കടയിൽ ആളുകൂടി, തിരക്ക് ഒഴിവാക്കാൻ പരിസരത്ത് തീയിട്ട് യുവാവ്, ജയിൽ ശിക്ഷ, തീരുമ്പോൾ നല്ലനടപ്പും
തീയിട്ടതിന് പിന്നാലെ അഗ്നിബാധ ചിത്രങ്ങൾ ഇയാൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചിരുന്നു. ഔട്ട്ലെറ്റിലെ മാനേജർ ട്രെയിനി ആയിരുന്നു യുവാവ്
സാവന്ന: കടയിലെ ആൾതിരക്ക് കൂടിയതോടെ കടയ്ക്ക് സമീപത്ത് തീയിട്ട ജീവനക്കാരന് അഞ്ച് വർഷം തടവ് ശിക്ഷ. ജോർജിയയിലെ സാവന്നയിലെ മക്ഡൊണാൾഡ് ഔട്ട്ലെറ്റിലാണ് ആൾതിരക്ക് കുറയ്ക്കാൻ ജീവനക്കാരൻ കൈവിട്ട കളി നടത്തിയത്. ഔട്ട്ലെറ്റിലെ ജീവനക്കാരനായിരുന്ന ഇയാൾ കടയുടെ സമീപത്തെ ചവറ് കൂനയ്ക്കാണ് തീയിട്ടത്. പൊതുജനത്തിന്റെ ജീവന് ഭീഷണി സൃഷ്ടിച്ചതിനും മനപൂർവ്വം തീയിട്ടതിനുമാണ് യുവാവിന് കോടതി ശിക്ഷ വിധിച്ചത്.
ജോഷ്വാ ഡാറിൽ മക്ഗ്രിഗോർ എന്ന 34കാരനാണ് ജയിൽ ശിക്ഷ ലഭിച്ചത്. 2023 ഏപ്രിലിലായിരുന്നു സംഭവം. മോണ്ട്ഗോമെറി അവന്യൂവിലുള്ള മക്ഡൊണാൾഡ് ഔട്ട്ലെറ്റിൽ സദാസമയം വൻ തിരക്ക് അനുഭവപ്പെട്ടതിൽ പ്രകോപിതനായാണ് ഈ ഔട്ട്ലെറ്റിലെ ജീവനക്കാരനായ ജോഷ്വയുടെ കടുംകൈ. മറ്റൊരാളുടെ വസ്തുവകയ്ക്ക് തീ വച്ച് നശിപ്പിക്കുന്നത് ഇളവ് നൽകാനാവാത്ത കുറ്റകരമാണെന്ന് വ്യക്തമാക്കിയാണ് കോടതിയുടെ നടപടി. തടവ് കാലം കഴിഞ്ഞ ശേഷം നല്ലനടപ്പിനുള്ള പരിശീലനവും യുവാവിന് നൽകണമെന്നാണ് കോടതി വ്യക്തമാക്കിയിരിക്കുന്നത്.
തീയിട്ടതിന് പിന്നാലെ അഗ്നിബാധ ചിത്രങ്ങൾ ഇയാൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചിരുന്നു. ഔട്ട്ലെറ്റിലെ മാനേജർ ട്രെയിനി ആയിരുന്നു ജോഷ്വാ. പാർക്കിംഗിന് സമീപത്ത് തീ പടർന്നതോടെ പെട്ടന്ന് തന്നെ ഔട്ട്ലെറ്റിൽ നിന്ന് ആളൊഴിഞ്ഞിരുന്നു. പിന്നാലെ പ്രമുഖ ഭക്ഷണ ശൃംഖല അടച്ച് പൂട്ടുകയും ചെയ്തിരുന്നു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിലാണ് തീയിട്ടത് ജോഷ്വാ ആണെന്ന് വ്യക്തമായത്. ബോധപൂർവ്വം തീയിടുന്നത് ഗുരുതര കുറ്റകൃത്യമാണെന്ന് കോടതി വിശദമാക്കി. ജയിൽ ശിക്ഷ കഴിഞ്ഞാലും മൂന്ന് വർഷ കാലം ഇയാൾക്ക് നല്ല നടപ്പ് വിധിച്ചിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം