34 മത്തെ വയസിൽ 3 വീടും ഒരു ക്യാറ്റ് കഫേയും; 'മിച്ചം പിടിച്ച്' പണം സമ്പാദിച്ച സാകിയുടെ ജീവിതം ഞെട്ടിക്കും
സാകിയുടെ ജീവിത കഥ അമ്പരപ്പിക്കുന്നതാണ്. 19 മത്തെ വയസില്‍ തുടങ്ങിയ സാമ്പത്തിക അച്ചടക്കം അവളെ 34 മത്തെ വയസില്‍ മൂന്ന് വീടുകളുടെയും ഒരു ക്യാറ്റ് കഫേയുടെയും ഉടമയാക്കി.
15 വർഷം കൊണ്ട് സ്വന്തമായി മൂന്ന് വീടുകൾ വാങ്ങുകയും ഒരു ബിസിനസ് സംരംഭം ആരംഭിക്കുകയും ചെയ്ത യുവതിയെ രാജ്യത്തെ ഏറ്റവും മിതവ്യയമുള്ള പെൺകുട്ടി എന്ന് വിശേഷിപ്പിച്ച് ജപ്പാൻ മാധ്യമങ്ങൾ. സാകി തമോഗാമി എന്ന 37കാരിയാണ് ഇത്തരത്തിൽ ഒരു വിശേഷണം ലഭിച്ചിരിക്കുന്നത്. ചെലവ് ചുരുക്കിയുള്ള ജീവിത രീതിയാണ് ചെറിയ പ്രായത്തിൽ തന്നെ വലിയ സാമ്പത്തിക നേട്ടങ്ങൾ സ്വന്തമാക്കാൻ സാകിയെ സഹായിച്ചത്. അനാവശ്യമായി ഒരു രൂപ പോലും ചെലവഴിക്കാൻ ഇഷ്ടപ്പെടാത്ത സാകി തനിക്ക് ആവശ്യമുള്ള കാര്യങ്ങൾക്ക് പോലും വളരെ സൂക്ഷിച്ചാണ് പണം ചെലവഴിക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഒരു ദിവസത്തെ ഭക്ഷണത്തിനായി വെറും 1.4 ഡോളർ മാത്രമാണ് ഈ യുവതി ചെലവഴിക്കുന്നത്. അതായത് വെറും 110 ഇന്ത്യൻ രൂപ മാത്രമെന്ന് സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു.
വളരെ ചെറുപ്പം മുതൽ തന്നെ സാമ്പത്തിക അച്ചടക്കമുള്ള ഒരു ജീവിതമായിരുന്നു സാകി പിന്തുടർന്നത്. 19 വയസ്സുള്ളപ്പോൾ അവളുടെ ലക്ഷ്യം 34 വയസ്സ് ആകുമ്പോഴേക്കും മൂന്ന് വീടുകൾ സ്വന്തമാക്കുക എന്നതായിരുന്നു. തന്‍റെ സമ്പാദ്യം വർദ്ധിക്കുന്നത് കാണുന്നതിൽ സന്തോഷമുണ്ടെന്നും പണം ലാഭിക്കുന്നതിൽ താൻ ആശ്വാസവും സുരക്ഷിതത്വവും കണ്ടെത്തുന്നെന്നും സാകി പറയുന്നു.
യൂണിവേഴ്സിറ്റി ബിരുദം നേടിയ ശേഷം ഒരു പ്രോപ്പർട്ടി ഏജന്‍റായാണ് സാകി ജോലി ചെയ്തിരുന്നത്. തനിക്ക് ലഭിക്കുന്ന ശമ്പളത്തിൽ പകുതിയിലധികവും സൂക്ഷിക്കാന്‍ ആഗ്രഹിച്ചിരുന്ന അവൾ ചെലവ് കുറയ്ക്കുന്നതിനായി പല വഴികൾ തേടി. അതിൽ ഏറ്റവും പ്രധാനം ഭക്ഷണ ചെലവ് കഴിവതും കുറയ്ക്കുകയെന്നതായിരുന്നു. അതിനായി കടകളിൽ നിന്നും ഓഫർ നിരക്കിൽ കിട്ടുന്ന സാധനങ്ങൾ മാത്രം വാങ്ങി ഉപയോഗിച്ചു. ഭക്ഷണം ഒരിക്കൽ പോലും പുറത്ത് നിന്ന് കഴിച്ചില്ല. എല്ലാ ദിവസവും എല്ലാ നേരവും വീട്ടിലുണ്ടാക്കിയ ഭക്ഷണം മാത്രം കഴിച്ചു. എന്തിനേറെ പറയുന്നു പണം ലാഭിക്കാൻ ഭക്ഷണം വിളമ്പി കഴിക്കാനുള്ള പാത്രങ്ങൾ പോലും അവൾ വാങ്ങിയില്ല. പകരം ഏത് പാത്രത്തിലാണോ ഉണ്ടാക്കുന്നത് ആ പാത്രത്തിൽ നിന്ന് തന്നെ കഴിച്ചു.
'എടാ കൊരങ്ങാ...'; മർമോസെറ്റ് കുരങ്ങുകള്‍ പരസ്പരം പേരുകൾ വിളിച്ച് ആശയവിനിമയം നടത്തുന്നെന്ന് പഠനം
ഒരിക്കൽ പോലും പുതിയ വസ്ത്രങ്ങൾ സാകി വാങ്ങിയിരുന്നില്ല. ബന്ധുക്കളിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും അവര്‍ ഉപേക്ഷിക്കുന്ന എന്നാല്‍ തനിക്ക് ചേരുന്ന വസ്ത്രങ്ങൾ ശേഖരിച്ച് അവ മാത്രം ഉപയോഗിച്ചു. മാലിന്യ കൂമ്പാരങ്ങളില്‍ നിന്നും വീട്ടിലേക്ക് ആവശ്യമുള്ള ഉപകരണങ്ങള്‍ അവള്‍ കണ്ടെത്തി. സൗന്ദര്യവർദ്ധക വസ്തുക്കൾക്കായി ഒരുതവണ പോലും പണം ചെലവഴിച്ചില്ല. പലപ്പോഴും മുടി നീട്ടി വളർത്തുകയും പിന്നീട് അത് മറിച്ച് വിറ്റ് കിട്ടുന്ന പണം സൂക്ഷിക്കുകയും ചെയ്തു. അങ്ങനെ ഇരുപത്തിയേഴാം വയസ്സിൽ ടോക്കിയോയിലെ കാന്‍റോ മേഖലയിലെ സൈതാമയിൽ 10 ദശലക്ഷം യെൻ (US$69,000) നൽകി തന്‍റെ ആദ്യ വീട് സാകി സ്വന്തമാക്കി. ആ വീട് വാടകയ്ക്ക് നൽകിയ സാകി തന്‍റെ സമ്പാദ്യം വർദ്ധിപ്പിച്ചു. രണ്ട് വർഷത്തിന് ശേഷം 18 ദശലക്ഷം യെനിന് അവള്‍ തന്‍റെ രണ്ടാമത്തെ വീടും വാങ്ങി. 2019-ൽ, 37 ദശലക്ഷം യെന്നിന് സാകി മൂന്നാമത്തെ വീടും സ്വന്തമാക്കി.
ചെറുപ്പം മുതൽ തന്നെ പൂച്ചകളോട് അതിയായ സ്നേഹം ഉണ്ടായിരുന്ന സാകിയുടെ അടുത്ത വലിയ സ്വപ്നം തെരുവിൽ അലയുന്ന പൂച്ചകളെ ദത്തെടുത്ത് പാർപ്പിക്കാൻ സ്വന്തമായി ഒരു ഇടം എന്നതായിരുന്നു. തൻറെ ആ സ്വപ്നവും അവൾ സാക്ഷാത്കരിച്ചു. മൂന്നാമത്തെ വീടിന്‍റെ താഴത്തെ നിലയിൽ 'കഫേ യുവനാഗി' എന്ന പേരിൽ ഒരു 'ക്യാറ്റ് കഫേ' തുറന്നു. ഈ കഫയിൽ നിന്ന് ലഭിക്കുന്ന വരുമാനവും മറ്റും മൃഗങ്ങളുടെ സംരക്ഷണത്തിനായാണ് സാകി തമോഗാമി ഉപയോഗിക്കുന്നത്. ഇപ്പോഴും മിതവ്യയം ജീവിതത്തിന്‍റെ ഭാഗമായി തുടരുന്ന സാകിയുടെ മുന്നോട്ടുള്ള ലക്ഷ്യങ്ങളിലും പ്രഥമ പരിഗണന മൃഗപരിപാലനത്തിന് തന്നെ.
പിണങ്ങിപ്പോയ മകളെ വീട്ടിലേക്ക് തിരികെ കൊണ്ടുവരാന്‍ 'ടെഡി ബിയറി'ന്‍റെ വേഷമിട്ട് അച്ഛന്‍