ഉക്രെയ്നിലെ യുദ്ധം കഴുകന്മാരുടെ സഞ്ചാരപാത വരെ മാറ്റി, പുതിയ കണ്ടെത്തലുമായി ശാസ്ത്രജ്ഞർ
ഉക്രെയ്നിലെ യുദ്ധം ആളുകൾക്കും പരിസ്ഥിതിക്കും വിനാശകരമായ ആഘാതം സൃഷ്ടിച്ചിട്ടുണ്ട്. പക്ഷിമൃഗാദികളെയും ഇത് ദോഷകരമായി ബാധിക്കുന്നുണ്ട് എന്നതിന് തെളിവാണ് ഈ കണ്ടെത്തൽ എന്ന് പ്രശസ്ത എഴുത്തുകാരൻ ചാർലി റസ്സൽ അഭിപ്രായപ്പെട്ടു.
ഉക്രെയ്നിലെ യുദ്ധം ദേശാടന പക്ഷികളുടെ സഞ്ചാരപാത മാറ്റിയെന്ന് പഠന റിപ്പോർട്ട്. കറൻ്റ് ബയോളജി ജേണലിൽ അടുത്തിടെ പ്രസിദ്ധീകരിച്ച ഒരു പഠന റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്. ഉക്രെയ്‌നിലൂടെ ദേശാടന വഴികളുള്ള വലിയ പുള്ളി കഴുകന്മാർ, യുദ്ധാന്തരീക്ഷം ഉള്ളതിനാൽ തങ്ങളുടെ പറക്കൽപാതകൾ മാറ്റിയെന്നാണ് ഗവേഷകർ പറയുന്നത്.
യൂണിവേഴ്‌സിറ്റി ഓഫ് ഈസ്റ്റ് ആംഗ്ലിയ (യുഇഎ), ബ്രിട്ടീഷ് ട്രസ്റ്റ് ഫോർ ഓർണിത്തോളജി (ബിടിഒ), എസ്റ്റോണിയൻ യൂണിവേഴ്‌സിറ്റി ഓഫ് ലൈഫ് സയൻസസ് എന്നിവിടങ്ങളിൽ നിന്നുള്ള ഗവേഷകരാണ് പഠനത്തിന് നേതൃത്വം നൽകിയത്.
യുദ്ധത്തിനിടയിൽ കഴുകന്മാർ പീരങ്കികൾ, ജെറ്റുകൾ, ടാങ്കുകൾ എന്നിവയ്‌ക്ക് ചുറ്റും പാഞ്ഞടുക്കുന്നതായി കണ്ടെത്തിയതായാണ് ഗവേഷകർ പറയുന്നത്. സഞ്ചാരപാത മാറ്റിയതിനു പുറമേ പുള്ളി കഴുകൻമാർ യാത്രയ്ക്കിടെ എടുത്തിരുന്ന ഇടവേളകളുടെ എണ്ണം പരമാവധി കുറയ്ക്കുകയും വിശ്രമസമയം പൂർണ്ണമായും ഒഴിവാക്കുകയോ ചെയ്തതായും പഠനം സൂചിപ്പിക്കുന്നു.
എല്ലാ വർഷവും വസന്തകാലത്ത്, വലിയ പുള്ളിയുള്ള കഴുകന്മാർ ഗ്രീസിൽ നിന്നും ദക്ഷിണ സുഡാനിലെ സുഡിൽ നിന്നും ബെലാറസിലെ അവയുടെ പ്രജനന കേന്ദ്രങ്ങളിലേക്ക് യാത്ര ചെയ്യുന്നത് പതിവാണ്. പെൺപക്ഷികൾ ഗ്രീസിൽ നിന്നും ആണുങ്ങൾ കിഴക്കൻ ആഫ്രിക്കയിലെ സൈറ്റുകളിൽ നിന്നും ആണ് വരുന്നത്.
ഉക്രെയ്നിലെ റഷ്യൻ അധിനിവേശം ആരംഭിച്ച് ആഴ്ചകൾക്ക് ശേഷം, 2022 മാർച്ച്, ഏപ്രിൽ മാസങ്ങളിൽ ഉക്രെയ്നിലൂടെ തെക്കൻ ബെലാറസിലെ പ്രജനന കേന്ദ്രങ്ങളിലേക്ക് പറന്നപ്പോൾ ടാഗ് ചെയ്ത 19 പക്ഷികളിൽ നിന്ന് ശേഖരിച്ചതും വിശകലനം ചെയ്തതുമായ വിവരങ്ങളെ അടിസ്ഥാനമാക്കിയാണ് ഈ പഠന റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്.
ഉക്രെയ്നിലെ യുദ്ധം ആളുകൾക്കും പരിസ്ഥിതിക്കും വിനാശകരമായ ആഘാതം സൃഷ്ടിച്ചിട്ടുണ്ട്. പക്ഷിമൃഗാദികളെയും ഇത് ദോഷകരമായി ബാധിക്കുന്നുണ്ട് എന്നതിന് തെളിവാണ് ഈ കണ്ടെത്തൽ എന്ന് പ്രശസ്ത എഴുത്തുകാരൻ ചാർലി റസ്സൽ അഭിപ്രായപ്പെട്ടു.
യുദ്ധസമയത്ത് ശേഖരിച്ച ഡാറ്റ 2018 നും 2021 നും ഇടയിൽ 20 പക്ഷികളിൽ നിന്ന് ശേഖരിച്ച വിവരങ്ങളുമായി താരതമ്യപ്പെടുത്തിയപ്പോഴാണ് പക്ഷികളുടെ സഞ്ചാരപാതയിൽ ഉണ്ടായ മാറ്റത്തെ കുറിച്ച് കണ്ടെത്തിയത്. സഞ്ചാരപാതയിൽ ഉണ്ടായ ഈ മാറ്റം പക്ഷികൾ 55 മണിക്കൂറോളം അധികം പറക്കുന്നതിന് ഇടയാക്കിയതായും ഗവേഷകർ പറഞ്ഞു.