കല്ല്യാണം കഴിക്കാനൊരു പെണ്ണിനെ വേണം, ഓട്ടോറിക്ഷാ ഡ്രൈവർ കണ്ടെത്തിയ വഴി വൈറൽ

തന്റെ മാതാപിതാക്കൾ എപ്പോഴും പ്രാർത്ഥനയും മറ്റുമായി തിരക്കിലാണ്, തനിക്ക് വേണ്ടി ഒരു പെണ്ണന്വേഷിക്കാൻ അവർക്ക് സമയമില്ല. അതിനാൽ, ഞാനായി അത് ചെയ്യുകയാണ് എന്നും ദീപേന്ദ്ര പറയുന്നു. 

bride wanted man put up biodata on his e rickshaw rlp

അനുയോജ്യരായ വധുവിനെയോ വരനെയോ കണ്ടെത്താൻ ഇന്ന് പല മാർ​ഗങ്ങളും ഉണ്ട്. പത്രത്തിൽ പരസ്യം കൊടുക്കുന്നത് വരെ ഇന്ന് ഔട്ട് ഓഫ് ഫാഷനായി മാറിക്കൊണ്ടിരിക്കുകയാണ്. പകരം, മാട്രിമോണിയൽ സൈറ്റ് വഴിയാണ് പലരും ഇന്ന് തങ്ങൾക്ക് യോജിക്കുന്ന പങ്കാളിയെ തിരയുന്നത്. ഏതായാലും, ഇതിനെയെല്ലാം കടത്തിവെട്ടുന്ന ഒരു പരസ്യമാണ് മധ്യപ്രദേശിൽ നിന്നുള്ള ഒരു യുവാവ് വധുവിനെ തിരയാൻ വേണ്ടി കണ്ടെത്തിയത്. 

ദാമോയിൽ നിന്നുള്ള ദീപേന്ദ്ര റാത്തോഡ് എന്ന 29 -കാരൻ തന്റെ ഇ റിക്ഷയിലാണ് തനിക്ക് യോജിച്ച ഒരു വധുവിനെ തേടിയുള്ള പരസ്യം പതിച്ചത്. അതിനായി റിക്ഷയിൽ തന്റെ ബയോഡാറ്റയടങ്ങിയ ഒരു വലിയ ബോർഡ് തന്നെ ഇയാൾ പതിക്കുകയും ചെയ്തു. വിവാഹം ചെയ്യാൻ യുവതികളെ കിട്ടാനില്ല, അതുകൊണ്ടാണ് ഇങ്ങനെ വ്യത്യസ്തമായ ഒരു മാ​ർ​ഗത്തിലൂടെ വധുവിനെ തിരയാൻ തീരുമാനിച്ചത് എന്നാണ് ദീപേന്ദ്ര പറയുന്നത്. ജാതിയും മതവുമൊന്നും തനിക്കൊരു പ്രശ്നമല്ല എന്നും യുവാവ് പറയുന്നു. 

നേരത്തെ ഇതുപോലെ പങ്കാളികളെ തിരയുന്ന ഒരു ​ഗ്രൂപ്പിൽ ദീപേന്ദ്ര വധുവിന് വേണ്ടി അന്വേഷണം നടത്തിയിരുന്നെങ്കിലും അത് സഹായിച്ചില്ല. പിന്നാലെയാണ് ഇങ്ങനെ ഒരു പരസ്യം നൽകാൻ ഇയാൾ തീരുമാനിക്കുന്നത്. ദാമോയ്‍ക്ക് പുറത്തുള്ള സ്ത്രീകളാണെങ്കിലും വിവാഹം ചെയ്യാൻ താൻ തയ്യാറാണ് എന്നും ഇയാൾ പറയുന്നു. ദീപേന്ദ്രയുടെ മൂത്ത സഹോദരനും സഹോദരിയും വിവാഹിതരാണ്. 

ദീപേന്ദ്ര തന്റെ ഇ റിക്ഷയിൽ പതിപ്പിച്ച ബയോഡാറ്റ ഇതോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായിക്കഴിഞ്ഞു. അതിൽ, ഇയാളുടെ ഉയരം, ജനനത്തീയതി, വിദ്യാഭ്യാസ യോ​ഗ്യത തുടങ്ങി സകലതും സൂചിപ്പിക്കുന്നുണ്ട്. ഒപ്പം ആളുടെ ഒരു ഫോട്ടോയും അതോടൊപ്പം കൊടുത്തിട്ടുണ്ട്. തന്റെ മാതാപിതാക്കൾ എപ്പോഴും പ്രാർത്ഥനയും മറ്റുമായി തിരക്കിലാണ്, തനിക്ക് വേണ്ടി ഒരു പെണ്ണന്വേഷിക്കാൻ അവർക്ക് സമയമില്ല. അതിനാൽ, ഞാനായി അത് ചെയ്യുകയാണ് എന്നും ദീപേന്ദ്ര പറയുന്നു. 

ഏതായാലും, എത്രയും പെട്ടെന്ന് യുവാവിന് അനുയോജ്യയായ ഒരു വധുവിനെ കണ്ടെത്താൻ സാധിക്കട്ടെ എന്ന് ആശംസിക്കുകയാണ് സോഷ്യൽ മീഡിയ. 

വായിക്കാം: ഒരുകോടി വരുമാനമുണ്ട്, പക്ഷെ കുട്ടികളേ വെണ്ടെന്ന് ദമ്പതികൾ, കാരണം ചിലവ് താങ്ങാനാവില്ല

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Latest Videos
Follow Us:
Download App:
  • android
  • ios