193 രാജ്യങ്ങൾ സന്ദർശിച്ച് അധ്യാപിക, കുറഞ്ഞ ചെലവിൽ യാത്ര ചെയ്യാനുള്ള ടിപ്സ് ഇങ്ങനെ
വിയറ്റ്നാമീസ് അഭയാർത്ഥികളുടെ മകളായ ഹ്സു കുട്ടിക്കാലത്ത് അധികം യാത്ര ചെയ്തിരുന്നില്ല, 23 -ാം വയസ്സിലാണ് അവൾക്ക് പാസ്‌പോർട്ട് കിട്ടുന്നത്. ബിരുദാനന്തര ബിരുദം നേടുന്നതിന് മുമ്പ് തന്നെ ഒരുപാട് യാത്ര ചെയ്യണം എന്ന് അവൾ തീരുമാനിച്ചിരുന്നു.
ഒരു സാൻ ഫ്രാൻസിസ്കോ ബേ ഏരിയ സ്കൂളിലെ അധ്യാപികയാണ് ലൂസി ഹ്സു. കാലിഫോർണിയയിലെ സാൻ ജോസിൽ നിന്നുള്ള ഈ രണ്ടാം ക്ലാസ് അധ്യാപിക ഐക്യരാഷ്ട്രസഭയിലെ 193 അംഗരാജ്യങ്ങളും സന്ദർശിച്ച വ്യക്തി കൂടിയാണ്. എൻബിസി ബേ ഏരിയ റിപ്പോർട്ട് ചെയ്യുന്നത് അനുസരിച്ച്, 2023 മെയ് മാസത്തിൽ സിറിയ കൂടി സന്ദർശിച്ചാണ് അധ്യാപിക തന്റെ യാത്ര പൂർത്തിയാക്കിയിരിക്കുന്നത്.
"സിറിയ വീണ്ടും അമേരിക്കക്കാർക്ക് തുറന്നുകൊടുക്കുന്നതിന് വേണ്ടി ഒരുപാട് കാലം ഞാൻ കാത്തിരുന്നു" എന്നാണ് ഹ്സു പറയുന്നത്. യുണൈറ്റഡ് സ്റ്റേറ്റ്സ് ഡിപ്പാർട്ട്മെൻ്റ് ഓഫ് സ്റ്റേറ്റ് സിറിയയെ യാത്ര ചെയ്യാൻ പാടില്ലാത്ത സ്ഥലങ്ങളുടെ പട്ടികയിലാണ് ഉൾപ്പെടുത്തിയിരുന്നത്.
“ഞങ്ങൾ സിറിയയിൽ എത്തിയപ്പോൾ, എനിക്ക് ആവേശത്തോടൊപ്പം അൽപ്പം അതിശയോക്തിയും തോന്നിയിരുന്നു. യഥാർത്ഥത്തിൽ ഞാൻ സിറിയ സന്ദർശിച്ചു എന്നോ എന്റെ ലക്ഷ്യം പൂർത്തീകരിച്ചു എന്നോ എനിക്ക് വിശ്വസിക്കാൻ കഴിഞ്ഞിരുന്നില്ല. ‘ഓ, ഞാൻ എൻ്റെ ലക്ഷ്യത്തിലെത്തി’ എന്ന ശാന്തതയാണ് പിന്നെയെനിക്ക് അനുഭവപ്പെട്ടത്“ എന്നും ഹ്സു പറയുന്നു.
വിയറ്റ്നാമീസ് അഭയാർത്ഥികളുടെ മകളായ ഹ്സു കുട്ടിക്കാലത്ത് അധികം യാത്ര ചെയ്തിരുന്നില്ല, 23 -ാം വയസ്സിലാണ് അവൾക്ക് പാസ്‌പോർട്ട് കിട്ടുന്നത്. ബിരുദാനന്തര ബിരുദം നേടുന്നതിന് മുമ്പ് തന്നെ ഒരുപാട് യാത്ര ചെയ്യണം എന്ന് അവൾ തീരുമാനിച്ചിരുന്നു. പിന്നീട്, അവധിക്കാലം അവൾ യാത്രകൾക്കായി മാറ്റിവച്ചു.
ഹ്സു അന്താരാഷ്ട്ര തലത്തിൽ ട്രാവൽ നെറ്റ്‍വർക്കുകൾ കണ്ടെത്തുകയും, 100 രാജ്യങ്ങൾ സന്ദർശിക്കുക എന്ന ലക്ഷ്യത്തോടെ സെഞ്ച്വറി ക്ലബ്ബിൽ ചേരുകയും ചെയ്തു. അഫ്ഗാനിസ്ഥാൻ സന്ദർശിച്ചതോടെ, സുരക്ഷിതമായി അഫ്ഗാനിസ്ഥാനിൽ പോയി വന്നു, ഇനി എന്തുകൊണ്ട് ഇറാനിലും ഉത്തര കൊറിയയിലും പോയിക്കൂടാ എന്ന് ചിന്തിച്ചു എന്നും അവൾ പറയുന്നു.
കുറഞ്ഞ പണം ചെലവഴിച്ചാണ് അവളുടെ യാത്രകളത്രയും. താമസത്തിന് മിക്കവാറും ഹോസ്റ്റൽ മുറികളും മറ്റുമാണ് കണ്ടെത്തുന്നത്. ഭക്ഷണത്തിന്റെയും താമസത്തിന്റെയും പണത്തിന് പകരം ജോലികൾ ചെയ്യാനും താൻ തയ്യാറാവാറുണ്ട് എന്നും അവൾ പറയുന്നു. ഇത് കൂടാതെ വോളന്റിയർ പ്രോഗ്രാമുകളുടെ ഭാഗമായും അവൾ യാത്രകൾ ചെയ്യുന്നു.