മൂന്ന് കാലുള്ള കോഴി, കടയിലെത്തുന്നവർ മടങ്ങുന്നത് സെൽഫിയുമായി
മൊത്തവ്യാപാരികളിൽ സാധാരണയായി കോഴികളെ വാങ്ങുന്നതെന്നും ഏറ്റവും അവസാനമായി വാങ്ങിയപ്പോഴാണ് ഇത്തരത്തിൽ ഒരു അപൂർവമായ കോഴിയെ കണ്ടെത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.
സോഷ്യൽ മീഡിയയിൽ വൈറലാകുന്ന പല വീഡിയോകളും ചിത്രങ്ങളും ഏറെ കൗതുകകരവും വിചിത്രവുമായി പലപ്പോഴും തോന്നാറില്ലേ? ഒരു ചിത്രം ഏതാനും ദിവസങ്ങൾ മുൻപ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. സംഗതി വേറൊന്നുമല്ല മൂന്നു കാലുകൾ ഉള്ള ഒരു കോഴിയായിരുന്നു ആ സോഷ്യൽ മീഡിയ പോസ്റ്റിലെ താരം. കോഴിക്ക് എങ്ങനെ മൂന്നു കാലുകൾ എന്നല്ലേ സംശയം? വൈറലായ സോഷ്യൽ മീഡിയ പോസ്റ്റ് പ്രകാരം ഉത്തർപ്രദേശിലെ ബഹ്‌റൈച്ചിൽ ആണ് ഇത്തരത്തിൽ ഒരു അപൂർവ്വ സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ടത്.
പത്ത് വർഷമായി ബഹ്‌റൈച്ച് നഗരത്തിൽ കോഴിക്കട നടത്തുന്ന അഫ്താബ് ആലം എന്നയാളുടെ കടയിലാണ് മൂന്നുകാലുകൾ ഉള്ള ബ്രോയിലർ കോഴിയെ കണ്ടെത്തിയത്. ഇത്രയും നാളും കച്ചവടം നടത്തിയിട്ടും ഇതാദ്യമായാണ് തനിക്ക് ഇത്തരത്തിൽ ഒരു അനുഭവം ഉണ്ടാകുന്നത് എന്നാണ് ആലം പറയുന്നത്. സംഗതി നാടുമുഴുവൻ അറിഞ്ഞതോടെ ഓരോ ദിവസവും നിരവധി ആളുകളാണ് ആലത്തിൻ്റെ കടയിൽ മൂന്നു കാലുള്ള കോഴിയെ കാണാൻ എത്തുന്നതത്രെ. പലരും കോഴിക്കൊപ്പം നിന്ന് സെൽഫി എടുത്തതിനുശേഷം ആണ് കടയിൽ നിന്നും മടങ്ങുന്നതെന്നും ആലം പറയുന്നു
ബ്രോയിലർ ചിക്കൻ ബ്രീഡ് കോഴികളെ വളർത്തുന്നത് അവയുടെ മാംസത്തിന് വേണ്ടിയാണ്. വെറും 60 മുതൽ 70 ദിവസം കൊണ്ട് ഇവയ്ക്ക് സാധാരണയായി 2 കിലോഗ്രാം ഭാരമുണ്ടാകും. മൂന്നു കാലുള്ള കോഴിയെ തന്റെ കോഴിക്കൂട്ടത്തിനിടയിൽ അവിചാരിതമായാണ് താൻ കണ്ടെത്തിയതെന്നാണ് ആലം പറയുന്നത്.
മൊത്തവ്യാപാരികളിൽ സാധാരണയായി കോഴികളെ വാങ്ങുന്നതെന്നും ഏറ്റവും അവസാനമായി വാങ്ങിയപ്പോഴാണ് ഇത്തരത്തിൽ ഒരു അപൂർവമായ കോഴിയെ കണ്ടെത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു. വാങ്ങിയ കോഴികളുടെ തൂക്കം പരിശോധിക്കുന്നതിനിടയിലാണ് ഒരു കോഴിക്ക് മൂന്നു കാലുള്ളതായി ശ്രദ്ധയിൽപ്പെട്ടതത്രെ. ആദ്യ കാഴ്ചയിൽ സ്തംഭിച്ചു പോയെങ്കിലും പിന്നീട് താൻ അതിനെ വാങ്ങിക്കുകയായിരുന്നുവെന്നും ആലം പറഞ്ഞു.