പൂച്ചയെ തിരഞ്ഞ് പോയ 3 വയസുകാരൻ പെട്ട് പോയത് കൂറ്റൻ പാടത്ത്, പാതിരാത്രിയിൽ രക്ഷകനായി ഡ്രോൺ
വീട്ടിലെ സിസിടിവി ദൃശ്യങ്ങളിൽ നിന്ന് കുട്ടി പൂച്ചയ്ക്ക് പിന്നാലെ ഓടുന്ന ദൃശ്യങ്ങൾ ലഭിച്ചതാണ് അന്വേഷണത്തിൽ നിർണായകമായത്
വിസ്കോൺസിൻ: പൂച്ചയെ പിടിക്കാൻ ശ്രമിക്കുന്നതിനിടെ 3 വയസുകാരനെ കാണാതായിട്ട് മണിക്കൂറുകൾ. ഒടുവിൽ ഏക്കറുകളോളം വിശാലമായ ചോള പാടത്ത് നിന്ന് ഡ്രോൺ ഉപയോഗിച്ച് കുട്ടിയെ കണ്ടെത്തി പൊലീസ്. അമേരിക്കയിലെ വിസ്കോൺസിനിൽ ഞായറാഴ്ചയാണ് 3 വയസുകാരനെ കാണാതായത്. വീടിന് പുറത്ത് കളിച്ചുകൊണ്ടിരുന്ന മകനെ വളരെ നേരമായിട്ടും കാണാതയതിന് പിന്നാലെയാണ് വീട്ടുകാർ പൊലീസ് സഹായം തേടിയത്.
വീട്ടിലെ സിസിടിവി ദൃശ്യങ്ങളിൽ നിന്ന് കുട്ടി പൂച്ചയ്ക്ക് പിന്നാലെ ഓടുന്ന ദൃശ്യങ്ങൾ ലഭിച്ചതാണ് അന്വേഷണത്തിൽ നിർണായകമായത്. എന്നാൽ വീടിന് സമീപത്തുള്ള ഏക്കറോളം വിശാലമായ ചോള പാടത്ത് എവിടെ നിന്ന് മകനെ കണ്ടെത്തുമെന്ന ആശങ്കയും രാത്രിയായതും രക്ഷിതാക്കളേയും ആശങ്കയിലാക്കുകയായിരുന്നു. മേഖലയിൽ വന്യജീവികളുടെ ശല്യമുള്ളതും തെരച്ചിലിനിടെ ആശങ്കയ്ക്ക് കാരണമായിരുന്നു.
ഇതോടെയാണ് പൊലീസ് ഡ്രോൺ സഹായം തേടിയത്. ആറടിയിലേറെ ഉയരമുള്ള ചോളങ്ങൾ നിറഞ്ഞ പാടത്ത് ഇരുട്ടിൽ അന്വേഷണം വഴിമുട്ടുമെന്ന് തോന്നിയ ഘട്ടത്തിലായിരുന്നു ഇത്. സ്വകാര്യ ഡ്രോൺ പൈലറ്റിന് ആവശ്യമായ സൌകര്യങ്ങൾ ഒട്ടും വൈകാതെ തന്നെ ഒരുക്കിയതിന് പിന്നാലെയാണ് വീട്ടിൽ നിന്ന് ഒന്നര കിലോമീറ്ററിലേറെ ദൂരെയായി കുട്ടിയെ ഡ്രോൺ കണ്ടെത്തുകയായിരുന്നു. പിന്നാലെ കുട്ടിയെ കണ്ടെത്തിയ പരിസരം മാത്രം അരിച്ച് പെറുക്കിയ പൊലീസ് കുട്ടിയെ കണ്ടെത്തുകയായിരുന്നു. വീട്ടിലേക്ക് മടങ്ങാൻ വഴി കണ്ടെത്താനാവാതെ ഭയന്ന നിലയിലായിരുന്നു കുട്ടിയെന്നും ശാരീരികമായി മറ്റ് പരിക്കുകൾ ഇല്ലെന്നുമാണ് പൊലീസ് വിശദമാക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം