ഭക്ഷണം കഴിക്കാൻ വരുന്നവരെ ചീത്തവിളിക്കും, അപവാദം പറയും, ചെരിപ്പുകൊണ്ട് തല്ലും; ജപ്പാനിലെ ഒരു വേറിട്ട കഫെ
ഭക്ഷണം ഓർഡർ ചെയ്താലും അത് കൊണ്ടുവന്ന് തരാതെ അധിക്ഷേപം തുടരും. ഓർഡർ ചെയ്ത ഭക്ഷണം ലഭിച്ചാലും അത് കഴിക്കാൻ അനുവദിക്കാതെ വെയിറ്റർമാർ പരിഹസിച്ചു കൊണ്ടേയിരിക്കും.
സോഷ്യൽ മീഡിയയിൽ ഹിറ്റായിരിക്കുകയാണ് ഉപഭോക്താക്കളെ അപമാനിക്കുന്ന ജപ്പാനിലെ ഒരു പോപ്പ്-അപ്പ് കഫെ. ജാപ്പനീസ് നിർമ്മാതാവും സോഷ്യൽ മീഡിയ താരവുമായി നോബുയുകി സകുമയുടെ മോശം ഭാഷ പറയുന്ന ഓൺലൈൻ ഷോകളുടെ ആരാധകർക്കുള്ള പ്രത്യേക ട്രീറ്റായാണ് സെപ്തംബർ 14 മുതൽ 23 വരെ ടോക്കിയോയിൽ ഈ ഭക്ഷണശാല തുറന്നത്. ഭക്ഷണശാലയിൽ വരുന്നവരിൽ വാക്കാൽ തുടർച്ചയായി അധിക്ഷേപം കേൾക്കുമ്പോഴും അതിനെ ചിരിച്ചുകൊണ്ട് നേരിടുന്നവരെ വിജയികളായി പ്രഖ്യാപിക്കുന്ന തരത്തിലായിരുന്നു ഈ കഫെ ഒരുക്കിയിരുന്നത്.
ഭംഗിയുള്ള പിങ്ക് ആപ്രോൺ മുതൽ മിഷേലിൻ ഷെഫ് ഷുഹെയ് സവാദയുടെ മേൽനോട്ടത്തിൽ തയ്യാറാക്കിയ ഭക്ഷണം വരെ അനവധി കാര്യങ്ങൾ വാഗ്ദ്ധാനം ചെയ്യുന്ന ഈ കഫെ ആദ്യ കാഴ്ചയിൽ ഒരു സാധാരണ ജാപ്പനീസ് റെസ്റ്റോറൻ്റാണെന്ന് മാത്രമേ തോന്നുകയുള്ളൂ. എന്നാൽ, റെസ്റ്റോറന്റിൽ കയറി അല്പസമയം കഴിഞ്ഞാൽ ജീവനക്കാർ ഉപഭോക്താക്കളെ ശകാരിക്കാൻ തുടങ്ങും. മോശമായ വാക്കുകൾ ഉപയോഗിച്ച് പരിഹസിക്കുകയും അധിക്ഷേപിക്കുകയും ചെയ്യും.
ഭക്ഷണം ഓർഡർ ചെയ്താലും അത് കൊണ്ടുവന്ന് തരാതെ അധിക്ഷേപം തുടരും. ഓർഡർ ചെയ്ത ഭക്ഷണം ലഭിച്ചാലും അത് കഴിക്കാൻ അനുവദിക്കാതെ വെയിറ്റർമാർ പരിഹസിച്ചു കൊണ്ടേയിരിക്കും. കഫേയിൽ ഒരേ സമയം ഉപഭോക്താക്കൾക്ക് സേവനം നൽകുന്ന പത്തോളം പരിചാരകമാരാണ് ഉള്ളത്. ഇവർ ചിലപ്പോൾ ഒറ്റയ്ക്കും കൂട്ടമായും ഉപഭോക്താക്കളെ അധിക്ഷേപിച്ചു കൊണ്ടേയിരിക്കും.
ഓരോ ഉപഭോക്താവിനും ഒരു മണിക്കൂർ മാത്രമേ അധിക്ഷേപിക്കുന്ന സേവനം ആസ്വദിക്കാൻ കഴിയൂ, കൂടാതെ മുൻകൂട്ടി ബുക്ക് ചെയ്യുകയും വേണം. പണമടച്ചുള്ള വിഐപി സേവനവും ഇവർ വാഗ്ദാനം ചെയ്യുന്നുണ്ട്. അതിൽ ചെരിപ്പുകൊണ്ടുള്ള തല്ല് വരെ പെടുന്നു.