രാത്രിയിൽ ശുചിമുറി ഉപയോഗിക്കരുത്, പല്ലുതേക്കരുത് എന്ന് അയൽക്കാരി, പരാതിയുമായി യുവാവ്
പല്ലു തേക്കുക, കുളിക്കുക അബദ്ധത്തിൽ പാത്രങ്ങൾ താഴെ വീഴുക തുടങ്ങിയ കാര്യങ്ങൾക്കെല്ലാം തന്റെ അയൽക്കാരി ഇപ്പോൾ പരാതി പറയുകയാണെന്നാണ് ഇദ്ദേഹം പറയുന്നത്. കൂടാതെ, രാത്രി 10 മണിക്ക് ശേഷം ടോയ്‌ലറ്റ് ഉപയോഗിക്കാൻ പാടില്ലെന്ന് അവർ ആവശ്യപ്പെട്ടതായും ഷാങ്ങ് പറഞ്ഞു.
രാത്രിയിൽ ശുചിമുറി ഉപയോഗിക്കുക, പല്ലുതേക്കുക തുടങ്ങിയ കാര്യങ്ങളൊന്നും ചെയ്യാൻ പാടില്ല എന്ന് ആവശ്യപ്പെട്ട യുവതിക്കെതിരെ പരാതിയുമായി അയൽക്കാരൻ. യുവതിക്ക് ചെറിയ ശബ്ദം പോലും പ്രശ്നമുണ്ടാക്കും. അത് കാരണം തനിക്ക് തന്റെ വീട്ടിൽ ഒരു കാര്യവും ചെയ്യാനാവുന്നില്ല എന്നാണ് യുവാവ് പറയുന്നത്.
ഷെജിയാങ് പ്രവിശ്യയിലെ ഒരു റെസിഡൻഷ്യൽ ബ്ലോക്കിൻ്റെ ഒന്നാം നിലയിൽ താമസിക്കുന്ന വാങ്ങ് എന്ന യുവതിക്കെതിരെയാണ് അതേ കെട്ടിടത്തിൽ രണ്ടാം നിലയിൽ താമസിക്കുന്ന ഷാങ് പരാതി നൽകിയത്. മുകളിലത്തെ നിലയിൽ നിന്നുമുള്ള ശബ്ദങ്ങൾ പ്രത്യേകിച്ച് രാത്രി സമയങ്ങളിൽ തന്നെ വളരെയധികം അലോസരപ്പെടുത്തുന്നുണ്ടെന്നും അതിനാൽ അത്തരത്തിലുള്ള ഒരു ശബ്ദവും മുകളിലത്തെ നിലയിൽ നിന്നും ഉണ്ടാക്കാൻ പാടില്ല എന്നുമാണ് വാങ് തൻറെ അയൽവാസിയായ ഷാങ്ങിനോട് ആവശ്യപ്പെട്ടത്. ഇതിൻറെ പേരിൽ യുവതി തന്നെ ശാസിച്ചു എന്നും ഷാങ്ങ് പരാതിയിൽ പറയുന്നു.
സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച് 2022 ജനുവരി മുതലാണ് ഇരുവരും തമ്മിൽ ശബ്ദവുമായി ബന്ധപ്പെട്ട തർക്കങ്ങൾ ആരംഭിച്ചത്. അയൽക്കാരി തന്നോട് ആവശ്യപ്പെട്ടതനുസരിച്ച് തൻറെ ഫ്ലാറ്റിൽ നിന്നും പുറത്തുവരുന്ന ശബ്ദം പരമാവധി കുറയ്ക്കാൻ താൻ ശ്രമിച്ചു എന്നാണ് ഷാങ്ങ് പറയുന്നത്. ഇതിനായി പുറത്തേക്ക് ഒട്ടും ശബ്ദം വരാതിരിക്കാൻ വീട് മുഴുവൻ പരവതാനി വിരിച്ചുവെന്നും ഷാങ് കൂട്ടിച്ചേർത്തു. എന്നാൽ പല്ലു തേക്കുക, കുളിക്കുക അബദ്ധത്തിൽ പാത്രങ്ങൾ താഴെ വീഴുക തുടങ്ങിയ കാര്യങ്ങൾക്കെല്ലാം തന്റെ അയൽക്കാരി ഇപ്പോൾ പരാതി പറയുകയാണെന്നാണ് ഇദ്ദേഹം പറയുന്നത്. കൂടാതെ, രാത്രി 10 മണിക്ക് ശേഷം ടോയ്‌ലറ്റ് ഉപയോഗിക്കാൻ പാടില്ലെന്ന് അവർ ആവശ്യപ്പെട്ടതായും ഷാങ്ങ് പറഞ്ഞു.
വാങ്ങിനെതിരെ നിരവധി തവണ ഷാങ് പരാതി നൽകുകയും പൊലീസ് ഉദ്യോഗസ്ഥരുടെ മധ്യസ്ഥതയിൽ ചർച്ച നടത്തുകയും ചെയ്തെങ്കിലും യാതൊരു ഫലവും ഉണ്ടായില്ല. ഒടുവിൽ അദ്ദേഹം തൻറെ ഫ്ലാറ്റ് മാറി മറ്റൊരു ഫ്ലാറ്റിലേക്ക് താമസമായി. പക്ഷേ പ്രശ്നങ്ങൾ അവിടെയും തീർന്നില്ല. ഷാങ് തന്റെ ഫ്ലാറ്റ് വാടകയ്ക്ക് നൽകിയിട്ടായിരുന്നു മറ്റൊരു ഫ്ലാറ്റിലേക്ക് മാറി താമസിച്ചത്. പുതിയതായി താമസിക്കാൻ എത്തിയവർക്കും വാങിൻ്റെ നിർദ്ദേശങ്ങൾ സഹിക്കാതെ ആയതോടെയാണ് പരാതിയുമായി ഇദ്ദേഹം കോടതിയെ സമീപിച്ചത്. കോടതി ഷാങിന് അനുകൂലമായി വിധി പുറപ്പെടുവിക്കുകയും അയാൾക്ക് നഷ്ടപരിഹാരമായി 2750 ഡോളർ നൽകാൻ യുവതിയോട് ഉത്തരവിടുകയും ചെയ്തു.