുടെ വീഴ്ച സാധാരണക്കാരെ വലച്ചു. ചികിത്സ കിട്ടാൻ മാസങ്ങളുടെ കാത്തിരിപ്പ് എന്നതായി രീതി. അത് കൊവിഡിനും മുമ്പേ തുടങ്ങിയിരുന്നു. രോഗികളുടെ അനുപാതത്തിന് അനുസരിച്ച് രാജ്യത്ത് ഡോക്ടർമാരുടെ എണ്ണം കുറഞ്ഞത് പ്രശ്നം കൂടുതൽ വഷളാക്കി. തൊഴിൽ പരിചയമുള്ളവർ വിദേശ രാജ്യങ്ങളിലേക്ക് കുടിയേറി. പ്രായപൂർത്തിയായവർക്കുള്ള സാമൂഹ്യ സുരക്ഷാ പദ്ധതി തകർന്നുവെന്നാണ് എംപിമാരുടെ റിപ്പോർട്ടിലെ കണ്ടെത്തലായി പുറത്തുവന്നത്.

ജൂലിയന്‍ അസാഞ്ച്; യുഎസിന് 'മോസ്റ്റ് വാണ്ടഡ്' ക്രിമിനലായതെങ്ങനെ ?

പാരാജയത്തിന്‍റെ തുടക്കം 2010 ല്‍

പ്രശ്നം 2010 -ലെ ചെലവുചുരുക്കലിൽ തുടങ്ങി എന്നാണ് വിദഗ്ധപക്ഷം. ചൈൽഡ് കെയർ, നിയമസഹായം അടക്കമുള്ള ജനകീയ സംവിധാനങ്ങൾക്കുള്ള ബജറ്റ് വെട്ടിക്കുറച്ചു. സാധാരണക്കാർക്ക് നീതി കിട്ടുമെന്ന പ്രതീക്ഷയില്ലാതായി. പ്രാദേശിക സർക്കാരുകളുടെ ബജറ്റ് വെട്ടിയതോടെ തെരുവുവിളക്കുകൾ പോലും കണ്ണടച്ചു. ആനുകൂല്യങ്ങൾ രണ്ട് കുട്ടികൾക്ക് മാത്രമായി ചുരുക്കി. വിദ്യാഭ്യാസ ആനുകൂല്യം പാടെ നിർത്തി. യൂണിവേഴ്സിറ്റി ഫീസ് മൂന്നിരട്ടിയായി ഉയർന്നു.

ഡേവിഡ് കാമറോൺ ഭരണത്തിലെത്തിയപ്പോൾ (2010 - 2016) ഹരിതനയം അവസാനിപ്പിച്ചു. സബ്സിഡികൾ നിർത്തി.  കാർഷിക മേഖല തകര്‍ച്ച നേരിട്ടു.  പിന്നെ ബ്രെക്സിറ്റ്. അതിനെച്ചൊല്ലിയുള്ള പ്രശ്നങ്ങൾ വേറെ. യാത്രാ ചെലവുകളും ജോലിയില്‍ നിന്നുള്ള വരുമാനവും ഒന്നിച്ച് കൊണ്ട് പോകാന്‍ ജനം കഷ്ടപ്പെട്ടു. തെരേസ മേയുടെ കാലത്ത് (2016 -2019) യൂറോപ്യന്‍ യൂണിയന്‍ പൗരൻമാരെ പുറത്താക്കിയത്...  ഓരോ കാലത്തെ കൺസർവേറ്റീവ് ഭരണവും ജനങ്ങളെ ഓരോ തരത്തിൽ പ്രശ്നത്തിലാക്കിക്കൊണ്ടേയിരുന്നു.

ജൂലിയന്‍ അസാഞ്ച്; പതിന്നാല് വര്‍ഷം നീണ്ട യുഎസ് വേട്ടയാടലിൽ നിന്ന് സ്വാതന്ത്ര്യത്തിലേക്ക്

രേഖകളില്ലാത്ത കുടിയേറ്റക്കാരെ പുറത്താക്കി. വിന്‍ഡ്രഷ് തലമുറയിൽ (Windrush generation) പെട്ടവര്‍ പോലും തടവറയിലേക്ക് മാറ്റപ്പെട്ടു. അത് വലിയ വിവാദമായി. രണ്ടാം ലോക മഹായുദ്ധ ശേഷം ബ്രിട്ടന്‍റെ പുനർനിർമ്മാണത്തിനായി കരീബിയൻ രാജ്യങ്ങളിൽ നിന്നും  ക്ഷണിച്ച് വരുത്തിയവരാണ് 'വിന്‍ഡ്രഷ് തലമുറ' എന്ന് അറിയപ്പെട്ടത്. ജന്മദേശം പോലും ഉപേക്ഷിച്ച് ബ്രിട്ടന്‍റെ പുനർനിര്‍മ്മാണത്തിനായി എത്തി പതിറ്റാണ്ടുകളോളമായി അവിടെ ജീവിക്കുന്ന തലമുറ.  പക്ഷേ, ആവശ്യം കഴിഞ്ഞപ്പോള്‍ കറിവേപ്പിലയുടെ സ്ഥാനം മാത്രം. വിന്‍ഡ്രഷ് തലമുറയിലെ പിന്മുറക്കാരില്‍ പലരെയും കുടിയേറ്റക്കാരെന്ന് ആരോപിച്ച് തടവിലിട്ടു.

ബോറിസ് ജോൺസന്‍റെ കാലത്ത് (2019 -2022) നടന്ന കൊവിഡ് വിരുന്നുകൾ അടക്കം ജനത്തെ അകറ്റി. ലിസ്ട്രസ് തന്‍റെ 44 ദിവസം നീണ്ട ഭരണകാലത്ത് (2022 സെപ്തംബർ 6 - 2022 ഒക്ടോബർ 25) നടപ്പാക്കിയ സാമ്പത്തിക പരിഷ്കരണം വിപണിയെ തകർത്തു. ബില്ലുകൾ കണ്ട് ജനം അമ്പരന്നു. ജോൺസന്‍റെയും ലിസ്ട്രന്‍റെയും നിഴൽ സുനകിനെ വിട്ടുപോയില്ല.

End of 14 years of Conservative rule in England

(ഋഷി സുനക്)

ആവസാനത്തെ ആണി

സുനകിന്‍റെ റുവാണ്ട പുനരധിവാസം അതിന്‍റെ അവസാനഘട്ടമായിരുന്നു. സുനകിന്‍റെ സമ്പത്തും വ്യവസായ പശ്ചാത്തലവും ഭാര്യ അക്ഷതാ മൂർത്തിയുടെ നികുതി കുറക്കാന്‍ നടത്തിയ ശ്രമവും ഒക്കെ ഇതിന്‍റെ കൂടെ ചേർത്തു പിടിച്ചു ജനം. ചാൾസ് രാജാവിനേക്കാൾ സമ്പന്നനായ പ്രധാനമന്ത്രി, ദരിദ്രനാരായണൻമാർ കൂടിവരുന്ന രാജ്യം. നിരീക്ഷകർ ഇതും ഒരു പാരാജയ കാരണമായി പറയുന്നുണ്ട്. ലോകമഹായുദ്ധത്തിന്‍റെ 'ഡി ഡേ'(D DAY) വാർഷികത്തിലെ ഗ്രൂപ്പ് ഫോട്ടോയിൽ മറ്റ് രാഷ്ട്രതലവന്മാര്‍ക്കിടയില്‍ സ്വന്തം പ്രധാനമന്ത്രിയെ അന്വേഷിച്ച ജനം നിരാശരായതും ഇരട്ട പ്രഹരമായി.

യൂറോപ്പിലെമ്പാടും ദൃശ്യമാകുന്ന വലതു തരംഗത്തിന്‍റെ ഇടയിൽ ബ്രിട്ടനിൽ മധ്യ - ഇടത് പക്ഷം ജയിച്ചതിൽ മാത്രമാണ് അത്ഭുതം. പക്ഷേ, അത്രക്ക് അത്ഭുതം വേണ്ടെന്നും വലതിന്‍റെ സാന്നിധ്യമുള്ള പാർലമെന്‍റിൽ ഇനി, അവരുടെ ശബ്ദവും തളളിക്കളയാൻ പറ്റില്ലെന്നാണ് മറുപടി. നിജിൽ ഫേറാഷിന്‍റെ റിഫോം പാർട്ടി ജൂണിലാണ് മത്സരത്തിൽ പങ്കാളിയായത്. വലതുചായ്‍വുള്ളവർ ഒറ്റയടിക്ക് ആകർഷിക്കപ്പെട്ടു.

എന്തായാലും സുനകിന്‍റെ വീഴ്ച ഏതാണ്ട് പൂർണമാണെന്ന് നിരീക്ഷകർ പറയുന്നു. പക്ഷേ, രാഷ്ട്രീയമാണ്, പ്രവചനങ്ങൾ അസാധ്യം. ഋഷി സുനക് ശരിയായ രാഷ്ട്രീയക്കാരനല്ലെന്ന വിലയിരുത്തലുണ്ട് ഒരു വശത്ത്. മറുവശത്ത്, ലിബറൽ ഡെമോക്രാറ്റുകളുടെ എണ്ണം കൂടി ഫറാജിന് അടക്കം ഹൌസ് ഓഫ് കോമണ്‍സില്‍ പ്രവേശനം കിട്ടി എന്ന യാഥാർത്ഥ്യവും. പക്ഷേ, കൺസർവേറ്റിവ് എണ്ണം അത്രയും കുറഞ്ഞു. ബ്രിട്ടീഷ് വോട്ടർമാരുടെ 14 വർഷങ്ങള്‍ക്ക് ശേഷമുള്ള ഈ പരീക്ഷണത്തിന്‍റെ ജയപരാജയങ്ങള്‍, പക്ഷേ കാത്തിരുന്ന് അറിയണം.

Latest Videos
Follow Us:
Download App:
  • android
  • ios