ഇതൊക്കെയാണ് മനുഷ്യർ; വജ്രലോക്കറ്റ്, ക്രെഡിറ്റ് കാർഡ് തുടങ്ങി സകലതുമുള്ളൊരു ബാ​ഗ്, തിരികെ ഏൽപ്പിച്ച് ഡ്രൈവര്‍

വജ്രത്തിന്റെ ലോക്കറ്റ് ഇട്ടിട്ടുള്ള സ്വർണ്ണച്ചെയിൻ, ആധാർ കാർഡ്, പാൻ കാർഡ്, ക്രെഡിറ്റ് കാർഡ് തുടങ്ങിയ രേഖകൾ എന്നിവയെല്ലാം അടങ്ങിയതായിരുന്നു ബാ​ഗ്. പിന്നീട് ബാ​ഗ് നഷ്ടപ്പെട്ടത് അറിഞ്ഞതോടെ സ്ത്രീ ആകെ ഭയന്നുപോയി.

auto driver returns lost bag with diamond pendant and important documents in Gurugram

നന്മ വറ്റാത്ത, സത്യസന്ധരായ മനുഷ്യരുള്ളതു കൊണ്ടാണ് ഈ ലോകം ജീവിക്കാൻ കൊള്ളാവുന്നതാവുന്നത് എന്ന് നാം എപ്പോഴും പറയാറുണ്ട്. അതുപോലെയുള്ള ഒരു ഓട്ടോ ​ഡ്രൈവറെ അഭിനന്ദിക്കു​കയാണ് ഇപ്പോൾ സോഷ്യൽ മീഡിയ. ഓട്ടോയിൽ ഒരു സ്ത്രീ മറന്നു വച്ചിട്ട് പോയ വജ്രത്തിന്റെ ഒരു ലോക്കറ്റടങ്ങുന്ന ബാ​ഗ് ഉടമയെ തിരികെ ഏല്പിക്കുകയാണ് ഡ്രൈവർ ചെയ്തത്. അതും ആ സ്ത്രീക്ക് വളരെ വൈകാരികമായി പ്രധാനപ്പെട്ടതായിരുന്നു ആ ലോക്കറ്റ്. 

ആരും ചെയ്യേണ്ടുന്ന ഒരു കാര്യമല്ലേ ഡ്രൈവറും ചെയ്തുള്ളൂ എന്ന് തോന്നാം. എന്നാൽ, ഇന്നത്തെ കാലത്ത് എത്രപേർ ഇങ്ങനെ സത്യസന്ധത കാണിക്കും എന്നതാണ് ചോദ്യം. ലിങ്ക്ഡ്ഇന്നിൽ ഈ പോസ്റ്റ് ഷെയർ ചെയ്തത് അർണവ് ദേശ്മുഖ് എന്ന യൂസറാണ്. അർണവിന്റെ സുഹൃത്താണ് ഈ സ്ത്രീ. ഫ്ലാറ്റ് മാറുന്ന തിരക്കുകളിലായിരുന്നു അവർ. ഉച്ചയ്ക്ക് ഒരു മണിയോടെയാണ് ഇവർ ഓട്ടോ പിടിച്ചത്. ലക്ഷ്യസ്ഥാനത്തെത്തിയതോടെ അവർ ഓട്ടോ ഇറങ്ങുകയും യുപിഐ വഴി ഓട്ടോക്കൂലി നൽകുകയും ചെയ്തു. എന്നാൽ, ബാ​ഗ് ഓട്ടോയിൽ മറന്നു വച്ചാണ് താൻ ഇറങ്ങിയിരിക്കുന്നത് എന്നത് സ്ത്രീ അറിഞ്ഞിരുന്നില്ല. 

മുത്തശ്ശിയിൽ നിന്നും അമ്മയിലേക്കും, അമ്മയിൽ ഇന്നും അവരിലേക്കും എത്തിച്ചേർന്ന ഒരു വജ്രത്തിന്റെ ലോക്കറ്റ് ഇട്ടിട്ടുള്ള സ്വർണ്ണച്ചെയിൻ, ആധാർ കാർഡ്, പാൻ കാർഡ്, ക്രെഡിറ്റ് കാർഡ് തുടങ്ങിയ രേഖകൾ എന്നിവയെല്ലാം അടങ്ങിയതായിരുന്നു ബാ​ഗ്. പിന്നീട് ബാ​ഗ് നഷ്ടപ്പെട്ടത് അറിഞ്ഞതോടെ സ്ത്രീ ആകെ ഭയന്നുപോയി. അവർ യുപിഐ വഴി പണമടച്ച നമ്പറിലേക്ക് മെസ്സേജ് അയച്ചു നോക്കിയെങ്കിലും പ്രതികരണമുണ്ടായില്ല. ഒടുവിൽ ആ ബാ​ഗ് നഷ്ടപ്പെട്ടു എന്ന് തന്നെ അവർ കരുതി. 

അങ്ങനെ അവർ പൊലീസിൽ ചെന്നു. പൊലീസുകാർ സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിക്കാൻ തയ്യാറായി. എന്നാൽ‌, അപ്പോഴേക്കും സ്ത്രീക്ക് അവരുടെ പ്രോപ്പർട്ടി മാനേജറിൽ നിന്നും ഒരു കോൾ ലഭിച്ചു. ഒരു ഓട്ടോ ഡ്രൈവർ ബാ​ഗുമായി അവരെ കാണാൻ എത്തി എന്നായിരുന്നു അയാൾ പറഞ്ഞത്. അത് നഷ്ടപ്പെട്ട ബാ​ഗായിരുന്നു. അത് സുരക്ഷിതമായി ഓട്ടോ ഡ്രൈവർ അവിടെ എത്തിച്ചിരുന്നു. 

മനിറുൽ ജമാൻ എന്നായിരുന്നു ഓട്ടോ ഡ്രൈവറുടെ പേര്. ലിങ്ക്ഡ്ഇന്നിൽ പോസ്റ്റ് വൈറലായതോടെ നിരവധിപ്പേരാണ് ഓട്ടോ ഡ്രൈവറെ അഭിനന്ദിച്ചു കൊണ്ട് എത്തിയിരിക്കുന്നത്. 

വായിക്കാം: 'മട്ടൺ മസാലയും തൈരും മാത്രമേ ചേർക്കാൻ ബാക്കിയുള്ളൂ'; 100 രൂപയുടെ ചായ വൈറൽ, കമന്റുകളുമായി നെറ്റിസൺസ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

Latest Videos
Follow Us:
Download App:
  • android
  • ios