ഓഫീസിലിരുന്ന് ചുംബിച്ചു, ജീവനക്കാരെ പിരിച്ചുവിട്ട് കമ്പനി, കേസ്
അതിനിടയിൽ, ഒരു സഹപ്രവർത്തക ജീവനക്കാരിയോട് ഇനി ഇങ്ങനെ ഓഫീസിൽ വച്ച് പെരുമാറരുത് എന്ന് പറഞ്ഞിരുന്നു. എന്നാൽ, അത് അവരുമായി ജീവനക്കാരി വഴക്ക് കൂടാനുള്ള കാരണമായിത്തീരുകയാണുണ്ടായത്.
ഓഫീസിലിരുന്ന് പരസ്പരം ചുംബിച്ച ജീവനക്കാരെ പിരിച്ചുവിട്ട് കമ്പനി. ചൈനയിലെ സിചുവാന്‍ പ്രവിശ്യയിലെ ഒരു ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയിലെ ജീവനക്കാരെയാണ് പിരിച്ചുവിട്ടത്. ഇരുവരും വിവാഹിതരാണ്. എങ്കിലും രണ്ടുപേരും തമ്മിൽ ബന്ധം തുടരുകയായിരുന്നു. ഇതോടെ, ജീവനക്കാരന്റെ ഭാര്യ തന്റെ ഭർത്താവും സഹപ്രവർത്തകയും തമ്മിലുള്ള ചാറ്റിന്റെ സ്ക്രീൻഷോട്ട് അടക്കം കമ്പനിയിലെത്തുകയായിരുന്നു.
ഇതേ തുടർന്ന് തനിക്ക് കുടുംബപ്രശ്നം പരിഹരിക്കാൻ അവധി തരണമെന്ന് ജീവനക്കാരൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഇരുവരും ബന്ധം തുടർന്നു. ജീവനക്കാരിയുടെ ഭർത്താവും ഈ വിവരങ്ങൾ അറിയുകയും മറ്റ് ജീവനക്കാരുടെ മുന്നിൽ നിന്നും ഓഫീസിൽ വച്ച് ഇരുവരേയും ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. എന്നാൽ, ഇത്രയൊക്കെ സംഭവിച്ചെങ്കിലും ബന്ധം അവസാനിപ്പിക്കാൻ ഈ ഇരു ജീവനക്കാരും തയ്യാറായില്ലത്രെ. മാത്രമല്ല, ഓഫീസിൽ നിന്നും മിക്കവാറും ഇരുവരും തമ്മിൽ ഉമ്മ വയ്ക്കാറുണ്ടായിരുന്നു എന്നും പറയുന്നു.
അതിനിടയിൽ, ഒരു സഹപ്രവർത്തക ജീവനക്കാരിയോട് ഇനി ഇങ്ങനെ ഓഫീസിൽ വച്ച് പെരുമാറരുത് എന്ന് പറഞ്ഞിരുന്നു. എന്നാൽ, അത് അവരുമായി ജീവനക്കാരി വഴക്ക് കൂടാനുള്ള കാരണമായിത്തീരുകയാണുണ്ടായത്. ഇതിന്റെ പേരിൽ വലിയ വാക്കുതർക്കം തന്നെ ഉണ്ടായി. അതോടെ കമ്പനിയിലെ ഏഴോളം പേർ ചേർന്ന് ജീവനക്കാരനും ജീവനക്കാരിക്കുമെതിരെ ജനറൽ മാനേജർക്ക് പരാതി നൽകി. എന്തായാലും, പിന്നീട് കമ്പനി ഇരു ജീവനക്കാരെയും പിരിച്ചുവിട്ടു.
പക്ഷേ, തങ്ങളെ പിരിച്ചുവിട്ട നടപടി ചോദ്യം ചെയ്തുകൊണ്ട് ഇരുവരും കോടതിയെ സമീപിച്ചു. ജീവനക്കാരി 2.77 കോടിയാണ് നഷ്ടപരിഹാരമായി ആവശ്യപ്പെട്ടത്. ജീവനക്കാരൻ 23.95 കോടിയും. പക്ഷേ, കോടതിവിധി അകമ്പനിക്ക് അനുകൂലമായിരുന്നു. ജീവനക്കാരുടെ പരാതി തള്ളി.